Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അജഗണങ്ങള്‍ സാക്ഷി; മാര്‍ ജോയി ആലപ്പാട്ട്‌ അഭിഷിക്തനായി

Picture

ഷിക്കാഗോ: ദൈവം നല്‍കിയ ഇടയനുവേണ്ടി പ്രാര്‍ത്ഥനയും ദൈവസ്‌തുതിയുമായി ഒത്തുചേര്‍ന്ന മൂവായിരത്തോളം വിശ്വാസികളെ ദൈവാനുഭവത്തിലേക്കും, ഹൃദയം തുളുമ്പുന്ന സന്തോഷത്തിലേക്കും നയിച്ച ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മാര്‍ ജോയി ആലപ്പാട്ട്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രനായി ഇടയദൗത്യം ഏറ്റെടുത്തു.

സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ മുമ്പുതന്നെ ഷിക്കാഗോ കത്തീഡ്രല്‍ ദേവാലയം വിശ്വാസികളെക്കൊണ്ട്‌ നിറഞ്ഞു കവിഞ്ഞു. സാര്‍വത്രിക സഭയിലെ വ്യത്യസ്‌ത സഭകളിലെ പ്രതിനിധികള്‍ അടക്കം 14 സഭാ മേലക്ഷ്യന്മാരും 110 -ലധികം വൈദീകരും തിരുവസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ നിയുക്ത മെത്രാപ്പോലീത്തയോടൊപ്പം പ്രദക്ഷിണമായി കത്തീഡ്രല്‍ ദേവാലയത്തിലേക്കു കടന്നുവന്നപ്പോള്‍ വിശ്വാസികള്‍ ആദരവോടെ എതിരേറ്റു. സീറോ മലബാര്‍ സഭയുടെ തലവനും, പിതാവുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികന്‍ ആയപ്പോള്‍ ഇരിഞ്ഞാലക്കുട ബിഷപ്പ്‌ മാര്‍ പോളി കണ്ണൂക്കാടന്‍, ചിക്കാഗോ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ എന്നിവര്‍ സഹകാര്‍മികരായി.

ഇടയനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഗാനം ഗായകസംഘം ആലപിച്ചപ്പോള്‍ ഭക്തിനിര്‍ഭരമായ മെത്രാഭിഷേക കര്‍മ്മങ്ങള്‍ ആരംഭിച്ചു.

`അസതോമ സത്‌ഗമയ
തമസോമാ ജ്യോതിര്‍ഗമ...'

എന്ന ഗാനം ഗായകസംഘം ആലപിച്ചപ്പോള്‍ ദീപം തെളിയിക്കപ്പെട്ടു. തുടര്‍ന്ന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ മാര്‍ ജോയി ആലപ്പാട്ടിനെ ചിക്കാഗോ രൂപതയുടെ സഹായ മെത്രനായി പരിശുദ്ധ പിതാവ്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ നിയമിച്ചുകൊണ്ടുള്ള നിയമനപത്രം വായിച്ചു. മെത്രാഭിഷേക കര്‍മ്മങ്ങളുടെ വിവരണം ഫാ. വിനോദ്‌ മഠത്തിപ്പറമ്പിലും, ഫാ. സജി പിണര്‍കയിലും നിര്‍വഹിക്കുകയുണ്ടായി. ശുശ്രൂഷകളുടെ ആര്‍ച്ച്‌ ഡീക്കന്‍ ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്‌ ആയിരുന്നു. തുടര്‍ന്ന്‌ നിയുക്ത മെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ്‌ വന്ദിച്ച്‌ മൗനമായി പ്രാര്‍ത്ഥിച്ചു. അതിനുശേഷം മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുന്നില്‍ മുട്ടുകുത്തി നിന്ന്‌ വിശ്വാസ പ്രഖ്യാപനവും, വിധേയത്വ പ്രതിജ്ഞയും ചെയ്‌തു. `കര്‍ത്താവിന്റെ കാരുണ്യം ഞാന്‍ പ്രകീര്‍ത്തിക്കും. അവിടുത്തെ വിശ്വസ്‌തത ഞാന്‍ പ്രസംഗിക്കും' എന്ന സങ്കീര്‍ത്തനഭാഗം സമൂഹം ചൊല്ലി. അഭിവന്ദ്യ പിതാക്കന്മാര്‍ നിയുക്ത മെത്രാന്റെ ശിരസില്‍ വലതുകൈ വെച്ച്‌ കൈവെയ്‌പ്‌ ശുശ്രൂഷകള്‍ നടത്തുകയും, ചുമലില്‍ സുവിശേഷ ഗ്രന്ഥം വെയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ `അങ്ങേയ്‌ക്ക്‌ ഏല്‍പിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ നിഷ്‌കളങ്കതയോടെ സകല ദൈവഭയത്തിലും , വിശുദ്ധിയിലും മേയിക്കുവാന്‍ നമ്മുടെ കര്‍ത്താവ്‌ അങ്ങയെ സ്വര്‍ഗ്ഗീയ മഹത്വത്തിന്റെ കിരീടം അണിയിക്കട്ടെ' എന്ന പ്രാര്‍ത്ഥനയോടെ സ്ഥാനചിഹ്നമായ തൊപ്പിയും, നമ്മുടെ കര്‍ത്താവായ ദൈവം സെഹിയോനില്‍ നിന്ന്‌ അയച്ച ശക്തിയുടെ ദണ്‌ഡായ ഈശോ മിശിഹാ അങ്ങയേയും അങ്ങ്‌ മേയിക്കാനിരിക്കുന്നവരേയും നയിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ അംശവടിയും നല്‍കി. അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി തന്റെ സന്ദേശത്തില്‍ ഷിക്കാഗോ രൂപതയുടെ നേട്ടങ്ങളെ പ്രശംസിക്കുകയും നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്‌ എല്ലാ മംഗളങ്ങളും നേരുകയും ചെയ്‌തു. ഒരു സമൂഹമായി വിശ്വാസത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

കഴിഞ്ഞ ഇരുപത്‌ വര്‍ഷത്തോളം പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ ഇരിഞ്ഞാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകാംഗമാണ്‌. 1981 ഡിസംബര്‍ 31-ന്‌ മാര്‍ ജയിംസ്‌ പഴയാറ്റില്‍ നിന്ന്‌ പട്ടം സ്വീകരിച്ച പിതാവ്‌ വൈദീകനായിട്ട്‌ 33 വര്‍ഷമായി. പിതാവ്‌ 27 വര്‍ഷം മുമ്പും, മാതാവ്‌ ഒരുവര്‍ഷം മുമ്പും നിര്യാതരായി. അദ്ദേഹത്തിന്‌ രണ്ട്‌ സഹോദരന്മാരും രണ്ട്‌ സഹോദരിമാരുമുണ്ട്‌. സഹോദരി സിസ്റ്റര്‍ കോല്ലാട്ട്‌ ഉപവി സന്യാസ സഭാഗംമാണ്‌. റോമില്‍ സേവനം അനുഷ്‌ഠിക്കുന്നു. 'ദൈവമേ നിന്റെ ആത്മാക്കള്‍ക്കുവേണ്ടി സന്തോഷത്തോടെ' എന്ന ആപ്‌തവാക്യമാണ്‌ മാര്‍ ജോയി ആലപ്പാട്ട്‌ സ്വീകരിച്ചത്‌. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം പരിപൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചെയ്യുവാനുള്ള ദൈവകൃപയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഈ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോയും, ഇതില്‍ പങ്കെടുത്ത എല്ലാ വിശ്വാസികളോടും, തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാരോടും, വൈദീകരോടും, കന്യാസ്‌ത്രീകളോടും, കുടുംബാംഗങ്ങളോടും തനിക്കുള്ള അകൈതവമായ നന്ദി അദ്ദേഹം രേഖപ്പെടുത്തി. ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച വികാരി ജനറാളും കത്തീഡ്രല്‍ പള്ളിയുടെ പുതിയ വികാരിയുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിനേയും, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ ചാമക്കാലയേയും അദ്ദേഹം അനുമോദിച്ചു. എല്ലാ കാര്യങ്ങളിലും ഒരു സഹോദരനെ പോലെ കഴിഞ്ഞ രണ്ടുവര്‍ഷം തന്നോടൊത്ത്‌ ജോലി ചെയ്‌ത അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലിനേയും അദ്ദേഹം സ്‌നഹപൂവ്വം അനുസ്‌മരിച്ചു.

ഭാരതത്തിനുപുറത്ത്‌ ആദ്യമായി ലഭിച്ച രൂപതയാണ്‌ ചിക്കാഗോ സീറോ മലബാര്‍ രൂപത. രണ്ട്‌ ഇടവകകളുമായി പ്രവര്‍ത്തനം ആരംഭിച്ച രൂപത 13 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ 36 ഇടവകകളും, 34 മിഷനുകളും, 57 വൈദീകരും, ഒരു ലക്ഷത്തോളം വിശ്വാസികളുമായി വളര്‍ന്നു. ഭൂവിസ്‌തൃതിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രൂപതകളില്‍ ഒന്നായ ചിക്കാഗോ രൂപതയ്‌ക്ക്‌ ഒരു ഇടയനെക്കൂടി ലഭിച്ചതിലൂടെ സഭാ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കപ്പെടുകയാണ്‌. യു.എസ്‌.എയും, കാനഡയും ഉള്‍പ്പെടുന്ന അതിവിശാലമായ ഭൂപ്രദേശമത്തുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ പരിപാലനമാണ്‌ ചിക്കാഗോ രൂപതയ്‌ക്ക്‌ നല്‍കപ്പെട്ടിരിക്കുന്നത്‌. മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ 13 വര്‍ഷം കൊണ്ട്‌ അത്ഭുതകരമായ വളര്‍ച്ച നേടിയ രൂപത്‌യ്‌ക്ക്‌ ഇത്‌ ആനന്ദത്തിന്റെ നിമിഷമാണ്‌.

മൂവായിരം പേര്‍ക്ക്‌ സൗകര്യപൂര്‍വ്വം ഭക്തികര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കായി ഷാലോം ടിവി, കേരളാ വോയ്‌സ്‌, പ്രവാസി ലൈവ്‌ എന്നീ വെബ്‌സൈറ്റുകളും തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു. ബെല്‍വുഡ്‌ മേയര്‍, പോലീസ്‌ ചീഫ്‌ എന്നിവരുടെ എല്ലാ പിന്തുണയും ലഭിച്ചിരുന്നു. അല്‍ഫോന്‍സാ ഹാളിലും, ബേസ്‌മെന്റിലും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

തിരുകര്‍മ്മങ്ങള്‍ക്കുശേഷം ഉച്ചയ്‌ക്ക്‌ രണ്ടു മണിക്കുതന്നെ പാരീഷ്‌ ഹാളില്‍ പൊതുയോഗം ചേര്‍ന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും, അഭിവന്ദ്യ പിതാക്കന്മാരും, മറ്റ്‌ പ്രതിനിധികളും മാര്‍ ജോയി ആലപ്പാട്ടിന്‌ അനുമോദനങ്ങളും അഭിവാദനങ്ങളും നേര്‍ന്നു. പൊതുയോഗത്തില്‍ ബീന വള്ളിക്കളം എം.സിയായിരുന്നു. ജനറള്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ ചാമക്കാല സ്വാഗതവും, പാരീഷ്‌ കൗണ്‍സില്‍ ട്രസ്റ്റി ജോണ്‍ കൂള കൃതജ്ഞതയും രേഖപ്പെടുത്തി.

ആലപ്പാട്ട്‌ പിതാവിന്റെ തൂലികയില്‍ നിന്നുയരെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി സീറോ മലബാറിലെ കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറോളം പേര്‍ ഒരുക്കിയ ദൃശ്യാവിഷ്‌കാരം ഭക്തിനിര്‍ഭരവും നയനാന്ദകരവുമായിരുന്നു. പിതാവിന്റെ ജീവിതവഴികളെ അടിസ്ഥാനമാക്കി തയാറാക്കിയ ഒരു ഡോക്യുമെന്ററിയും മനോഹരമായി സ്റ്റേജില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്ക്‌ ഗാര്‍ഫീല്‍ഡ്‌ ഇടവകാംഗങ്ങള്‍ അവരുടെ പ്രിയപ്പെട്ട വികാരിയായിരുന്ന ജോയി അച്ചനെ അനുസ്‌മരിച്ച്‌ സ്‌കിറ്റും ഡോക്യുമെന്ററിയും അവതരിപ്പിച്ചു. ചിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ച്‌, എസ്‌.എം.സി.സി. ചിക്കാഗോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പ്രശംസാ ഫലകങ്ങള്‍ നല്‍കി പിതാവിനെ അനുമോദിച്ചു. ആന്‍ഡ്രൂസ്‌ തോമസിന്റെ നേതൃത്വത്തില്‍ ചിക്കാഗോ ഡയോസിസ്‌ സെമിനാരി ഫണ്ടിലേക്ക്‌ ഏകദേശം 400,000 ഡോളര്‍ സമാഹരിക്കുകയും ആയതിലേക്ക്‌ സഹകരിച്ചവരെ സ്റ്റേജില്‍ അനുമോദിക്കുകയും ചെയ്‌തു.

റോയ്‌ വരകില്‍പറമ്പില്‍ അറിയിച്ചതാണിത്‌.

Picture2

Picture3

Picture



Comments


Opinion
by Alice Anchery, Orlando. on 2014-09-30 10:58:06 am
It was a very well organized program . Congrats to all parishners in Chicago St . Thomas Syro Malabar church,


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code