Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭാരവാഹികളില്ലാത്ത ഒരു സംഘടന! ഹെന്റമ്മോ!   - രാജു മൈലപ്ര

Picture

അങ്ങിനെ അവസാനം ആ അത്ഭുതവും സംഭവിച്ചു. ഭാരവാഹികളില്ലാതെ ഒരു സംഘടന. സാധാരണ ഭാരവാഹിത്വത്തിന്റെ പേരിലാണല്ലോ സംഘടനകള്‍ അടിച്ചുപിരിയുന്നത്. ഉദാഹരണത്തിന് ഫൊക്കാന പിളര്‍ന്നാണ് ഫോമയുണ്ടായത്. രണ്ടു കൂട്ടരുടേയും ആശയങ്ങളും ലക്ഷ്യങ്ങളും ഒന്നാണ്. പാവങ്ങളെ സഹായിക്കാതെ ഇതിന്റെ നേതാക്കന്മാര്‍ക്ക് ഉറക്കം വരില്ല. ഫൊക്കാനാ കൃത്രിമ കാല്‍ കൊടുത്തപ്പോള്‍, ഫോമാ വീല്‍ ചെയര്‍ നല്‍കി. ഈ വീല്‍ ചെയര്‍ എവിടെയാണോ ഓടിക്കുന്നത്? എന്തായാലും നിരത്തുകളിലാകാന്‍ സാധ്യതയില്ല. അത്ര ബെസ്റ്റ് കണ്ടീഷനിലാണ് കേരളത്തിലെ റോഡുകള്‍.

പണ്ട് ഈ രണ്ടു കൂട്ടരും കേരളത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. സൗജന്യമായി രോഗനിര്‍ണ്ണയം. പല അടവുകളും പ്രയോഗിച്ച് ആളെ കൂട്ടി. വയറു നിറയെ ചോറും തട്ടിയിട്ട് വന്നവന്റെ ബ്ലഡ് പരിശോധിച്ച് ഗ്ലൂക്കോസ് ലെവല്‍ വളരെ കൂടുതലാണെന്നും ആളൊരു ഡയബെറ്റിക് ആണെന്നും വിധിയെഴുതി. ടൈയും കെട്ടി നില്‍ക്കുന്ന അമേരിക്കന്‍ അച്ചായന്മാരെ കണ്ടപ്പോള്‍ വല്ലതും തടയുമെന്നു കരുതി പ്രഷര്‍ കൂടിയവരുടെ പ്രഷര്‍ എടുത്തിട്ട് അവരെ ഹൈപ്പര്‍ ടെന്‍ഷന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. യാതൊരു കുഴപ്പവുമില്ലാതെ നടന്നവര്‍ക്കെല്ലാം ഓരോ രോഗങ്ങള്‍ സമ്മാനിച്ചിട്ട് സംഘടനാ നേതാക്കള്‍ മടങ്ങി. ഒരു "ഫോളോ അപ്പും' ഇല്ലാതെ വെരുതെ ആരോഗ്യത്തോടുകൂടി ഓടി നടന്നിരുന്ന കുറെ ആള്‍ക്കാര്‍ ഇപ്പോള്‍ മരുന്നിനു കാശില്ലാതെ മനപ്രയാസപ്പെട്ടു കഴിയുകയാണ്. കൂടെ കൂടെ കേരളത്തില്‍ പോയി ഇത്ര മഹത്തരമായ നല്ല പ്രവര്‍ത്തികള്‍ ചെയ്യരുതേയെന്നൊരപേക്ഷ! ഓവര്‍സീസ് കോണ്‍ഗ്രസും, വേള്‍ഡ് മലയാളിയും, രണ്ടുവീതമുണ്ട്. അവസാനമിതാ പ്രസ് ക്ലബും പിളരാതെ പിളര്‍ന്നിരിക്കുന്നു. പള്ളിക്കാര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് അമേരിക്ക-ഉദാഹരണത്തിന് ഞാന്‍ താമസിക്കുന്ന സ്റ്റാറ്റന്‍ഐലന്റ് എന്ന ചെറിയ ബോറോ- ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു സ്‌മോള്‍, മീഡിയം, ലാര്‍ജ് സൈസുകളില്‍ പള്ളി മൂന്നെണ്ണം. യാക്കോബായ വിഭാഗത്തിനു രണ്ട്. മാര്‍ത്തോമ സഭയ്ക്കും ഉണ്ട് രണ്ട് പള്ളികള്‍!

ആശയങ്ങളുടെ പേരില്‍ അടിച്ചുപരിഞ്ഞവയല്ല ഇവയൊന്നും- നേതാവു കളിക്കാനായി ചില നല്ലയാളുകളുടെ പിടിവാശി. അങ്ങനെയുള്ള രാജ്യത്താണ് ഭാരവാഹികളില്ലാതെ ഒരു സംഘടന ജന്മമെടുത്തിരിക്കുന്നത്. രോമാഞ്ചംകൊള്ളുകയല്ലാതെ മറ്റ് നിവൃത്തിയൊന്നുമില്ല. മലയാളികളെ മാത്രമല്ല മറ്റ് ഇന്ത്യക്കാരേയും ഈ സംഘടനയില്‍ ഉള്‍പ്പെടുത്തുമെന്നു ഒരു ഭാരവാഹി പറഞ്ഞു. (ക്ഷമിക്കണം- ഭാരവാഹിയല്ല- ഒരു പ്രവര്‍ത്തകന്‍). പക്ഷെ "നാട്ടുകാരും കൂട്ടുകാരും' എന്നാണ് സംഘടനയുടെ ഫേസ്ബുക്ക് പേജ് തലക്കെട്ട്. ഈ പേരുകേട്ടാല്‍ മലയാളികളല്ലാത്ത മറ്റ് ഇന്ത്യക്കാര്‍ ഈ സംഘടനയില്‍ ചേരുവാന്‍ ക്യൂ നില്‍ക്കുമെന്നുറപ്പ്! ഈ സംഘടനയെ നയിക്കുന്നത് ഏഴംഗ കൗണ്‍സിലാണ്. ഇവരാരും ഭാരവാഹികളല്ല. നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം ആളുകളുടെ പേരും പ്രസിദ്ധീകരിച്ചിട്ട്- ഇവരാരും ഭാരവാഹികളല്ല, പക്ഷെ നേതാക്കന്മാരാണ്. ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്ന പരിപാടികളും പദ്ധതികളും കേട്ടാല്‍ ഒരു സാധാരണക്കാരന്‍ തലകറങ്ങി തഴെപോകും.

ഭാരവാഹികളില്ലെങ്കില്‍ പിന്നെ ആര് ഈ പദ്ധതികളെല്ലാം ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകും? അമേരിക്കന്‍ ജീവിതത്തില്‍ സഹായം വേണ്ടവര്‍ക്ക് താത്കാലിക സഹായം നല്‍കുക, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയും അജണ്ടയിലുണ്ട്. അപ്പോള്‍ പണമിടപാട് ഉണ്ടെന്നര്‍ത്ഥം. കണക്കു സൂക്ഷിക്കുവാന്‍ ഒരു കണക്കപ്പിള്ളയെ എങ്കിലും വെയ്ക്കാമായിരുന്നു. മീറ്റിംഗ് ഒക്കെ വിളിച്ചുകൂട്ടുന്നത് ആരായിരിക്കും?

ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് വെറുതെ തലപുകയ്ക്കുന്നത് ഈയിടെയായി എന്റെ ഒരു ഹോബിയാണ്. "അതൊരു രോഗലക്ഷണമാണെന്നാണ്' വിവരമുള്ളവര്‍ പറയുന്നത്.

ഏതായാലും ഭാരവാഹികളില്ലാത്ത ഈ സംഘടനകള്‍ക്ക് എന്റെ സകല ഭാവുകങ്ങളും!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code