Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഛാന്ദ ബിഷപ് മാര്‍ എഫ്രേം നരികുളം അഭിഷിക്തനായി

Picture

ബല്ലാര്‍ഷ(മഹാരാഷ്ട്ര): ഛാന്ദ രൂപത മെത്രാനായി മാര്‍ എഫ്രേം നരികുളം അഭിഷിക്തനായി. ബല്ലാര്‍ഷ സെന്റ് തോമസ് കത്തീഡ്രലിനോടനുബന്ധിച്ചുള്ള പാസ്റ്ററല്‍ സെന്റര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര, മാര്‍ നരികുളത്തിന്റെ മുന്‍ഗാമി ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം എന്നിവര്‍ സഹകാര്‍മികരായി.

മുഖ്യകാര്‍മികന്‍, മുഖ്യസഹകാര്‍മികര്‍, നിയുക്തമെത്രാന്‍ എന്നിവര്‍ക്കൊപ്പം സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, സിആര്‍ഐ പ്രസിഡന്റ് സിസ്റ്റര്‍ സജീവ, മാര്‍ എഫ്രേം നരികുളത്തിന്റെ ജ്യേഷ്ഠ സഹോദരന്‍ റവ.ഡോ. ആന്റണി നരികുളം എന്നിവര്‍ ചേര്‍ന്നു അള്‍ത്താരയില്‍ ദീപം തെളിയിച്ചതോടെയാണു ശുശ്രൂഷകള്‍ക്കു തുടക്കമായത്.

മെത്രാഭിഷേകത്തെത്തുടര്‍ന്നു മാര്‍ എഫ്രേം നരികുളത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര വചനസന്ദേശം നല്‍കി. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ ജോസഫ് കുന്നത്ത്, ബിഷപ്പുമാരായ മാര്‍ സൈമണ്‍ സ്‌റ്റോക്ക് പാലത്തറ, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ആന്റണി ചിറയത്ത്, ഡോ. ഏല്യാസ് ഗോണ്‍സാല്‍വസ്, ഡോ. പോള്‍ മയ്പാന്‍ എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായി. റവ.ഡോ. ആന്റണി നരികുളമായിരുന്നു മെത്രാഭിഷേക ശുശ്രൂഷകളില്‍ ആര്‍ച്ച്ഡീക്കന്‍.

രാവിലെ ഒമ്പതിനു കത്തീഡ്രലില്‍ നിന്നു പരമ്പരാഗത നൃത്തച്ചുവടുകളുടെയും മേളങ്ങളുടെയും മുത്തുക്കുടകളുടെയും വെള്ളവസ്ത്രമണിഞ്ഞ കുഞ്ഞുങ്ങളുടെയും അകമ്പടിയോടെയാണു മേജര്‍ ആര്‍ച്ച്ബിഷപ്പും നിയുക്തമെത്രാനും സഹകാര്‍മികരും വൈദികരും പാസ്റ്ററല്‍ സെന്റര്‍ ഗ്രൗണ്ടിലേക്കെത്തിയത്.

ഉച്ചയ്ക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ മത, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ നിയുക്തമെത്രാന് ആശംസകളര്‍പ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വൈദികരുടെ പ്രതിനിധികള്‍, സന്യസ്തര്‍, വിശ്വാസികള്‍, പുതിയ ബിഷപ്പിന്റെ സഹോദരന്‍ റവ.ഡോ. ആന്റണി നരികുളം ഉള്‍പ്പടെ നിയുക്തമെത്രാന്റെ കുടുംബാംഗങ്ങള്‍, മാതൃ ഇടവകയായ നായരമ്പലത്തെയും, മാര്‍ നരികുളം നേരത്തെ സേവനം ചെയ്ത സ്ഥലങ്ങളിലെയും പ്രതിനിധികള്‍ എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.

ബിഷപ് മാര്‍ വിജയാനന്ദ് നെടുപുറത്തിന്റെ പിന്‍ഗാമിയായാണു റവ.ഡോ. നരികുളം നിയുക്തനായിട്ടുള്ളത്. കേരളത്തിനു പുറത്തു സ്ഥാപിതമായ ആദ്യത്തെ സീറോ മലബാര്‍ രൂപതയാണ് ഛാന്ദ. 1977 ലാണു തുടക്കം. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍, ഗഡ്ചിറോളി, വാര്‍ധ എന്നീ ജില്ലകളിലാണു രൂപത വ്യാപിച്ചുകിടക്കുന്നത്. നാഗ്പൂരില്‍ നിന്നു 300 കിലോമീറ്റര്‍ ദൂരത്തുള്ള ബല്ലാര്‍ഷായിലാണു രൂപതയുടെ ആസ്ഥാനം.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code