Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ പേമഭാജനം   - വാസുദേവ്‌ പുളിക്കല്‍

Picture

കവിത്രയങ്ങള്‍ക്ക്‌ ശേഷം മലയാളികളുടെ കാവ്യാഭിരുചി മാറ്റിക്കുറിച്ച പ്രശസ്‌തനായ കവിയാണ്‌ ചങ്ങമ്പുഴ കൃഷ്‌ണപിള്ള. കാവ്യലോകത്ത്‌ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ ആ കവിയുടെ കൃതികള്‍ ഇന്നും ചര്‍ച്ചക്ക്‌ വിധേയമാക്കുന്നതില്‍ നിന്ന്‌ ആ കൃതികളുടെ മേന്മയും പ്രസക്തിയും വ്യക്തമാകുന്നുണ്ട്‌. ചങ്ങമ്പുഴയെ താരകങ്ങളുടെ തോഴന്‍ എന്ന്‌ വൈലൊപ്പിള്ളിയും അതിനെ അനുകരിച്ച്‌ നക്ഷത്രങ്ങളുടെ പ്രേമഭാജനം എന്ന്‌ എം. കെ. സാനുവും വിശേഷിപ്പിച്ചിട്ടുണ്ട്‌. മലയാളത്തില്‍ എം. എ. ബിരുദം നേടിയ ചങ്ങമ്പുഴക്ക്‌ ഇംഗ്ലീഷിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. തന്മൂലം ഇംഗ്ലിഷ്‌ സാഹിത്യത്തിലെ പല കൃതികളും ചങ്ങമ്പുഴ മലയാളത്തിലേക്ക്‌ തര്‍ജ്ജുമ ചെയ്‌തു. ഇംഗ്ലീഷ്‌ സാഹിത്യം മാത്രമല്ല ജപ്പാന്‍, ജര്‍മ്മനി, ചൈന മുതലായ രാജ്യങ്ങളിലെ സാഹിത്യത്തിലും ചങ്ങമ്പുഴക്ക്‌ അറിവുണ്ടായിരുന്നു. പദസൗകുമാര്യം മുറ്റി നില്‌ക്കുന്ന ചങ്ങമ്പുഴക്കവിതകള്‍ ജനഹൃദയങ്ങളില്‍ ആഴത്തിലിറങ്ങി ചെന്ന്‌ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌, അവരെ ചിന്തിപ്പിച്ചിട്ടുണ്ട്‌. ലളിതമായ പദങ്ങള്‍ കൊണ്ട്‌ മനുഷ്യഹൃദയങ്ങള്‍ക്ക്‌ അനുഭൂതി പകരുന്ന വിധം ചങ്ങമ്പുഴ എഴുതിയ കവിതകള്‍ കണ്ട്‌ പലര്‌ക്കും അസൂയ തോന്നിക്കാണും. അദ്ദേഹം എഴുതിയതു പോലെ എഴുതാന്‍ കഴിവുള്ളവര്‍ അന്നു ഉണ്ടായിരുന്നില്ല, ഇന്നുമില്ല. അസൂയ കൂടുമ്പോള്‍ പരദൂഷണം പറഞ്ഞു നടക്കുന്നത്‌ മലയാളികളുടെ സ്വഭാവമാണല്ലൊ. ജനപ്രീതി നേടുന്ന ഏത്‌ എഴുത്തുകാരനും അസൂയക്കാരുടെ ഇരകളായിട്ടുണ്ട്‌. വിമര്‍ശകരുടെ വേഷമണിഞ്ഞു വരുന്നവര്‍ സാധരണ എഴുത്തുകാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മലയാളികളുടെ ഇടയില്‍ ഗാനഗന്ധര്‍വന്‍ എന്നു പ്രശസ്‌തനായ ചങ്ങമ്പുഴയെ കുറിച്ച്‌ കഥകള്‍ പരക്കുന്നതിലും അദ്ദേഹം വികലമായി ചിത്രീകരിക്കപ്പെടുന്നതിലും എന്താണത്ഭുതം.?

ചങ്ങമ്പുഴയുടെ ഭാവഗീതങ്ങള്‍ വായനക്കാരുടെ മനം കുളിര്‍പ്പിച്ചിരുന്നു. ഇവയില്‍ ബാഷ്‌പാജ്ഞലി, ഹേമന്ത ചന്ദ്രിക, മദിരോത്സവം എന്നിവ പ്രധാനപ്പെട്ടവയാണ്‌. വിഷാദവും വേദനയും ചങ്ങമ്പുഴക്കവിതകളുടെ മുഖമുദ്രയാണ്‌. കവിയുടെ അന്തരംഗത്തിലെ യഥാര്‍ത്ഥ പ്രതിഫലനം തന്നെയാണിത്‌. കവിക്ക്‌ കടുത്ത നിരാശയുണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ നിന്ന്‌ ഒളിച്ഛോടുന്ന ഭീരുവായിരുന്നില്ല. ജീവിതത്തൊട്‌ മല്ലടിക്കാനുള്ള ഒരു അഭിനിവേശം അദ്ദേഹത്തില്‍ പ്രകടമായിരുന്നു.

ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ച്‌ ജീവിതത്തോട്‌ ഞാന്‍ വാങ്ങിടും
എന്തു വന്നാലും എനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ളീ ജീവിതം

എന്ന്‌ പറയുന്നതില്‍ നിന്ന്‌ കവിയുടെ നിശ്ചയദാര്‍ഢ്യം വ്യക്തമാകുന്നുണ്ട്‌. പല കവിതകളിലും ആദര്‍ശവും ഉദാത്ത ഭാവനകളുടെ ഭംഗിയും കാണാന്‍ കഴിയും. എന്നാല്‍ കവിയുടെ വിഷാദഭാവം കവിയെ എന്നും ദുഃഖിപ്പിച്ചിരുന്നു. തന്റെ ജീവിതം ഒരു പരാജയമായിരുന്നു എന്ന്‌ കവിക്കു തന്നെ പലപ്പോഴും തോന്നിയിരിക്കണം. അതിനുള്ള കാരണവും കവി തന്നെ പറയുന്നു.

കപടലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം

ലോകത്തിന്റെ യഥാര്‍ത്ഥ മുഖഛായ കവി വരച്ചു കാണിക്കുന്നു. എന്നാല്‍ ചങ്ങമ്പുഴയുടെ ആത്മാര്‍ത്ഥത തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. നിഷ്‌ക്കളങ്കതയും ആത്മാര്‍ത്ഥതയും മൂലമാണല്ലൊ കവി ഹൃദയം തുറന്ന്‌ എല്ലാം പറഞ്ഞതും തന്മൂലം കവി അവഹേളിക്കപ്പെട്ടതും കവിയുടെ വ്യക്തിത്വത്തിന്‌ മങ്ങലേറ്റതും.?

ചങ്ങമ്പുഴ സുഹൃദ്‌ബന്ധത്തിനും സ്‌നേഹത്തിനും വളരെയധികം വില കല്‌പിച്ചിരുന്നു എന്ന്‌ താഴെ കാണുന്ന വരികളില്‍ നിന്ന്‌ വ്യക്തമാകുന്നു.

ഒരു യഥാര്‍ത്ഥ സുഹൃത്തിനേക്കാളുമീ-
യുലകലില്ലെനിക്കൊന്നുമുപരിയായി

ആ സുഹൃത്തുക്കള്‍ തന്നെയാണ്‌ ചങ്ങമ്പുഴയെ വികലമായി ചിത്രീകരിച്ച്‌ ആനന്ദം കണ്ടെത്തിയത്‌. എതോ ശാപം പേറി ഭൂമിയില്‍ വന്ന ഗാനഗന്ധര്‍വനാണ്‌ ചങ്ങമ്പുഴ എന്ന്‌ അദ്ദേഹം മരിച്ചപ്പോള്‍ വെണ്ണിക്കുളം ഗോപാലക്കുറൂപ്പ്‌ പറഞ്ഞത്‌ എത്രയോ ശരിയാണ്‌.?

ജീവിതത്തെ നിത്യസുന്ദരമായ സ്‌നേഹഗീതിയില്‍ നിസ്‌തുലമാക്കണം എന്ന പക്ഷക്കാരനായിരുന്നു ചങ്ങമ്പുഴ. കവി തികച്ചും ഒരു സൗന്ദര്യാരാധകനായിരുന്നു. ഒരു പൂവില്‍ നിന്ന്‌ മറ്റൊരു പൂവിലേക്ക്‌ പറന്നെത്തി മധുവുണ്ട്‌ രമിച്ചു നടക്കുന്ന വണ്ടത്താനെ പോലെ സ്‌ത്രീകളുടെ ശരീര വടവില്‍ ആകര്‍ഷിതനായി സദാചാരത്തിന്റെ എല്ലാ അതിര്‍ വരമ്പുകളും ഭേദിച്ച്‌ അസന്മാര്‍ക്ഷിക ജീവിതം നയിച്ച ആളായിരുന്നു ചങ്ങമ്പൂഴയെന്ന്‌ ചിലര്‍ അധിക്ഷേപിക്കുന്നുണ്ടെങ്കിലും ആദര്‍ശപരമായ സ്‌നേഹത്തിന്റെ അഭിനിവേശമാണ്‌ ചങ്ങമ്പുഴയിലുണ്ടായിരുന്നത്‌. ചങ്ങമ്പുഴയുടെ അന്തിമ കൃതി എന്ന്‌ കരുതപ്പെടുന്ന `മനസ്വിനി' ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. `മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ മനോഹരമായ ഒരു പ്രഭാതത്തില്‍ ആനന്ദ പൊന്‍ കതിര്‍ പോലെ'?മുന്നില്‍ പ്രത്യക്ഷപ്പെട്ട മനസ്വിനി ചങ്ങമ്പുഴയുടെ സങ്കല്‌പത്തിലുള്ള സൗന്ദര്യ ഘടകങ്ങള്‍ എല്ലാം ഒത്തിണങ്ങിയ സുന്ദരിയായിരുന്നു. അവളുടെ സ്‌നേഹത്തില്‍ കവി മതി മറന്നു. പെട്ടെന്നാണ്‌ നായിക മസൂരി രോഗം പിടിപെട്ട്‌ അന്ധയും ബധിരയും വിരൂപിയുമായത്‌. എങ്കിലും അവള്‍? ചൊരിഞ്ഞു കൊണ്ടിരുന്ന സ്‌നേഹം നായകനെ വികാരപരവശനാക്കി. ഉദാത്തമായ സ്‌നേഹത്തിന്റെ ദിവ്യാനുഭൂതി എന്തെന്ന്‌ നായകന്‍ മനസ്സിലാക്കുന്നു. മാംസനിബദ്ധമല്ല രാഗം എന്ന തത്വമാണ്‌ കവി ഇവിടെ അവതരിപ്പിക്കുന്നത്‌. ആ സ്‌നേഹത്തിന്റെ പാരമ്യം കവിയില്‍ അദൈ്വത ചിന്തയുണര്‍ത്തുന്നു. ജീവാത്മാവും പരമാത്മാവും ലയം പ്രാപിക്കുന്നതു പോലെ

അദൈ്വതാമലഭാവസ്‌പന്ദിത
വിദ|ല്‍മേഖല പൂകി ഞാന്‍

എന്ന അനുഭൂതിയാണ്‌ കവിക്കുണ്ടായത്‌.?അനന്ത വിസ്‌തൃതമായ ആത്മാവിലെ ആനന്ദലഹരി കവി അനുഭവിക്കുന്ന സന്ദര്‍ഭം.?

ചങ്ങമ്പുഴ ഇരുപത്തിനാലാമത്തെ വയസ്സില്‍ എഴുതിയ `രമണന്‍' മലയാള ഭാഷയിലെ പ്രശസ്‌തമായ ഒരു പുസ്‌ത്‌കമാണ്‌. മധുരനാരങ്ങ വിറ്റഴിയുന്നതു പോലെ രമണന്‍ വിറ്റഴിഞ്ഞു എന്ന്‌ പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി എഴുതി. ചങ്ങമ്പുഴയുടെ ഏതു കവിതയും പ്രേമമാണെന്നും ഓരോ വരികള്‍ക്കു പിന്നിലും ഒരു സ്‌ത്രീയുണ്ടെന്നും പറയുന്നത്‌ ജനങ്ങള്‍ക്ക്‌ ഒരു രസമാണ്‌. സൗന്ദര്യാരാധകനായ ഒരു കവി ആയിരുന്നതു കൊണ്ടാണ്‌ അദ്ദേഹം എഴുതിയത്‌,

ഇന്നലെ രാത്രി ഞാനൊരു പൂവിന്റെ
മന്ദസ്‌മിതത്തില്‍ കിടറങ്ങി

എന്ന്‌. ഈ വരികള്‍ വായിച്ച്‌ ചങ്ങമ്പുഴ ഏതോ സ്‌ത്രീയുടെ കൂടെ കിടന്നുറങ്ങി എന്നര്‍ത്ഥം പറയണമെങ്കില്‍ ആ വ്യക്തിക്ക്‌ കവിത ആസ്വദിക്കാനും മനസ്സിലാക്കാനുമുള്ള കഴിവിനേക്കാള്‍ പരദൂഷണസാമര്‍ത്ഥ്യം കൂടുതലാണ്‌ എന്നു വേണം ധരിക്കാന്‍. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതകം എന്ന്‌ പാടിയ കവിയെ ഓര്‍മ്മ വരുന്നു.?

നിലവിലിരുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ ചങ്ങമ്പുഴ തൊടുത്തു വിട്ട കൂരമ്പാണ്‌ ?വാഴക്കുല?. അടിച്ചമര്‍ത്തപ്പെട്ട അടിസ്ഥാന വര്‍ക്ഷത്തിന്റെ ഹൃദയസ്‌പന്ദനം ഈ കവിതയില്‍ കേള്‍ക്കാം. ജന്മി മേധാവിത്വത്തേയും

നിസ്സഹായരായ ജനങ്ങളുടെ മേലുള്ള ആക്രമണത്തേയും ചൂഷണത്തേയും വളരെ ലളിതമായി വിവരിച്ചിട്ടുള്ള ഈ കവിതയിലെ

ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമൊ
പതിതരെ നിങ്ങള്‍ തന്‍ പിന്‍ തലമുറക്കാര്‍

എന്ന വരികള്‍ മലയാളികളെ ആവേശം കൊള്ളിച്ചിരുന്നു. കവിതകള്‍, ഭാവഗീതങ്ങള്‍, ധ്യാനാത്മകഗീതങ്ങള്‍, പ്രേമഗാനങ്ങള്‍, തത്വചിന്താധിഷ്ടിതമായ ഗാനങ്ങള്‍ തുടങ്ങിയവ ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്‌. കോളേജില്‍ പഠിക്കുമ്പോള്‍ ചങ്ങമ്പുഴക്കവിതകളെ കുറിച്ച്‌ ചങ്ങമ്പുഴ തന്നെ പഠിക്കേണ്ടി വന്നിട്ടുണ്ട്‌. ഒരേ ക്ലാസ്സില്‍ പഠിച്ച, രാഷ്ടീയ രംഗത്ത്‌ ശോഭിച്ചിരുന്ന ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്‌, സ്വന്തം കൃതികള്‍ മറ്റു വിദ്യാര്‍ത്ഥികക്കൊപ്പം പഠിക്കാന്‍ സാധിച്ച ഒരു വ്യക്തി ചങ്ങമ്പുഴയായിരിക്കും. ചില വിവരദോഷികള്‍ ചങ്ങമ്പുഴയെ സ്‌ത്രീലമ്പടനായി ചിത്രീകരിക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരനും നിരൂപകനും കോളേജ്‌ പ്രൊഫസറുമായ ശ്രീ എം. കെ. സാനു ചങ്ങമ്പുഴയെ നക്ഷത്രങ്ങളുടെ പ്രേമഭാജനമെന്ന്‌ വിശേഷിപ്പിച്ചിട്ടുള്ളതിനോട്‌ ഈ ലേഖകനും യോജിക്കുന്നു.?

സംസ്‌കൃതത്തില്‍ വലിയ അറിവൊന്നുമി ല്ലായിരുന്നെങ്കിലും ചങ്ങമ്പുഴ ജയദേവന്റെ `ഗീതാ ഗോവിന്ദം' ദേവഗീത എന്ന പേരില്‍ സമര്‍ത്ഥമായി പരിഭാഷപ്പെടുത്തിട്ടുണ്ട്‌. അതേ പോലെ ബൈബിളിലെ ഉത്തരഗീതവും. ഈ രണ്ടു പുസ്‌തകങ്ങളിലും ചങ്ങമ്പുഴയുടെ പരിഭാഷയുടെ ഭംഗി തെളിഞ്ഞു നില്‌ക്കുന്നു എന്ന്‌ ആസ്വാദകര്‍ വിലയിരുത്തി.?

ചങ്ങമ്പുഴ ഒരു ഗാനഗന്ധര്‍വന്‍ തന്നെയായിരുന്നു. മലയാളത്തിന്റെ അഭിമാനമായ ചങ്ങമ്പുഴ എന്ന കവി അനശ്വരനായി നില്‌ക്കും.

നീ മറഞ്ഞാലും തിരയടിക്കും
നീലക്കുയിലെ നിന്‍ ഗാനമെന്നും

ചങ്ങമ്പുഴ മലയാള ഭാഷയുടെ `കാല്‌പനിക വസന്തം' തന്നെ ആയിരുന്നു. ചങ്ങമ്പുഴ സ്വന്തം രചനകളിലൂടെ മലയാളികളെ ഉല്‍ബുദ്ധരാക്കി. ജീവിതത്തിന്റെ നശ്വരതയെ കുറിച്ച്‌ എഴുതിയ ചങ്ങമ്പുഴ ജീവിതത്തിന്റെ സൗന്ദര്യത്തെ കുറിച്ചും എഴുതി. അതില്‍ പ്രേമമെന്ന വിഷയം കൂടുതലായി വിവരിച്ചു. മലയാള ഭാഷയില്‍ ചങ്ങമ്പുഴക്കുള്ള സ്ഥാനം ഉന്നതമാണ്‌. അത്‌ ആര്‌ക്കും കളങ്കപ്പെടുത്താന്‍ സാധ്യമല്ല. ജനഹൃദയങ്ങളില്‍ ആ കവി ഉണ്ടാക്കിയ ചലനം അത്രമാത്രം ശക്തിമത്താണ്‌. ചങ്ങമ്പുഴക്കവിതകള്‍ സാഹിത്യ നഭോമണ്ഡലത്തില്‍ എന്നെന്നും പ്രഭ ചൊരിഞ്ഞു നില്‌ക്കും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code