Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളികളുടെ ഇംഗ്ലീഷ്‌ പ്രേമം   - സുനില്‍ എം.എസ്‌

Picture

ഈയിടെ വായിയ്‌ക്കാനിട വന്ന ഒരു ലേഖനത്തിന്റെ (ബ്ലോഗിന്റെ) ചില ഭാഗങ്ങള്‍ ഉദ്ധരിയ്‌ക്കട്ടെ:

`ഇന്നു പലരുടേയും വിചാരം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ അഥവാ ഇംഗ്ലീഷ്‌ ഭാഷ അറിഞ്ഞാല്‍ ലോകം കീഴടക്കിയെന്നാണ്‌. അതിനായി മലയാളികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ ചേര്‍ക്കാന്‍ പരക്കം പായുകയാണ്‌...ഇവിടെ കുട്ടികളുടെ കഴിവും, പോരായ്‌മകളും രക്ഷിതാക്കളും, അദ്ധ്യാപകരും ഒരുപോലെ ശ്രദ്ധിക്കുന്നതേയില്ല. രക്ഷിതാക്കളുടെ ഇംഗ്ലീഷിനോടുള്ള അമിതാഭിനിവേശവും, കുഞ്ഞുങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിച്ചു കാണാനുള്ള അമിതമോഹവും മറ്റെല്ലാ ചിന്തകളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നു...'

ഉദ്ധരിണി തുടരുന്നു:

`അമേരിക്കയില്‍ പത്താം തരം പാസ്സായ പലര്‍ക്കും സ്വന്തം പേരു പോലും ഇംഗ്ലീഷില്‍ എഴുതാനറിയില്ലത്രേ. അവിടെയില്ലാത്ത ഇംഗ്ലീഷ്‌ പ്രാധാന്യം ഇവിടെ എങ്ങിനെ വന്നു? അതിന്റെ അമിത പ്രാധാന്യം ഇത്ര വേണോ?'

ആദ്യം തന്നെ, രണ്ടാമതുദ്ധരിച്ച വാചകങ്ങളെപ്പറ്റിയുള്ള ചില ചിന്തകള്‍ പറയാം.

സുഗന്ധദ്രവ്യങ്ങള്‍ സമൃദ്ധമായിരുന്ന പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെത്താന്‍ ലക്ഷ്യമിട്ടുകൊണ്ട്‌ ഇറ്റാലിയന്‍ പര്യവേക്ഷകനായിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ്‌ സ്‌പെയിനിലെ രാജാവിനു വേണ്ടി 1492ല്‍ അറ്റ്‌ലാന്റിക്കിലൂടെ പടിഞ്ഞാറോട്ടു യാത്ര ചെയ്‌തു. അറ്റ്‌ലാന്റിക്കില്‍ നിന്ന്‌ പടിഞ്ഞാറോട്ടു യാത്ര ചെയ്‌താല്‍ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെത്തും എന്നായിരുന്നു കൊളംബസ്സിന്റെ ധാരണ. അമേരിക്കയെന്നൊരു ഭൂഖണ്ഡത്തെപ്പറ്റി അന്നു യൂറോപ്പുകാര്‍ക്ക്‌ അറിവില്ലായിരുന്നു. മദ്ധ്യ അമേരിക്കയിലെ ബഹാമാസ്‌ ദ്വീപസമൂഹത്തില്‍പ്പെട്ട സാന്‍ സാല്‍വഡോറിലെത്തിയ കൊളംബസ്സു കരുതിയത്‌ താന്‍ ലക്ഷ്യമിട്ടിരുന്ന ജപ്പാനില്‍ത്തന്നെ എത്തിച്ചേര്‍ന്നിരിയ്‌ക്കുന്നെന്നാണ്‌. ക്യൂബയുള്‍പ്പെടെയുള്ള മദ്ധ്യ അമേരിക്കയിലെ ചില ഭൂവിഭാഗങ്ങള്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ അദ്ദേഹം മടങ്ങിപ്പോയി. തന്റെ തുടര്‍ന്നുള്ള മൂന്നു സന്ദര്‍ശനങ്ങളില്‍ കൊളംബസ്‌ തെക്കേ അമേരിക്കയുടെ മുകളറ്റത്തുള്ള വെസ്റ്റ്‌ ഇന്‍ഡീസിലെത്തി. `വെസ്റ്റ്‌ ഇന്‍ഡീസി'ലെ `ഇന്‍ഡീസ്‌' എന്ന പേരു കടന്നു കൂടിയത്‌ പൂര്‍വ്വേഷ്യയുടെ തന്നെ ഒരരിക്‌ ആണു വെസ്റ്റ്‌ ഇന്‍ഡീസ്‌ എന്ന ധാരണയിലാണ്‌. കൊളംബസ്‌ കണ്ടെത്തിയിരുന്നത്‌ ഈസ്റ്റ്‌ ഇന്‍ഡീസല്ല, തെക്കേ അമേരിക്ക എന്ന അതുവരെ കേട്ടറിഞ്ഞിട്ടില്ലാത്തൊരു ഭൂഖണ്ഡമാണെന്നു തീര്‍ച്ചപ്പെടുത്തിയത്‌ ഏഴു വര്‍ഷം കഴിഞ്ഞ്‌ സ്‌പെയിനിനു വേണ്ടിത്തന്നെ വന്ന മറ്റൊരിറ്റലിക്കാരനായ അമേരിഗോ വെസ്‌പൂച്ചിയാണ്‌. അതുകൊണ്ടു തന്നെ ആ ഭൂഖണ്ഡങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ പേരും ലഭിച്ചു.

കൊളംബസ്സും വെസ്‌പൂച്ചിയും ഇറ്റലിക്കാരായിരുന്നെങ്കിലും അവരിരുവരും സ്‌പെയിനിനു വേണ്ടിയായിരുന്നല്ലോ എത്തിയിരുന്നത്‌. അവര്‍ ചെന്നെത്തിയ സ്ഥലങ്ങളിലേയ്‌ക്കൊക്കെ അതായതു തെക്കേ അമേരിക്കയിലേയ്‌ക്ക്‌ അധികം താമസിയാതെ സ്‌പെയിനില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രവാഹമുണ്ടായി. മദ്ധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും അവര്‍ നിരവധി കോളണികള്‍ സ്ഥാപിച്ചു. ഇപ്പോഴത്തെ അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ തീരങ്ങളിലും അവര്‍ താമസമാക്കി. പോര്‍ച്ചുഗീസുകാര്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ കോളണികള്‍ സ്ഥാപിച്ചില്ല. പകരം ബ്രസീലിനെയാണ്‌ അവര്‍ താവളമാക്കിയത്‌. അതുപോലെ ഡച്ചുകാരും അമേരിക്കന്‍ ഐക്യനാടുകളില്‍ കോളണികള്‍ കാര്യമായി സ്ഥാപിച്ചില്ല. ഫ്രഞ്ചുകാര്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഏകദേശം മദ്ധ്യഭാഗത്തായി വലുതല്ലാത്ത താവളമുണ്ടാക്കി. അവര്‍ക്ക്‌ അതിനേക്കാളേറെ പ്രിയങ്കരം കാനഡയായിരുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവുമധികം കോളണികള്‍ സ്ഥാപിച്ചത്‌ ബ്രിട്ടനായിരുന്നു. ഇന്ത്യയുള്‍പ്പെടെ ഏഷ്യയിലുണ്ടായിരുന്ന കോളണികളില്‍ നിന്നു കിട്ടിയ വന്‍ സമ്പത്ത്‌ ബ്രിട്ടനെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയിരുന്നു. അതുകൊണ്ട്‌ അമേരിക്കന്‍ ഐക്യനാടുകളുടെ ഏറ്റവും വലിയ ഭൂവിഭാഗം ബ്രിട്ടന്റെ കൈയിലമര്‍ന്നു. മദ്ധ്യ അമേരിക്കയിലേയ്‌ക്കും തെക്കേ അമേരിക്കയിലേയ്‌ക്കും സ്‌പെയിനില്‍ നിന്നുണ്ടായ കുടിയേറ്റപ്രവാഹത്തിന്റെ പല മടങ്ങായിരുന്നു, ബ്രിട്ടനില്‍ നിന്നും അയര്‍ലന്റില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേയ്‌ക്കുണ്ടായ ഇംഗ്ലീഷുഭാഷക്കാരുടേത്‌. ഇതു തന്നെയാണ്‌ അമേരിക്കന്‍ ഐക്യനാടുകള്‍ സ്വതന്ത്രരാഷ്ട്രമായപ്പോള്‍ ഔദ്യോഗികഭാഷ ഇംഗ്ലീഷായിത്തീരാനുള്ള മുഖ്യകാരണം.

എന്നാല്‍ അമേരിക്കയില്‍ ഇംഗ്ലീഷ്‌ സംസാരിയ്‌ക്കുന്ന ജനത എണ്‍പതു ശതമാനം മാത്രമേയുള്ളു. സ്‌പാനിഷ്‌ ഭാഷ സംസാരിയ്‌ക്കുന്ന പന്ത്രണ്ടു ശതമാനമുള്‍പ്പെടെ ജനതയുടെ ഇരുപതു ശതമാനത്തോളം ഇംഗ്ലീഷിതരഭാഷകള്‍ സംസാരിയ്‌ക്കുന്നവരാണ്‌. ഈ ഇരുപതു ശതമാനത്തിലെ നല്ലൊരു വിഭാഗത്തിന്‌ ഇംഗ്ലീഷ്‌ അറിയില്ലെങ്കിലത്‌ സ്വാഭാവികം മാത്രമാണ്‌. അവര്‍ ഇംഗ്ലീഷിതരഭാഷകള്‍ സംസാരിയ്‌ക്കുന്നവരായിരിയ്‌ക്കാനാണു വഴി. അതുകൊണ്ട്‌ `..അമേരിക്കയില്‍ പത്താം തരം പാസ്സായ പലര്‍ക്കും സ്വന്തം പേരു പോലും ഇംഗ്ലീഷില്‍ എഴുതാനറിയില്ല...' എന്ന മുകളിലുദ്ധരിയ്‌ക്കപ്പെട്ട പ്രസ്‌താവന (അതിലെത്രത്തോളം ആധികാരികതയുണ്ടെന്ന്‌ ഈ ലേഖകനറിയില്ല) ഇംഗ്ലീഷിതരഭാഷകള്‍ സംസാരിയ്‌ക്കുന്ന ഇരുപതുശതമാനത്തെ സംബന്ധിച്ചിടത്തോളം ശരിയാണെന്നു വരാം. പക്ഷേ, 99 ശതമാനം സാക്ഷരതയുള്ള അമേരിക്കയില്‍ ഇംഗ്ലീഷ്‌ മാതൃഭാഷയായുള്ള പത്താംക്ലാസ്സുകാര്‍ക്ക്‌ ഇംഗ്ലീഷില്‍ സ്വന്തം പേരെഴുതാനറിയാതെ വരുമെന്നു തോന്നുന്നില്ല.

ഇനി താഴെ ഉദ്ധരിയ്‌ക്കുന്ന പ്രസ്‌താവനയെപ്പറ്റിപ്പറയാം:

`ഇന്നു പലരുടേയും വിചാരം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ അഥവാ ഇംഗ്ലീഷ്‌ ഭാഷ അറിഞ്ഞാല്‍ ലോകം കീഴടക്കിയെന്നാണ്‌. അതിനായി മലയാളികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ ചേര്‍ക്കാന്‍ പരക്കം പായുകയാണ്‌...ഇവിടെ കുട്ടികളുടെ കഴിവും പോരായ്‌മകളും രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ശ്രദ്ധിക്കുന്നതേയില്ല. രക്ഷിതാക്കളുടെ ഇംഗ്ലീഷിനോടുള്ള അമിതാഭിനിവേശവും, കുഞ്ഞുങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിച്ചു കാണാനുള്ള അമിതമോഹവും മറ്റെല്ലാ ചിന്തകളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നു...'

സ്വന്തം കാര്യം പറയാന്‍ എളുപ്പമുണ്ട്‌. അതുകൊണ്ട്‌ ഈ ലേഖകന്റെ കാര്യം തന്നെ ആദ്യം പറയാം. അഭിമുഖത്തില്‍ `തെങ്ങോല കൊണ്ട്‌ പുരമേഞ്ഞുകൊടുത്തു' എന്ന്‌ ഇംഗ്ലീഷില്‍ പറയാനറിയാഞ്ഞതുകൊണ്ട്‌ എനിയ്‌ക്ക്‌ പൂനയിലെ സൈനിക മെഡിക്കല്‍ കോളേജില്‍ മെഡിസിനുള്ള അഡ്‌മിഷന്‍ നഷ്ടപ്പെട്ടു. സ്‌കൂള്‍ വിദ്യാഭ്യാസം മലയാളം മീഡിയത്തിലായിരുന്നു. കോളേജില്‍ ഹിന്ദിയൊഴികെയുള്ള വിഷയങ്ങള്‍ ഇംഗ്ലീഷില്‍ പഠിച്ച്‌ ഇംഗ്ലീഷില്‍ പരീക്ഷയെഴുതി കഷ്ടിച്ചു ബിരുദമെടുത്തു. സത്യം പറയാമല്ലോ, ഇംഗ്ലീഷ്‌പഠനം ബുദ്ധിമുട്ടായിരുന്നു. അധികം താമസിയാതെ ഒരു ബാങ്കിന്റെ ഇംഗ്ലീഷിലുള്ള പരീക്ഷകളെഴുതി ജയിച്ച്‌ ക്ലാര്‍ക്കായി ജോലി കിട്ടി. അവിടെയാകട്ടെ സര്‍വ്വവും ഇംഗ്ലീഷിലായിരുന്നു. പഠിയ്‌ക്കാനുള്ളത്‌ ഇംഗ്ലീഷില്‍ ഒരു വിധം പഠിയ്‌ക്കുകയും ഇംഗ്ലീഷില്‍ ഒരുവിധം സംസാരിയ്‌ക്കുകയും ചെയ്‌തതുകൊണ്ട്‌ ജോലിക്കയറ്റം കിട്ടി. പതിറ്റാണ്ടുകള്‍ കഴിഞ്ഞ്‌ ബാങ്കിംഗ്‌ മേഖലയില്‍ നിന്ന്‌ ബീപിഓയിലേയ്‌ക്കു കടക്കാന്‍ പറ്റിയതും ഇംഗ്ലീഷിന്റെ മാത്രം പിന്‍ബലത്തിലായിരുന്നു. അവിടെ ഇംഗ്ലീഷിന്‌ അഗ്രഗണ്യസ്ഥാനമായിരുന്നു എന്നു മാത്രമല്ല, മറ്റേതു ഭാഷയും നിരുത്സാഹപ്പെടുത്തപ്പെട്ടിരുന്നു.

കേരളവിദ്യാഭ്യാസപദ്ധതികളില്‍ ഇംഗ്ലീഷിനു കിട്ടിയിരിയ്‌ക്കുന്ന മുന്‍തൂക്കത്തെപ്പറ്റി നിരവധി പരാതികള്‍ ഇതിനു മുന്‍പും ഉയര്‍ന്നിട്ടുണ്ട്‌. മലയാളികളുടെ അതിരുകടന്ന, അന്ധമായ ഇംഗ്ലീഷ്‌ പ്രേമമാണ്‌ ഇതിന്റെ പിന്നില്‍ എന്ന ആരോപണവും സാധാരണമാണ്‌. എന്നാല്‍ കേരളീയര്‍ക്ക്‌ ഇംഗ്ലീഷ്‌ പ്രേമമുണ്ടോ എന്നു ചോദിച്ചാല്‍ കുറേക്കൊല്ലം അന്യസംസ്ഥാനത്തു ജീവിച്ച ഒരു മലയാളിയെന്ന നിലയില്‍ ഇംഗ്ലീഷ്‌ പ്രേമം ഇല്ലെന്നേ ഞാന്‍ പറയൂ. കേരളീയര്‍ക്ക്‌ ഇംഗ്ലീഷ്‌ പ്രേമമുണ്ടായിരുന്നെങ്കില്‍ അവര്‍ സംഭാഷണം മാത്രമല്ല, എഴുത്തും ഇംഗ്ലീഷിലാക്കിയേനേ. ഇംഗ്ലീഷിലെഴുതുന്ന മലയാളികള്‍ അധികമുള്ളതായി അറിവില്ല. കമലാസുരയ്യ, അരുന്ധതി റോയ്‌ എന്നിവരെ വിസ്‌മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്‌. മലയാളപഠനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇംഗ്ലീഷ്‌ പഠിയ്‌ക്കുന്നതു തീരെ എളുപ്പമല്ല. ഓക്‌സ്‌ഫോര്‍ഡ്‌ ഇംഗ്ലീഷ്‌ ഡിക്ഷ്‌ണറിയില്‍ 171476 പദങ്ങളുണ്ടെന്നു കാണുന്നു. അമ്പരപ്പിയ്‌ക്കുന്ന സംഖ്യയാണിത്‌. ഇതിന്റെ പത്തു ശതമാനമെങ്കിലും പഠിയ്‌ക്കണമെങ്കില്‍ 17147 പദങ്ങള്‍ പഠിയ്‌ക്കണം. ഇതാരെക്കൊണ്ടു സാധിയ്‌ക്കും! ഈ ലേഖകന്‌ ആയിരം പദങ്ങളെങ്കിലും പഠിയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്‌. ഇത്രയേറെ പദങ്ങള്‍ മലയാളത്തിലുണ്ടാകുമെന്നു തോന്നുന്നില്ല. നമുക്കെളുപ്പം മലയാളം തന്നെ. പക്ഷേ, ഇംഗ്ലീഷ്‌ പഠിയ്‌ക്കുകയെന്ന ദുഷ്‌കരകൃത്യം നിര്‍വഹിയ്‌ക്കാന്‍ കേരളീയര്‍ നിര്‍ബന്ധിതരാകുന്നു എന്നതാണു വാസ്‌തവം. അതിന്റെ കാരണം അന്തര്‍ദ്ദേശീയമാണ്‌ എന്നാണീ ലേഖകന്റെ അഭിപ്രായം. അതു താഴെ വിവരിയ്‌ക്കുന്നു.

ഇംഗ്ലീഷ്‌ സംസാരിയ്‌ക്കുന്ന ജനത ലോകത്ത്‌ കേവലം അഞ്ചര ശതമാനത്തില്‍ താഴെ മാത്രമേ ഉള്ളു. ചൈനയിലെ മുഖ്യഭാഷയായ മാന്റരിന്‍ സംസാരിയ്‌ക്കുന്നവരുടെ എണ്ണം ഇംഗ്ലീഷ്‌ ഭാഷ സംസാരിയ്‌ക്കുന്നവരുടെ ഏകദേശം മൂന്നിരട്ടിയോളം (14.4%) വരുന്നുണ്ട്‌. സ്‌പാനിഷ്‌ ഭാഷയും (6.15%, രണ്ടാം സ്ഥാനം) ഇംഗ്ലീഷിനേക്കാള്‍ കൂടുതല്‍ സംസാരിയ്‌ക്കപ്പെടുന്നുണ്ട്‌. നമ്മുടെ ഹിന്ദി (4.70%, നാലാം സ്ഥാനം) പോലും ഇംഗ്ലീഷിന്റെ തൊട്ടു പിന്നില്‍ത്തന്നെയുണ്ട്‌. സ്ഥിതി ഇതാണെങ്കിലും ഇംഗ്ലീഷ്‌ ഭാഷയേക്കാള്‍ കൂടുതല്‍ സംസാരിയ്‌ക്കപ്പെടുന്ന മാന്റരിനും സ്‌പാനിഷും പഠിയ്‌ക്കാനും പറയാനും ലോകം വലിയ ഉത്സാഹം കാണിയ്‌ക്കുന്നില്ല. അതേസമയം ഇംഗ്ലീഷ്‌ പഠിയ്‌ക്കാനും പറയാനുമുള്ള ഉത്സാ!ഹം മുന്‍ പറഞ്ഞ ഭാഷകള്‍ പഠിയ്‌ക്കാനുള്ളതിനേക്കാള്‍ വളരെക്കൂടുതലാണ്‌. ഇംഗ്ലീഷിതരഭാഷക്കാര്‍ ഏറ്റവും കൂടുതല്‍ സംസാരിയ്‌ക്കുന്ന അന്യഭാഷ ഇംഗ്ലീഷാണെന്നു കാണുന്നു.

ഈയിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ചൈനീസ്‌ പ്രസിഡന്റ്‌ സ്വന്തം ഭാഷയിലാണ്‌ മിയ്‌ക്ക പ്രസംഗങ്ങളും നടത്തിയത്‌. ഇത്‌ സ്വന്തം ഭാഷയോടുള്ള ഭക്തികൊണ്ടാണെന്നു തോന്നിയേയ്‌ക്കാം. എന്നാല്‍ ചൈനയില്‍ ഇംഗ്ലീഷ്‌ മീഡിയത്തില്‍ എഞ്ചിനീയറിംഗും മെഡിസിനും പഠിപ്പിയ്‌ക്കുന്ന നിരവധി സര്‍വ്വകലാശാലകളുണ്ട്‌. അവയില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പോലും പഠിയ്‌ക്കുന്നുമുണ്ട്‌. ചൈനക്കാര്‍ അവരുടെ ഭാഷയ്‌ക്ക്‌ വലിയ വില കല്‍പ്പിയ്‌ക്കുന്നുണ്ടെങ്കിലും, ചൈനക്കാര്‍ക്ക്‌ ഇംഗ്ലീഷറിയില്ലെന്ന്‌ ഒരു വിഭാഗം ഇന്ത്യക്കാര്‍ വിശ്വസിയ്‌ക്കാനാഗ്രഹിയ്‌ക്കുന്നുണ്ടെങ്കിലും, അമേരിക്കയില്‍ ഇംഗ്ലീഷ്‌ സംസാരിയ്‌ക്കുന്ന ചൈനീസ്‌ പ്രൊഫസര്‍മാരും കമ്പനി നേതാക്കളും വിദ്യാര്‍ത്ഥികളും കൂടിക്കൊണ്ടിരിയ്‌ക്കുകയാണ്‌. അമേരിക്കയില്‍ 38 ലക്ഷം ചൈനക്കാരുണ്ട്‌, 28 ലക്ഷം ഇന്ത്യക്കാരും. ഈ ഇരുപത്തെട്ടുലക്ഷം വരുന്ന ഇന്ത്യക്കാരില്‍ ഏഴര ലക്ഷം മലയാളികളുണ്ട്‌. ഇത്‌ കേരളസര്‍ക്കാര്‍ ജീവനക്കാരുടെ (4.99 ലക്ഷം) എണ്ണത്തേക്കാള്‍ കൂടുതലാണ്‌.

കേരളത്തിനു പുറത്തുള്ള മലയാളികളുടെ എണ്ണമെടുക്കാം. മൂന്നു സംസ്ഥാനങ്ങളിലെ സംഖ്യ മാത്രമേ ലഭ്യമായുള്ളു. മറ്റു പല സംസ്ഥാനങ്ങളിലും മലയാളികളുണ്ടെന്നതില്‍ സംശയമില്ല. അവരെക്കൂടി കണക്കിലെടുക്കുകയാണെങ്കില്‍ അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളുടെ ആകെ എണ്ണം 16.66 ലക്ഷത്തിനു പകരം 20 ലക്ഷമാണെന്നു നമുക്കു ന്യായമായും കരുതാം. അന്യരാജ്യങ്ങളില്‍ 30 ലക്ഷം, അന്യസംസ്ഥാനങ്ങളില്‍ 20 ലക്ഷം, ആകെ 50 ലക്ഷം മലയാളികള്‍ കേരളത്തിനു പുറത്തുണ്ട്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അഞ്ചു ലക്ഷം മലയാളികള്‍ക്ക്‌ കേരളസര്‍ക്കാര്‍ജോലി കിട്ടിയപ്പോള്‍ അതിന്റെ പത്തിരട്ടി മലയാളികള്‍ക്ക്‌ അന്യസംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും ഉപജീവനത്തിനായി പോകേണ്ടി വന്നു.

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുള്ള മലയാളികള്‍ക്ക്‌ വലുതായ ഇംഗ്ലീഷ്‌ പരിജ്ഞാനമില്ലാതെ തന്നെ ജോലികള്‍ കിട്ടിയിരിയ്‌ക്കാം. തദ്ദേശഭാഷാപരിജ്ഞാനവും കുറച്ചൊക്കെ മലയാളം തന്നെയും അവര്‍ക്കു

സഹായകമായിത്തീര്‍ന്നിരിയ്‌ക്കും. അതുപോലെ ഹിന്ദി പരിജ്ഞാനം മഹാരാഷ്ട്രയിലും. എങ്കിലും ഇവിടങ്ങളിലും ഇംഗ്ലീഷ്‌ അറിയാവുന്നവര്‍ക്ക്‌ അതറിയാത്തവരേക്കാള്‍ അല്‌പം കൂടി മെച്ചപ്പെട്ട ജോലി കിട്ടിക്കാണണം. ഇംഗ്ലീഷ്‌ സാഹിത്യത്തിലുള്ള പരിജ്ഞാനമല്ല ഇവിടെ ഉദ്ദേശിയ്‌ക്കുന്നത്‌. ഇംഗ്ലീഷ്‌ പരിജ്ഞാനമുള്ളവര്‍ക്ക്‌ താരതമ്യേന മെച്ചപ്പെട്ട ജോലികള്‍ക്കുള്ള സാങ്കേതികജ്ഞാനവും കിട്ടിയിട്ടുണ്ടാകാം. അന്യരാജ്യങ്ങളിലുള്ള മുപ്പതു ലക്ഷം മലയാളികള്‍ക്ക്‌ ഇംഗ്ലീഷ്‌ തീര്‍ച്ചയായും ഉപകരിച്ചിരിയ്‌ക്കും. മലയാളം മാത്രമറിയുന്നവര്‍ക്ക്‌ അന്യരാജ്യങ്ങളില്‍ തരക്കേടില്ലാത്ത വരുമാനമുള്ള ജോലി കിട്ടുക ബുദ്ധിമുട്ടായിരുന്നിരിയ്‌ക്കണം. പ്രവാസികളുടെ നിക്ഷേപങ്ങള്‍ (2012ലെ കണക്കുകളനുസരിച്ച്‌ ഇത്‌ 62000 കോടിയായിരുന്നു) കേരളത്തിലെ ആകെ നിക്ഷേപത്തിന്റെ നാലിലൊന്നോളം വരുന്നു എന്നോര്‍ക്കുമ്പോഴാണ്‌ കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവാസിധനം എത്രത്തോളം പ്രധാനമാണ്‌ എന്നു മനസ്സിലാവുക. ഇംഗ്ലീഷും ഈ ധനസമ്പാദനത്തില്‍ സഹായിച്ചിട്ടുണ്ടാകണം.

മുന്‍പറഞ്ഞ അന്‍പതു ലക്ഷം മലയാളികള്‍ക്ക്‌ ഉപജീവനത്തിനായി എന്തുകൊണ്ടു കേരളത്തില്‍ നിന്നു വെളിയിലേയ്‌ക്കു പോകേണ്ടി വന്നു? കേരളത്തിന്റെ ജീഡിപി ഏതെല്ലാം സെക്ടറുകളില്‍ നിന്ന്‌, എത്രത്തോളം വന്നെന്നു നോക്കാം. സേവനരംഗത്തു നിന്ന്‌ ഏകദേശം 67 ശതമാനം. അതായത്‌ മൂന്നില്‍ രണ്ട്‌. കൃഷിയില്‍ നിന്ന്‌ ഒന്‍പതു ശതമാനം മാത്രം. വ്യവസായത്തില്‍ നിന്ന്‌ 24 ശതമാനം. കേരളത്തിലെ ജനത ജോലി ചെയ്‌തു ഉപജീവനം കഴിയ്‌ക്കാന്‍ വിധിയ്‌ക്കപ്പെട്ടവരാണെന്നു വ്യക്തം. അവരില്‍ അന്‍പതു ലക്ഷം പേര്‍ കേരളത്തിനു പുറത്തു പോയി ജോലി നേടി ജീവിയ്‌ക്കേണ്ടി വരുന്നവരുമാണ്‌.

വിദ്യാഭ്യാസമുള്ളവര്‍ക്കു മാത്രമേ അതിജീവനത്തിനുതകും വിധം ഉയര്‍ന്ന വരുമാനമുള്ള ജോലി ലഭിയ്‌ക്കുകയുള്ളു. അതുകൊണ്ട്‌ ലഭ്യമാകാവുന്നതില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം തന്നെ നേടാന്‍ കേരളജനത ശ്രമിയ്‌ക്കുന്നു. ലഭ്യമാകാവുന്നതിലേറ്റവും നല്ല വിദ്യാഭ്യാസത്തില്‍, ഇപ്പോഴത്തെ നിലയ്‌ക്ക്‌, ഇംഗ്ലീഷ്‌ അവിഭാജ്യഘടകമാണ്‌.

അന്തര്‍ദ്ദേശീയമാണ്‌ ഇതിനുള്ള കാരണം. അതായത്‌ സാമ്പത്തികമാണ്‌ കാരണമെന്നര്‍ത്ഥം. ലോകസമ്പത്തിന്റെ മൂന്നിലൊന്ന്‌ ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായുള്ള രാജ്യങ്ങളുടെ (അമേരിക്ക 25.40%, ബ്രിട്ടന്‍ 4.71%, കാനഡ 1.70%, ആസ്‌ട്രേലിയ 1.08%) നേരിട്ടുള്ള ഉടമസ്ഥതയിലാണ്‌. ഇതിനു പുറമേ ഈ രാഷ്ട്രങ്ങളുടെ, പ്രത്യേകിച്ചും അമേരിക്കയുടെ, ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന രാജ്യങ്ങളും കൂടി ചേരുമ്പോള്‍, ലോകസമ്പത്തിന്റെ പകുതിയിലേറെ ഈ സംഘത്തിന്റെ നിയന്ത്രണത്തിലാണെന്നു കാണാം. ഒരുദാഹരണമെടുക്കാം. ലോകത്ത്‌ ഏറ്റവുമധികം വ്യാപാരം നടക്കുന്ന അവശ്യവസ്‌തുക്കളില്‍ മുഖ്യം എണ്ണയാണ്‌ (പെട്രോളിയം). ലോകത്തില്‍ ഏറ്റവുമധികം എണ്ണയുത്‌പാദിപ്പിയ്‌ക്കുന്നത്‌ റഷ്യയാണ്‌. ലോകത്തിലെ ആകെ എണ്ണയുത്‌പാദനത്തിന്റെ മൂന്നിലൊന്ന്‌ ഗള്‍ഫു രാജ്യങ്ങളിലാണ്‌. എങ്കിലും റഷ്യയുടേയും ഗള്‍ഫു രാജ്യങ്ങളുടേയുമെല്ലാം എണ്ണവ്യാപാരം നടക്കുന്നത്‌ അമേരിക്കന്‍ ഡോളറിലാണ്‌. റൂബിളില്‍ എണ്ണക്കച്ചവടം നടത്താന്‍ റഷ്യ ആഗ്രഹിയ്‌ക്കുകയും ഇടയ്‌ക്കിടെ ശ്രമിയ്‌ക്കുകയും ചെയ്യുന്നുണ്ടെങ്കിലും റഷ്യ പോലും എണ്ണവില്‍പ്പന നടത്തുന്നത്‌ ഡോളറിലാണ്‌. അമേരിക്കയുമായി റഷ്യ ശീതസമരത്തിലാണ്‌. എന്നിട്ടും റഷ്യക്ക്‌ വ്യാപാരം ഡോളറില്‍ത്തന്നെ നടത്തേണ്ടി വരുന്നു. വിസ്‌തൃതികൊണ്ട്‌ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായ റഷ്യയുടെ പോലും സ്ഥിതി ഇതാണെങ്കില്‍ എണ്ണസമൃദ്ധമായ മറ്റു ചെറു രാജ്യങ്ങളുടെ കാര്യം പറയുകയേ വേണ്ടല്ലോ.

ചൈനയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ പെട്രോളിയമിതര ഉല്‍പ്പന്നങ്ങളുടെ വലിയൊരു ഭാഗം വാങ്ങിക്കൂട്ടുന്നത്‌ അമേരിക്ക എന്ന ഒറ്റ രാജ്യമാണ്‌. കഴിഞ്ഞ വര്‍ഷം ചൈന അമേരിക്കയിലേയ്‌ക്ക്‌ 27 ലക്ഷം കോടി രൂപയ്‌ക്കുള്ള കയറ്റുമതി നടത്തി. നമ്മുടെ തന്നെ വാണിജ്യവകുപ്പിന്റെ ഏറ്റവുമൊടുവിലത്തെ കണക്കുകളനുസരിച്ച്‌ നടപ്പു സാമ്പത്തികവര്‍ഷം 61641 കോടി രൂപയ്‌ക്കുള്ള കയറ്റുമതിയാണ്‌ നാം അമേരിക്കയിലേയ്‌ക്കു നടത്തിയിരിയ്‌ക്കുന്നത്‌. ഇത്‌ സൌദിയിലേയ്‌ക്കും ചൈനയിലേയ്‌ക്കും നാം നടത്തിയ കയറ്റുമതിയുടെ മൂന്നിരട്ടിയിലേറെയാണ്‌. അമേരിക്കക്കാര്‍ ഇറക്കുമതി കുറച്ചാല്‍ ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ സാമ്പത്തികമാന്ദ്യത്തിന്‌ അടിമപ്പെടുന്നു. ഈയടുത്ത കാലത്തായി ചൈന സാമ്പത്തിക വന്‍ശക്തിയായിത്തീര്‍ന്നിട്ടുണ്ടെങ്കിലും അവരുടെ കറന്‍സിയായ യുവാന്‍ (റെന്‍മിന്‍ബി) ഒരു ലോകരാഷ്ട്രവും വാങ്ങാറില്ല. ചൈനയുടെ വിദേശനാണ്യശേഖരം രണ്ടു കോടിക്കോടി രൂപയ്‌ക്കുള്ള ഡോളറാണ്‌. അതില്‍ 77 ലക്ഷം കോടി രൂപ അവര്‍ അമേരിക്കന്‍ കടപ്പത്രങ്ങളില്‍ത്തന്നെ നിക്ഷേപിയ്‌ക്കുകയും ചെയ്‌തിരിയ്‌ക്കുന്നു. ചൈനയിലെ വ്യവസായങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്രവിപണിയില്‍ വിറ്റഴിയ്‌ക്കുന്നത്‌ അമേരിക്കന്‍ ഡോളറിലാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ചുരുക്കത്തില്‍ അമേരിക്കന്‍ ഡോളറാണ്‌ മിയ്‌ക്ക രാഷ്ട്രങ്ങള്‍ക്കും വേണ്ടത്‌.

മുകളിലുദ്ധരിച്ച കണക്കുകള്‍ക്ക്‌ കേരളത്തിലെ വിദ്യാഭ്യാസത്തില്‍ ഇംഗ്ലീഷ്‌ അവിഭാജ്യഘടകമായി തുടരുന്നതുമായി എന്തു ബന്ധം എന്ന ചോദ്യമുയര്‍ന്നേയ്‌ക്കാം. ഉത്തരം ലളിതമാണ്‌: മിയ്‌ക്ക മലയാളികളും ഇംഗ്ലീഷ്‌ പഠിയ്‌ക്കുന്നത്‌ ഇംഗ്ലീഷ്‌ പഠിയ്‌ക്കാന്‍ ആഗ്രഹമുണ്ടായിട്ടോ, ഇംഗ്ലീഷിനോടു പ്രേമമോ ഭ്രമമോ ഉണ്ടായിട്ടോ അല്ല. അതിജീവനത്തിനായി അന്‍പതു ലക്ഷം മലയാളികള്‍ക്ക്‌ അന്യസംസ്ഥാനക്കാരേയും അന്യരാജ്യക്കാരേയും സേവിയ്‌ക്കേണ്ടി വരുന്നതുകൊണ്ട്‌ ഇംഗ്ലീഷ്‌ പഠനം അതിജീവനസാദ്ധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്നു. നമ്മെപ്പോലെ തന്നെ രാഷ്ട്രങ്ങള്‍ക്കും സമ്പന്നരാഷ്ട്രങ്ങളെ സേവിയ്‌ക്കേണ്ടി വരുന്നു. ചൈനയുടേയും ഇന്ത്യയുടേയുമെല്ലാം സാമ്പത്തികനില ഇംഗ്ലീഷ്‌ സംസാരിയ്‌ക്കുന്ന, ലോകസമ്പത്തിന്റെ നേര്‍പകുതി നിയന്ത്രിയ്‌ക്കുന്ന രാജ്യങ്ങളെ ആശ്രയിച്ചിരിയ്‌ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാജ്യങ്ങള്‍ ഇംഗ്ലീഷ്‌ ഭാഷക്കാരുടേതായതുകൊണ്ട്‌ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കുമെല്ലാം ഇംഗ്ലീഷ്‌ പഠിയ്‌ക്കാതെ നിവൃത്തിയില്ലാതായിരിയ്‌ക്കുന്നു. ഇംഗ്ലീഷിതരഭാഷക്കാര്‍ ഏറ്റവുമധികം സംസാരിയ്‌ക്കുന്ന അന്യഭാഷ ഇംഗ്ലീഷായതില്‍ അതിശയമില്ല.

ലോകസമ്പത്തിന്റെ 4.14% മാത്രമാണ്‌ ഇപ്പോള്‍ ഇന്ത്യയുടെ പക്കലുള്ളത്‌. ഇത്‌ അന്‍പതു ശതമാനമാകുന്നെന്നു നിമിഷനേരത്തേയ്‌ക്കൊന്നു സങ്കല്‍പ്പിയ്‌ക്കുക. അപ്പോഴേയ്‌ക്ക്‌ ലോകജനത ഇന്ത്യന്‍ ഭാഷകള്‍ പഠിച്ചു കഴിഞ്ഞിട്ടുണ്ടാകും. ശരാശരി ചൈനീസ്‌ പൌരന്‌ (യു എസ്‌ ഡോളര്‍ 6959) നമ്മുടെ (യു എസ്‌ ഡോളര്‍ 1509) നാലിരട്ടിയിലേറെ പ്രതിശീര്‍ഷവരുമാനമുണ്ട്‌. നാം മാന്റരിന്‍ ഭാഷയും ഇംഗ്ലീഷിനോടൊപ്പം പഠിച്ചുതുടങ്ങേണ്ട കാലമായെന്ന്‌ ചൈന നേടിയിരിയ്‌ക്കുന്ന സമ്പത്സമൃദ്ധി തെളിയിയ്‌ക്കുന്നു.

പക്ഷേ അതിജീവനത്തിനു വേണ്ടി ഇംഗ്ലീഷും ഹിന്ദിയും മറ്റും പഠിയ്‌ക്കാനുള്ള പരക്കം പാച്ചിലിനിടയിലും മലയാളത്തോടുള്ള മമതയ്‌ക്ക്‌ കുറവുണ്ടാകണമെന്നില്ല. ജീവിതഗന്ധിയായൊരു നോവല്‍ വായിച്ചുകഴിയുമ്പോള്‍ മലയാളത്തോടു സ്‌നേഹം തോന്നിപ്പോകുക സാധാരണമാണ്‌. നോവല്‍ തന്നെയാകണമെന്നില്ല, ചെറുകഥയായാലും കവിതയായാലും മതി. മലയാളഭാഷ എത്ര പ്രൌഢഗംഭീരം എന്നു തോന്നിപ്പിച്ച ലേഖനങ്ങളും ധാരാളമുണ്ടായിട്ടുണ്ട്‌. ചുരുക്കത്തില്‍ മലയാളസാഹിത്യം മലയാളത്തെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ പ്രിയപ്പെട്ടതായി തുടരാന്‍ സഹായിയ്‌ക്കും. സത്‌സന്ദേശവും സ്‌നേഹസ്‌പര്‍ശവും കൂടിയുണ്ടെങ്കില്‍ സാഹിത്യത്തെ ജനം നെഞ്ചോടു ചേര്‍ത്തുവയ്‌ക്കും. ഭാഷ വിലപ്പെട്ട സാഹിത്യത്തിന്റെ ഭണ്ഡാഗാരമാകുമ്പോള്‍ മലയാളികള്‍ ലോകത്തിന്റെ വിദൂരകോണുകളിലാണെങ്കില്‍പ്പോലും അതാസ്വദിയ്‌ക്കും. ചുരുക്കത്തില്‍, വിലപ്പെട്ട സാഹിത്യം ഭാഷയെ പ്രിയപ്പെട്ടതുമാക്കും. അതുകൊണ്ട്‌ ഇംഗ്ലീഷ്‌ പഠനത്തെ നിരുത്സാഹപ്പെടുത്തുകയോ അപലപിയ്‌ക്കുകയോ ചെയ്യുന്നതിനു പകരം മലയാളസാഹിത്യത്തെ പ്രോത്സാഹിപ്പിയ്‌ക്കുക, അതു പടര്‍ന്നു പന്തലിയ്‌ക്കട്ടെ. മലയാളവടവൃക്ഷത്തിന്റെ ശീതളച്ഛായ തേടി മലയാളികളെത്തുക തന്നെ ചെയ്യും.

Read Pdf

Picture2

Picture3



Comments


മലയാളികളുടെ ഇംഗ്ലീഷ്‌ പ്രേമം
by KRISHNA, India on 2014-10-29 20:24:07 pm
Good as well as informative article.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code