Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രാര്‍ത്ഥിയ്‌ക്കുന്ന മദര്‍- കേരളത്തിന്റെ സ്വന്തം ഏവു പ്രാസിയാമ്മ   - ഫാദര്‍ ജെയിംസ്‌ പുത്തന്‍പറമ്പില്‍

Picture

ജപമണികളുടെ രഹസ്യങ്ങള്‍ ചൊല്ലി, നിര്‍മ്മലസ്‌നേഹത്തിന്റെ പരിമളം പരത്തി, സഹനത്തിന്റെ കനല്‍വഴികളിലൂടെ നടന്ന്‌ കാട്ടൂര്‍ ഗ്രാമത്തിന്റെ റോസ്‌ കേരളത്തിന്റെ സ്വന്തം വിശുദ്ധ ഏവുപ്രാസിയാമ്മയാകുന്നു, 2014 നവംബര്‍ 22ന്‌. സാര്‍വ്വത്രികസഭയുടെ വലിയ മുക്കുവന്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ വിശുദ്ധവേദിയില്‍ വച്ച്‌ ഏവുപ്രാസിയാമ്മ എന്ന വിശുദ്ധനാമം പ്രഖ്യാപിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളമക്കള്‍ ഏവുപ്രാസിയാമ്മയുടെ മാദ്ധ്യസ്ഥം നേടും പ്രാര്‍ത്ഥനാപൂര്‍വ്വം. വിശുദ്ധിയുടെ ലളിത സോപാനത്തിലേയ്‌ക്ക്‌ നടന്നു കയറിയ ആ വിശുദ്ധയുടെ സഞ്ചാരപഥങ്ങള്‍ എന്തായിരുന്നു?

എലുവത്തിങ്കല്‍ ചെര്‍പ്പുക്കാരന്‍ ആന്റണിയുടേയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17ന്‌ തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ ഗ്രാമത്തില്‍ ജനിച്ചു. ദൈവഭയവും ക്രിസ്‌തീയചൈതന്യവുമുള്ള കുടുംബമായിരുന്നു റോസിന്റേത്‌. പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തിലാണവള്‍ വളര്‍ന്നു വന്നത്‌. പരിശുദ്ധമാതാവിനോട്‌ റോസിന്റെ അമ്മയ്‌ക്കുണ്ടായിരുന്ന ആഴമായ ഭക്തിയും വിശ്വാസവും റോസിന്റെ ഇളം മനസ്സില്‍ ദൈവവിശ്വാസത്തിന്റേയും ഭക്തിയുടേയും റോസാപ്പൂക്കള്‍ വിരിയിച്ചു. അമ്മ കുഞ്ഞേത്തി ചൊല്ലിക്കൊടുത്ത വിശുദ്ധരുടെ പുണ്യചരിതങ്ങള്‍ റോസിന്റെ ഹൃദയത്തില്‍ വിശുദ്ധിയുടെ വിത്തു പാകി. പ്രത്യേകിച്ചും ലീമലിലെ വിശുദ്ധറോസിന്റെ പുണ്യചരിതങ്ങള്‍ റോസിന്റെ ഹൃദയത്തില്‍ ഒരു പുണ്യവതിയാകണമെന്ന ആഗ്രഹം അങ്കുരിപ്പിച്ചു. വിശുദ്ധിയില്‍ വളരണമെന്നും പുണ്യങ്ങള്‍ അഭ്യസിക്കണമെന്നും ഈശോയ്‌ക്കു വേണ്ടി സഹനങ്ങള്‍ ഏറ്റെടുത്തു പുണ്യവതിയാകണമെന്നുമുള്ള അതിയായ ആഗ്രഹം റോസ്‌ എന്ന ബാലിക അവളുടെ ഹൃദയത്തില്‍ ഒരു നിധി പോലെ സൂക്ഷിച്ചിരുന്നു. ഇവയെല്ലാം വളരെ ശാന്തമായും രഹസ്യമായും പരിശീലിക്കണമെന്നതായിരുന്നു റോസിന്റെ ആഗ്രഹവും തീരുമാനവും. പ്രാര്‍ത്ഥനാന്തരീക്ഷമുള്ള ഭവനങ്ങളില്‍ വളരുന്ന മക്കളുടെ ഹൃദയങ്ങള്‍ വിശുദ്ധിയുടെ ഇടങ്ങളായി മാറുമെന്നത്‌ വീണ്ടും വീണ്ടും തെളിയിയ്‌ക്കപ്പെടുന്നു.

പരിത്യാഗ വഴികളിലൂടെ...

സമ്പന്നമായ കുടുംബത്തിലാണ്‌ വളര്‍ന്നു വന്നതെങ്കിലും ചെറുപ്രായത്തില്‍ത്തന്നെ ഭൌതികവസ്‌തുക്കളോടും ആഡംബരങ്ങളോടും ലോകസുഖങ്ങളോടും അകലം പാലിയ്‌ക്കുകയും വിരക്തി പുലര്‍ത്തുകയും ചെയ്‌തിരുന്നു റോസ്‌. എന്നു മാത്രമല്ല, ആത്മീയ കാര്യങ്ങളോട്‌ അതീവ താല്‌പര്യം പ്രകടിപ്പിയ്‌ക്കുകയും ചെയ്‌തിരുന്നു. ഇത്തരമൊരു ജീവിതശൈലിയ്‌ക്ക്‌ പശ്ചാത്തലമായത്‌ ഒന്‍പതാമത്തെ വയസ്സില്‍ റോസിനുണ്ടായ പരിശുദ്ധമാതാവിന്റെ ദര്‍ശനമായിരുന്നുവത്രെ. അതിനു ശേഷം റോസ്‌ എന്ന ബാലിക ഈശോയ്‌ക്ക്‌ തന്നെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചു. ഈശോയ്‌ക്ക്‌ ഏറെ ഇഷ്ടപ്പെട്ടൊരു കന്യാസ്‌ത്രീയായി ജീവിയ്‌ക്കണമെന്ന അതിയായ ആഗ്രഹം ചെറുപ്പം മുതല്‍ തന്നെ റോസ്‌ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ റോസിന്റെ സമ്പന്നനായ അപ്പച്ചന്‍ ആന്റണിയുടെ ആഗ്രഹം മകളെ സമ്പന്നമായൊരു കുടുംബത്തിലേയ്‌ക്ക്‌ വിവാഹം ചെയ്‌തയയ്‌ക്കണം എന്നതായിരുന്നു. സന്യാസജീവിതത്തോട്‌ അപ്പച്ചന്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിയ്‌ക്കുകയും ചെയ്‌തു. കന്യക, പ്രാര്‍ത്ഥന, തപസ്സ്‌, മൌനം, പുണ്യവതി എന്നീ ചിന്തകളായിരുന്നു റോസിന്റെ ഹൃദയം നിറയെ. ഈശോയുടെ മണവാട്ടിയായി ജീവിയ്‌ക്കുവാനുള്ള അതിയായ ആഗ്രഹത്തില്‍ റോസിന്റെ ഹൃദയം ത്രസിച്ചു.

അപ്പച്ചന്റെ മനംമാറ്റത്തിനായി അവള്‍ തീക്ഷ്‌ണമായി പ്രാര്‍ത്ഥിച്ചു. പരിശുദ്ധ അമ്മ കൊടുത്ത ജപമാല വണക്കം, ഉപവസിച്ചുള്ള പ്രാര്‍ത്ഥനകള്‍ എന്നിവയെല്ലാം വര്‍ദ്ധിത തീക്ഷ്‌ണതയോടെ റോസ്‌ അനുവര്‍ത്തിച്ചു പോന്നു. റോസിന്റെ ഇളയസഹോദരി ത്രേസ്യയുടെ ആകസ്‌മികമരണം കുടുംബത്തെ വല്ലാതെ ഉലച്ചു. അപ്പച്ചന്‍ ആന്റണിയ്‌ക്ക്‌ താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ വ്യഥ. റോസിന്റെ തീവ്രമായ ആഗ്രഹപൂര്‍ത്തിയ്‌ക്കായി ദൈവത്തിന്റെ ഇടപെടലായിരുന്നുവോ അതെന്നു പോലും ആന്റണി സംശയിച്ചു. ഇളയ മകള്‍ ത്രേസ്യയുടെ മരണം അദ്ദേഹത്തിന്റെ മനസ്സു മാറ്റി. മഠത്തില്‍ ചേര്‍ന്ന്‌ സന്യാസിനിയാകാനുള്ള റോസിന്റെ അദമ്യമായ ആഗ്രഹത്തിന്‌ അപ്പച്ചന്‍ അനുമതി നല്‍കി. അദ്ദേഹം തന്നെ റോസിനെ കൂനമ്മാവിലെ കര്‍മ്മലീത്താ മഠത്തില്‍ കൊണ്ടുപോയി ചേര്‍ത്തു.

സഹനത്തിന്റെ കനല്‍വഴികള്‍

വിവിധങ്ങളായ രോഗങ്ങളുടെ തോഴിയായിരുന്നു റോസ്‌. സന്യാസിനിയായി സമര്‍പ്പിതജീവിതം നയിയ്‌ക്കുന്നതിനുള്ള

അതീവതീക്ഷ്‌ണമായ അവളുടെ ആഗ്രഹത്തിന്‌ രോഗങ്ങള്‍ തടസ്സമാകുമോ എന്നവള്‍ ഭയന്നു. ദുസ്സഹമായ സഹനങ്ങളിലൂടെയാണ്‌ അവള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നത്‌. ഒരു ഘട്ടത്തില്‍ ദുസ്സഹമായൊരു വേദന അവളെ അലട്ടിയപ്പോള്‍ അധികാരികള്‍ റോസിനെ മഠത്തില്‍ നിന്നും തിരിച്ചയയ്‌ക്കാന്‍ പോലും തീരുമാനിച്ചിരുന്നു. എന്നാല്‍ റോസിനുണ്ടായ തിരുക്കുടുംബദര്‍ശനത്തിലൂടെ അത്ഭുതകരമായ രോഗശാന്തി അവള്‍ക്കു ലഭിച്ചു. അങ്ങനെ സന്യാസഭവനത്തില്‍ തുടരാനുള്ള ഭാഗ്യം അവള്‍ക്കു ലഭിച്ചു. സഹനങ്ങളിലൂടെയാകാം ഒരു വ്യക്തിയെ ദൈവം വിശുദ്ധിയിലേയ്‌ക്കു സ്‌ഫുടം ചെയ്‌തെടുക്കുന്നത്‌.

പ്രാര്‍ത്ഥനയുടെ തുടര്‍സാക്ഷ്യം...

സ്‌കൂള്‍പഠനത്തിനും സന്യാസജീവിതത്തിന്റെ പ്രാരംഭപരിശീലനത്തിനും ശേഷം 1897 മെയ്‌ 10ന്‌ റോസ്‌ സന്യാസപരിശീലനത്തിന്റെ അടുത്ത ഘട്ടമായ പോസ്റ്റുലന്‍സിയിലേയ്‌ക്ക്‌ സ്വീകരിയ്‌ക്കപ്പെട്ടു. ഈശോയുടെ തിരുഹൃദയത്തിന്റെ ഏവുപ്രാസിയ എന്ന പേരു സ്വീകരിച്ചു പരിശീലനം തുടര്‍ന്നു. നിരന്തരമായ പ്രാര്‍ത്ഥനയ്‌ക്കും പഠനത്തിനും പരിചിന്തനത്തിനും ശേഷം 1898 ജനുവരി 10ന്‌ ഏവുപ്രാസിയ കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ തിരുവസ്‌ത്രം സ്വീകരിച്ച്‌ യേശുവിന്റെ മണവാട്ടിയായി മാറി. ദൈവത്തിന്റെ അരുളപ്പാടുകള്‍ക്ക്‌ `അതെ' എന്നു പറഞ്ഞ്‌ തന്നെത്തന്നെ ദൈവഹിതത്തിന്‌ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച പരിശുദ്ധമാതാവായിരുന്നു സിസ്റ്റര്‍ ഏവുപ്രാസിയയുടെ മാതൃക. വിനയത്തിലും പരസ്‌നേഹത്തിലും വളര്‍ന്ന്‌, ഉപവാസവും മറ്റ്‌ പരിത്യാഗപ്രവൃത്തികളും അനുവര്‍ത്തിച്ച്‌, വിശുദ്ധിയില്‍ നിരന്തരം വളര്‍ന്നു സിസ്റ്റര്‍ ഏവുപ്രാസിയ. കടുത്ത രോഗപീഡകളുടേയും നടുവിലും അവാച്യമായ ആത്മീയസന്തോഷം അവര്‍ അനുഭവിച്ചിരുന്നുവത്രെ. 1900 മെയ്‌ 24ന്‌ ഒല്ലൂരില്‍ സെന്റ്‌ മേരീസ്‌ മഠം സ്ഥാപിതമായി, അന്നേദിവസം തന്നെയാണ്‌ സിസ്റ്റര്‍ ഏവുപ്രാസിയ തന്റെ നിത്യവ്രത വാഗ്‌ദാനം നടത്തി തന്നെത്തന്നെ സമ്പൂര്‍ണ്ണമായി ഈശോയ്‌ക്കു സമര്‍പ്പിച്ചത്‌. അവര്‍ണ്ണനീയമായ ആത്മീയസന്തോഷമാണ്‌ അന്നവര്‍ക്ക്‌ അനുഭവപ്പെട്ടത്‌.

ഉത്തരവാദിത്വങ്ങളുടെ ലാളിത്യം

പ്രാര്‍ത്ഥനയും തപസ്സും പരിത്യാഗവും സമര്‍പ്പിത ജീവിതത്തിന്റെ മുഖമുദ്രയാക്കി ഏവുപ്രാസിയാമ്മ വിശുദ്ധിയുടെ പുണ്യസൌധം തീര്‍ത്തു. 1904 മുതല്‍ 1913 വരെ അര്‍ത്ഥിനികളെ നൊവിഷ്യറ്റില്‍ പരിശീലിപ്പിയ്‌ക്കുന്ന വലിയ ഉത്തരവാദിത്വം ഏവുപ്രാസിയാമ്മയില്‍ നിക്ഷിപ്‌തമായി. പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാലും അനുഗ്രഹങ്ങളാലും തന്റെ സഭാസമൂഹത്തിലെ പിന്‍മുറക്കാരെ പരിശീലിപ്പിച്ച്‌ രൂപപ്പെടുത്തുവാനുള്ള വലിയ ഉത്തരവാദിത്വമായിരുന്നു അത്‌. തന്നിലുള്ള വിശുദ്ധിയുടെ കൃപാപ്രകാശം ചിന്തകളിലൂടെ, പ്രാര്‍ത്ഥനയിലൂടെ, കര്‍മ്മങ്ങളിലൂടെ, പിന്‍തലമുറയുടെ ഹൃദയങ്ങളിലേയ്‌ക്കു പകരുക എന്നത്‌ ആത്മവിശുദ്ധികൊണ്ടു മാത്രം സാദ്ധ്യമാകുന്ന കാര്യമായിരുന്നു. ലാളിത്യം, വിനയം, ദാരിദ്ര്യം, പരിത്യാഗം, അനുസരണം എന്നീ പുണ്യങ്ങളുടെ വിളനിലമായി ഏവുപ്രാസിയാമ്മയെ നൊവിസസ്‌ അടുത്തറിഞ്ഞു. ലളിതമായ ചുറ്റുപാടുകളില്‍ ആരാലും അറിയപ്പെടാതെ പുണ്യജീവിതം നയിച്ചു ധന്യയാകുക എന്നതായിരുന്നു ഏവുപ്രാസിയാമ്മയുടെ ആഗ്രഹം. എന്നാല്‍ 1913ല്‍ അവര്‍ ഒല്ലൂര്‍ സെന്റ്‌മേരീസ്‌ മഠത്തിലെ സുപ്പീരിയറായി നിയമിയ്‌ക്കപ്പെട്ടു. ഏറെ വിനയാന്വിതയായ ഏവുപ്രാസിയാമ്മയ്‌ക്ക്‌ തന്നെ ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നത്‌ പ്രയാസമായിത്തോന്നി. എന്നാല്‍, ആഴമായൊരു ആന്തരികപ്രേരണയാല്‍ ഏവുപ്രാസിയാമ്മ തിരുഹൃദയനാഥന്റെ ഒരു തിരുസ്വരൂപം വാങ്ങി മഠത്തിന്റെ നടുവില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രതിഷ്‌ഠിച്ച്‌ തന്നില്‍ നിക്ഷിപ്‌തമായ മദര്‍ സുപ്പീരിയറുടെ ഉത്തരവാദിത്വങ്ങള്‍ വിനയപുരസ്സരം ഈശോയുടെ തിരുഹൃദയത്തില്‍ സമര്‍പ്പിച്ചു.

ഏകദേശം 48 വര്‍ഷക്കാലത്തോളം ഒല്ലൂരിലെ സെന്റ്‌ മേരീസ്‌ മഠം ഏവുപ്രാസിയാമ്മയുടെ ഭവനമായി മാറി. നിരന്തരം ജപമാല ചൊല്ലി ദിവ്യനാഥനു മുന്‍പില്‍ പ്രാര്‍ത്ഥിയ്‌ക്കുന്ന ഏവുപ്രാസിയാമ്മയെയാണ്‌ സഹസന്യാസിനികളും നാട്ടുകാരും ഇക്കാലമത്രയും കണ്ടത്‌. `പ്രാര്‍ത്ഥിയ്‌ക്കുന്ന മദര്‍' എന്ന്‌ നാട്ടുകാര്‍ മദറിനെ സ്‌നേഹപൂര്‍വ്വം വിളിച്ചപ്പോള്‍ `സഞ്ചരിയ്‌ക്കുന്ന സക്രാരി' എന്നാണ്‌ ഏവുപ്രാസിയാമ്മയെ സഹസന്യാസിനികള്‍ വിശേഷിപ്പിച്ചത്‌. മദറിന്റെ സാന്നിദ്ധ്യം ഈശോയുടെ സ്‌നേഹസാന്നിദ്ധ്യമായി അവര്‍ അനുഭവിച്ചറിഞ്ഞു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. മദറിന്റെ സാന്നിദ്ധ്യം എപ്പോഴും അവര്‍ക്ക്‌

സാന്ത്വനത്തിന്റെ കുളിര്‍തെന്നലായി.

സമര്‍പ്പിത ജീവിതത്തിന്റെ ആദ്യവര്‍ഷം മുതല്‍ത്തന്നെ പുണ്യചരിതനായ ജോണ്‍ മേനാച്ചേരി മെത്രാന്റെ ആത്മീയ മാര്‍ഗ്ഗദര്‍ശിത്വം ലഭിയ്‌ക്കുവാനുള്ള ഭാഗ്യം ഏവുപ്രാസിയാമ്മയ്‌ക്കുണ്ടായി. ആത്മീയജീവിതത്തിന്റെ എല്ലാ തലങ്ങളും അഭിവന്ദ്യ മെത്രാനച്ചനുമായി മദര്‍ പങ്കു വച്ചിരുന്നു. തന്റെ ആത്മീയജീവിതസംബന്ധിയായ 80 കത്തുകള്‍ ഏവുപ്രാസിയാമ്മ പിതാവിന്‌ അയച്ചുകൊടുത്തിട്ടുണ്ട്‌. ആ കത്തുകളെല്ലാം അദ്ദേഹം സൂക്ഷിച്ചു വയ്‌ക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന അഭിവന്ദ്യനായ ജോര്‍ജ്ജ്‌ ആലപ്പാട്ട്‌ മെത്രാന്‍ തല്‍സ്ഥാനത്തുനിന്നും വിരമിച്ചപ്പോള്‍ ആ കത്തുകളെല്ലാം കര്‍മ്മലീത്താ സന്യാസിനിസഭയുടെ അധിപയെ ഏല്‍പ്പിച്ചു. ഒരു പ്രവചനമെന്ന പോലെ ആ സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞു: `ഇതെല്ലാം പിന്നീട്‌ ആവശ്യമായി വരും'. വിനയാന്വിതമായ പ്രാര്‍ത്ഥനയുടെ ഉടല്‍സാക്ഷ്യമായ ഒരു വിശുദ്ധയുടെ സമര്‍പ്പിതജീവിതത്തിന്റെ സഞ്ചാരപഥങ്ങളാണ്‌ ഈ കത്തുകള്‍.

ദിവ്യകാരുണ്യത്തിന്റേയും ജപമാലയുടേയും ഉപാസക

പകല്‍സമയങ്ങളില്‍ ഏറിയ പങ്കും മദര്‍ ചിലവിട്ടത്‌ മഠത്തിന്റെ ചാപ്പലിലെ ദിവ്യകാരുണ്യസന്നിധിയിലായിരുന്നു. പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്തിലും ഭക്തിയിലും അനുദിനം ആഴപ്പെടുകയും ചെയ്‌തിരുന്നു. മദര്‍ അങ്ങിനെ ദിവ്യകാരുണ്യത്തിന്റേയും ജപമാല വണക്കത്തിന്റേയും പ്രേക്ഷിതയായി മാറി. ക്രൂശിതനായ ഈശോയായിരുന്നു ഏവുപ്രാസിയാമ്മയുടെ ശക്തി എന്നും. അതുകൊണ്ടു തന്നെ അഭിമുഖീകരിയ്‌ക്കേണ്ടി വന്ന സഹനങ്ങളും തെറ്റിദ്ധാരണകളും ഒറ്റപ്പെടുത്തലുകളും ഈശോയോടുള്ള സ്‌നേഹത്തെ പ്രതി സമ്പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. മദറിന്റെ ആത്മീയകത്തുകളില്‍ പറഞ്ഞിട്ടുള്ളതുപോലെ സ്വര്‍ഗ്ഗീയ മണവാളനായ ഈശോ ആയിരുന്നു മദറിന്റെ ആത്മബലവും സമാശ്വാസവും എന്നും. സഹജീവികള്‍ക്ക്‌ എന്നെത്തന്നെ പകുത്തു നല്‍കുവാന്‍ ഏവുപ്രാസിയാമ്മയ്‌ക്ക്‌ സാദ്ധ്യമായത്‌ ഈശോയിലുള്ള അവരുടെ ആഴമായ ഐക്യം നിമിത്തമായിരുന്നു (യോഹന്നാന്‍ 15:5 കാണുക). സഭയുടെ ദര്‍ശനം തന്നെ ജീവിതത്തിലേയ്‌ക്ക്‌ പരാവര്‍ത്തനം ചെയ്യാന്‍ അമ്മയ്‌ക്ക്‌ സാദ്ധ്യമായത്‌ അങ്ങിനെയാണ്‌. തന്റെ സഹായം തേടിയെത്തിയ എല്ലാ മക്കള്‍ക്കും മാതൃതുല്യമായ സ്‌നേഹത്തോടെയും കരുതലോടെയും ഈശോയുടെ കറയില്ലാത്ത സ്‌നേഹം പങ്കുവച്ചു നല്‍കുവാന്‍ മദറിനു കഴിഞ്ഞിരുന്നു. നൊമ്പരപ്പെടുന്ന എല്ലാ മക്കള്‍ക്കും സമാശ്വാസം നല്‍കാനും എല്ലാ മക്കള്‍ക്കും വേണ്ടി ഈശോയുടെ സന്നിധിയില്‍ മാദ്ധ്യസ്ഥം വഹിയ്‌ക്കുവാനും മദറിനു കഴിഞ്ഞു. മറ്റുള്ളവരില്‍ നിന്നും മദറിനു ലഭിച്ചിരുന്ന സ്‌നേഹത്തിന്റെ ചെറിയ ചലനങ്ങള്‍ക്കു പോലും മദര്‍ ഇപ്രകാരം പ്രത്യുത്തരം നല്‍കിയിരുന്നു: `ഇതൊരു നാളും ഞാന്‍ മറക്കില്ല; മരണശേഷവും.'

തിരുസ്സഭയോടുള്ള ആഴമായ ബന്ധവും സ്‌നേഹവും ഏവുപ്രാസിയാമ്മയ്‌ക്കുണ്ടായിരുന്നു. തന്റെ കാലഘട്ടത്തില്‍ സഭയ്‌ക്ക്‌ നേരിടേണ്ടിവന്ന എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും തന്റേതു കൂടിയാണെന്ന്‌ ഏവുപ്രാസിയാമ്മ തിരിച്ചറിഞ്ഞ്‌ സ്വന്തമാക്കിയിരുന്നു. ശീശ്‌മകളുടെ മാനസാന്തരത്തിനും ആത്മവിശുദ്ധീകരണത്തിനുമായി ധാരാളം

പ്രായശ്ചിത്തപ്രവൃത്തികളും പ്രായശ്ചിത്ത പ്രവൃത്തികളും ഏവുപ്രാസിയാമ്മ ഏറ്റെടുത്തിരുന്നു. നൊവിഷ്യറ്റിലെഅര്‍ത്ഥിനികളോടും മറ്റു കുട്ടികളോടും ഈ നിയോഗത്തിനു വേണ്ടി പ്രാര്‍ത്ഥിയ്‌ക്കുവാനും മദര്‍ ആവശ്യപ്പെട്ടിരുന്നു. സ്‌നേഹപൂര്‍വ്വം സഭാതലവനായ മാര്‍പ്പാപ്പയ്‌ക്കു വേണ്ടിയും മെത്രാന്മാര്‍ക്കു വേണ്ടിയും വൈദികര്‍ക്കു വേണ്ടിയും സമര്‍പ്പിതര്‍ക്കു വേണ്ടിയും ദിവ്യകാരുണ്യസന്നിധിയില്‍ ഏവുപ്രാസിയാമ്മ അതീവ തീവ്രതയോടെ പ്രാര്‍ത്ഥിച്ചിരുന്നു ദൈവസ്‌നേഹത്തെ പ്രതി ഏവുപ്രാസിയാമ്മ തന്നെത്തന്നെ ഒരു സഹനബലിയായി സമര്‍പ്പിച്ചു. ദൈവഹിതത്തോട്‌ അനുരൂപപ്പെടാനായി തന്നെത്തന്നെ പൂര്‍ണ്ണമായി പരിത്യജിച്ചു അവര്‍. സമാനതകളില്ലാത്ത ഒരു സമര്‍പ്പണമായി ആ പുണ്യജീവിതം തുടര്‍ന്നു, 1952 ആഗസ്റ്റ്‌ 29ന്‌ ഏവുപ്രാസിയാമ്മയുടെ പുണ്യാത്മാവ്‌ ഈശോവില്‍ വിലയം പ്രാപിച്ചതു വരെ.

വിശുദ്ധിയുടെ പരിമളം എന്നും എങ്ങും പ്രസരിയ്‌ക്കും. സമസ്‌ത ജീവിതങ്ങളേയും അത്‌ തഴുകി തലോടും. അഞ്ചേരി ദേശക്കാരന്‍ തരകന്‍ തോമസ്‌ എന്ന മകന്‍ സൌഖ്യം പ്രാപിച്ചതങ്ങിനെയാണ്‌, 1997 ഡിസംബറില്‍.

സന്യാസത്തിന്റേയും സമര്‍പ്പണജീവിതത്തിന്റേയും സമവാക്യങ്ങള്‍ തിരുത്തിക്കുറിയ്‌ക്കപ്പെടുന്ന വര്‍ത്തമാനകാലത്തില്‍ വിശുദ്ധ ഏവുപ്രാസിയാമ്മ നിരന്തരമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്‌ സനസ്‌തര്‍ക്ക്‌. അന്തഃസത്ത ചോര്‍ന്നു പോകാത്ത സന്യാസത്തിനെ ജീവിതം കൊണ്ടുള്ള രേഖപ്പെടുത്തലാണ്‌ ഏവുപ്രാസിയാമ്മയുടെ വിശുദ്ധജീവിതം. അധികാരവും ആസക്തിയും ധനവും പെരുമയും സന്യാസത്തിന്റേയും സമര്‍പ്പണത്തിന്റേയും ദീപസ്‌തംഭങ്ങളാകുമ്പോള്‍ കറകളഞ്ഞ സന്യാസത്തിന്റെ ചാരുത നെഞ്ചോടടുക്കിപ്പിടിച്ച്‌ യാത്ര തുടരുന്ന അനേകായിരങ്ങള്‍ക്ക്‌ ഒരു പ്രകാശഗോപുരമായി ഉയര്‍ന്നു തെളിയുന്നു വിശുദ്ധ ഏവുപ്രാസിയാമ്മ. `പ്രാര്‍ത്ഥിയ്‌ക്കുന്ന മദര്‍' നമ്മുടെ ഹൃദയത്തിലും കൂടുകൂട്ടും ഇനി.

ഫാദര്‍ ജെയിംസ്‌ പുത്തന്‍പറമ്പില്‍
കോര്‍പ്പസ്‌ ക്രിസ്‌തി

(കടപ്പാട്‌: സിറിയക്‌ സ്‌കറിയ, സാന്‍അന്റോണിയോ)

Picture2



Comments


Great
by SAM ANTO, United States on 2014-11-21 07:54:17 am
Great Article..


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code