Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാവറയച്ചന്‍ കേരളത്തിന്റെ നവോത്ഥാന നായകന്‍   - ഫാ. ജയിംസ്‌ പുത്തന്‍പറമ്പില്‍

Picture

കേരള ചരിത്രത്തെ രൂപപ്പെടുത്തിയ നവോത്ഥാന നായകന്‍ന്മാരില്‍ പ്രഥമ സ്ഥാനീയനാണ്‌ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍. കേരളത്തിന്റെ ചരിത്രത്താളുകളില്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന നവോത്ഥാന നായകരില്‍ നക്ഷത്രത്തിളക്കമുള്ള വ്യക്തിത്വമാണ്‌ വിശുദ്ധ പദവിയിലേക്ക്‌
ഉയര്‍ത്തപ്പെടുന്ന ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍. വര്‍ത്തമാനകാല രാഷ്ട്രീയസാമുദായിക
അവിശുദ്ധ ബന്ധങ്ങളുടെ പേരില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല അദ്ദേഹം എന്നത്‌ ഖേദകരമാണ്‌. ഒരു പ്രത്യേക സമുദായത്തിന്റെ നവോത്ഥാന നായകന്‍ എന്നതിലുപരി സര്വരെയും ഉള്‌ക്കൊള്ളുന്ന വിശാല മാനവികതയുടെ ഉപാസകനായിരുന്നു അദ്ദേഹം.

ഒരു സാമുദായിക പരിഷ്‌ക്കര്‍ത്താവ്‌ എന്നതിലുപരി ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെ അറിവിന്റെ ലോകത്തിലേക്ക്‌ നയിച്ച അതികായകനാണ്‌ ചാവറയച്ചന്‍. ജാതി, മത, വര്‍ഗ്ഗ ചേരിതിരിവുകളൊന്നും പരിഗണനാവിഷയമായിരുന്നില്ല അദ്ദേഹത്തിന്‌. 'പള്ളിയോടു ചേര്‍ന്ന്‌ ഒരു സ്‌കൂള്‍' എന്നത്‌ അദ്ദേഹത്തിന്റെ തനതായ ദര്‍ശനമായിരുന്നു. കേരള ചരിത്രത്തില്‍ `പള്ളിക്കൂടങ്ങള്‍` ഇടം നേടിയത്‌ അങ്ങിനെയാണ്‌. സൗജന്യ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഇത്രത്തോളം പ്രാധാന്യം നല്‍കിയ മറ്റൊരു വ്യക്തിത്വം കേരള നവോത്ഥാന ചരിത്രത്തില്‍ ഉണ്ടാവില്ല. അറിവിലൂടെ ബൗദ്ധികമായ മുന്നേറ്റവും സ്‌ത്രീ വിദ്യാഭ്യാസവും, സമൂഹത്തിന്റെ സുസ്ഥിതിക്ക്‌ അനിര്‍വാര്യമാണെന്നുള്ള വിശാല ദര്‍ശനം അദ്ദേഹത്തിനുണ്ടായിരുന്നു. ആദിശങ്കരന്‍, ശ്രീനാരായണ ഗുരു എന്നീ ആത്മീയ മഹാരഥന്മാരുടെ ഗണത്തില്‍ അദ്ദേഹവും എണ്ണപ്പെട്ടതുകൊണ്ടാകാം കേരള ചരിത്രത്തിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെ കൂട്ടത്തില്‍ വേണ്ടത്ര പ്രാധാന്യത്തോടെ അദ്ദേഹം പരിഗണിക്കപ്പെടാതെ പോയത്‌.

വിദ്യാസമ്പാദനത്തിലൂടെ വിമോചനവും സുസ്ഥിതിയും എന്നത്‌ അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. സുചിന്തിതമായ ഒരു ദര്‍ശനവും വിദ്യാഭ്യാസത്തെക്കുറിച്ച്‌ അദ്ദേഹത്തിനുണ്ടായിരുന്നു. `കുട്ടികള്‍ക്ക്‌ തിരിച്ചറിവിന്റെ പ്രായമാകുമ്പോള്‍ത്തന്നെ അവരെ സ്‌കൂളില്‍ അയയ്‌ക്കണം. അവരുടെ പഠന നിലവാരത്തെ ക്കുറിച്ചും, കൂട്ടുക്കെട്ടുകളെക്കുറിച്ചും മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും വേണം. എല്ലാ ഞായറാഴ്‌ചകളിലും അവരുടെ പഠന മികവ്‌ പരിശോധിക്കുകയും വേണം.` ( ഡിശൂൗല ഇീിേൃശയൗശേീി െീള ആഹലലൈറ ഗൗൃശമസീലെ ഋഹശമ െഇവമ്‌മൃമ ശി ഋറൗരമശേീി ഖീലെുവ ഢമൃഴവലലെ ഗൗൃലലവേമൃമ ). കുടിപ്പള്ളിക്കൂടങ്ങളും ആശാന്‍ കളരികളുമായിരുന്നു ചാവറയച്ചന്റെ കാലത്ത്‌ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍. രാജഭരണം നിലവിലുണ്ടായിരുന്ന അക്കാലത്ത്‌ കേരളം, തിരുവിതാംകൂര്‍ തിരുക്കൊച്ചി മലബാര്‍ എന്നാ പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസരംഗത്ത്‌ സാരമായ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല. സംസ്‌കൃതപഠനം അക്കാലത്ത്‌ ഉന്നതകുലജാതര്‍ക്ക്‌ മാത്രം പ്രാപ്യമായിരുന്നു. വര്‍ഗ്ഗവര്‍ണ്ണ വിവേചനങ്ങളും ജാതിവ്യവസ്ഥകളും ഏറെ പ്രബലമായിരുന്നു അക്കാലത്ത്‌. സംസ്‌കൃതപഠനവും ഇംഗ്‌ളീഷ്‌ വിദ്യാഭ്യാസവും മറ്റും, കീഴ്‌ജാതിക്കാര്‍ക്ക്‌ കിട്ടാക്കനിയായിരുന്നു. 1819 ല്‍ തിരുവതാംകൂര്‍ രാജ്ഞിയായിരുന്ന ഗൗരീ പാര്‍വതീഭായി മലയാള ഭാഷയില്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയെങ്കിലും, തുടങ്ങിയ സ്‌കൂളുകള്‍ അധികകാലം നിലനിന്നില്ല. പിന്നീട്‌ സ്വാതിതിരുന്നാള്‍ മഹാരാജാവ്‌ തിരുവിതാംകൂറില്‍ ആദ്യമായി ഇംഗ്‌ളീഷ്‌ വിദ്യാഭ്യാസത്തിന്‌ തുടക്കമിട്ടു.

കേരളത്തിലെ സുറിയാനി കത്തോലിക്കര്‍ പരമ്പരാഗതമായി കാര്‍ഷികവൃത്തിയിലും കച്ചവടത്തിലും വ്യാപൃതരായിരുന്നു. കേരള സുറിയാനി ക്രിസ്‌ത്യാനികളുടെ ഭാഗധേയം തിരുത്തിക്കുറിച്ച ഉദയംപേരൂര്‍ സൂനഹദോസിന്റെ (1599) ദുരന്ത ഫലങ്ങലിലൊന്ന്‌ വിദ്യാഭ്യാസരംഗത്ത്‌ സിനഡ്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളായിരുന്നു. അന്യമതസ്‌തഥരില്‍നിന്നും വിദ്യ അഭ്യസിക്കുന്നതും, മറ്റു മതസ്‌തഥരെ സുറിയാനിക്കാര്‍ പഠിക്കുന്ന ഇടങ്ങളിലേക്ക്‌ സ്വീകരിക്കുന്നതും നിയന്ത്രിച്ചിരുന്നു. ഫലമോ..? സര്‍വകലാശാലാ ബിരുദമുള്ള സുറിയാനി കത്തോലിക്കര്‍ വിരളമായിരുന്നു. ആരും ത്തന്നെ ഇല്ലായിരുന്നു എന്നതാണ്‌ വസ്‌തുത.

ചാവറയച്ചന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാകുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. മാന്നാനത്തെ ആശ്രമത്തോടു ചേര്‍ന്ന്‌ ആദ്യത്തെ സംസ്‌കൃത സ്‌കൂള്‍ അദ്ദേഹം ആരംഭിച്ചു. സംസ്‌കൃതപഠനം സവര്‍ണ്ണര്‍ക്കായി മാത്രം സംവരണം ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട വസ്‌തുതയാണ്‌. ഇംഗ്‌ളീഷ്‌ സ്‌കൂള്‍ തുടങ്ങാതിരുന്നതിന്റെ പ്രധാന കാരണം പ്രൊട്ടസ്‌റ്റെന്റ്‌ താല്‌പര്യങ്ങളും ആശയങ്ങളും പ്രചരിക്കപ്പെടും എണ്ണ ഉല്‍കണ്‍ഠയായിരുന്നു. വേദപഠന മാധ്യമമായ സംസ്‌കൃതം ഉയര്‌ന്ന ജാതിക്കാര്‌ക്കായി മാത്രം സംവരണം ചെയ്യപ്പെട്ടിരുന്ന കാലഘട്ടത്തില്‍, സുറിയാനി ക്രിസ്‌ത്യാനികളുടെ മേല്‍നോട്ടത്തില്‍ സംസ്‌കൃത സ്‌കൂള്‍ തുടങ്ങുക എന്നത്‌ വിപ്‌ളവാത്മമകം ആയിരുന്നു. ചാവറയച്ചന്‍ ആരംഭിച്ച പ്രിന്റിംഗ്‌ പ്രസ്സ്‌ നവോത്ഥാന രംഗത്തേക്കുള്ള ഒരു കുതിച്ചു ചാട്ടമായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം മാന്നാനത്തും, ആര്‍പ്പുക്കരയിലും മലയാളം സ്‌കൂളുകള്‍ ആരംഭിച്ചു.

ഔപചാരികവും ക്രമാനുഗതവുമായ വിദ്യാഭ്യാസം, ചാവറയച്ചനും അദ്ദേഹത്തിന്റെ തലമുറയ്‌ക്കും, മുന്‍ തലമുറയ്‌ക്കും തീര്‍ത്തും അന്യമായിരുന്നു. തങ്ങള്‍ക്കു ലഭിക്കാതെ പോയത്‌ ഭാവി തലമുറയ്‌ക്ക്‌ പ്രാപ്യമാക്കുക എന്നത്‌ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക്‌ തിളക്കം കൂട്ടുന്നു. സമൂഹത്തിന്റെ നാനാ തുറയില്‍പ്പെട്ടവര്‍ക്കും വിദ്യാഭ്യാസം സാധ്യമാക്കി തീര്‍ക്കുക എന്ന വിശാലമായ ദര്‍ശനത്തിലേക്കാണ്‌ അദ്ദേഹം വാതില്‍ തുറന്നിട്ടത്‌.

പാവങ്ങള്‍ക്കു നല്‍കുന്ന ചെറിയ സാമ്പത്തിക സഹായം ഒരു സമൂഹത്തെയും ആദ്യന്തികമായി പുരോഗതിയിലേക്ക്‌ നയിക്കുകയില്ല എന്ന വിശാലമായ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. കെട്ടുറപ്പുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിന്‌ തൊഴിലിന്റെ, വിദ്യാഭ്യാസ സമ്പാദനത്തിന്റെ അനന്ത സാധ്യതകളിലേക്ക്‌ സമൂഹത്തെ നയിക്കുന്നതിന്‌ വിദ്യാഭ്യാസത്തെക്കാള്‍ ശ്രേഷ്‌ഠമായ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും അതുവഴി സമൂഹത്തിനു കൈവരുന്ന നന്മയും ഔന്നത്യവും എത്രത്തോളമെന്ന അവബോധം സമൂഹ മന:സാക്ഷി യിലേക്ക്‌ പരാവര്‍ത്തനം ചെയ്യാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു എന്നത്‌ ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ്‌. വിദ്യാഭ്യാസം ഉന്നതകുല ജാതരിലേക്ക്‌, മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു കാലഘട്ടത്തിലാണ്‌ ഇത്തരം വിപ്‌ളവാത്മകമായ ചിന്തകളും പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സമൂഹത്തെ ഉണര്‍ത്തിയത്‌ എന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. കാലത്തിനുമുന്‍പേ നടന്ന ധീഷണശാലിയാണ്‌ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍. വിശുദ്ധ പദവിയിലേക്ക്‌ അദ്ദേഹം ഉയര്‍ത്തപ്പെടുമ്പോള്‍ കേരളമക്കള്‍ അഭിമാന പുളകിതരാകുന്നു. കേരളം കണ്ട നവോത്ഥാന നായകരിലെ പ്രകാശഗോപുരമായി ഈ മഹത്‌ വ്യക്തിത്വം എന്നും ശോഭിതമാവുകയും ചെയ്യും.

ഫാ. ജയിംസ്‌ പുത്തന്‍പറമ്പില്‍

കോര്‍പ്പസ്‌ ക്രിസ്‌തി

 

(കടപ്പാട്‌: സിറിയക്‌ സ്‌കറിയ, സാന്‍അന്റോണിയോ)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code