റോം: മലയാള നാടിന്റെ പുണ്യം ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ ഗണത്തിലേക്ക് ഇന്ന് ഉയര്‍ത്തപ്പെടും.ഇന്നു രാവിലെ പത്തിന് (ഇന്ത്യയില്‍ ഉച്ചയ്ക്കു 2.30) ആരംഭിക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കും. ഇറ്റലിയില്‍നിന്നുള്ള ജിയോവാനി അന്തോനിയോ ഫരീന, ലുദവിക്കോ ദേ കസോറിയോ, നിക്കോള ദ ലുംഗോബാര്‍ദി, അമാത്തോ റങ്കോണി എന്നിവരെയും ചടങ്ങില്‍ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.
വിശുദ്ധ പത്രോസിന്റെ പേരിലുള്ള ചത്വരത്തിലാണു ചടങ്ങ്. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേല അമാത്തോ, ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ. ഡോ. ചെറിയാന് തുണ്ടുപറമ്പില്‍ സിഎംഐ, വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റു നാലുപേരുടെയും നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍മാര്‍, കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍ എന്നിവര്‍ ബലിവേദിയിലേക്കുള്ള പ്രദക്ഷിണത്തില്‍ മാര്‍പാപ്പയെ അനുഗമിക്കും.
തുടര്‍ന്ന് മാര്‍പാപ്പ ആറുപേരെയും വിശുദ്ധരായി പ്രഖ്യാപിക്കും. ഔദ്യോഗിക നാമകരണത്തെ തുടര്‍ന്ന് ആറു വിശുദ്ധരുടെയും തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. നാമകരണച്ചടങ്ങില്‍ നാലു ലക്ഷത്തോളം പേര്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള സകര്യങ്ങളാണ് സെന്റ് പീറ്റേഴക്കസ് സക്കക്വയറില് ഒരുക്കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ മൂന്നംഗപ്രതിനിധി സംഘവും വത്തിക്കാനിലെത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ നേതൃത്വത്തില്‍ എംപിമാരായ ജോസ് കെ. മാണി, പി. രവീന്ദ്രബാബു എന്നിവരാണു സംഘാംഗങ്ങള്‍.
ചാവറയച്ചന്റെ മധ്യസ്ഥതയില്‍ രോഗസൗഖ്യം ലഭിച്ച പാലാ സ്വദേശി മരിയ റോസ്, എവുപ്രാസ്യമ്മയുടെ മാധ്യസ്ഥത്താല്‍ രോഗം ഭേദമായ തൃശൂര്‍ കൊടകര സ്വദേശി ജൂവല്‍ എന്നിവരും മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
Comments