Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീരം പൊതുവണക്കത്തിനു വച്ചു

Picture

ഓള്‍ഡ് ഗോവ: പ്രാര്‍ഥനാനിരതമായി നിന്ന ആയിരങ്ങള്‍ക്കു നടുവിലൂടെ സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീരം ബോം ജീസസ് ബസിലിക്കയില്‍നിന്നു സീ കത്തീഡ്രലിലേക്കു മാറ്റി ഇന്നലെ ഉച്ചയോടെ പൊതുദര്‍ശനത്തിനു വച്ചു. ഇനി ആറ് ആഴ്ചത്തേക്ക് ഭക്തജനങ്ങള്‍ക്കു പൊതുവണക്കത്തിന് അവസരം.

ബോം ജീസസ് ബസിലിക്കയുടെ മുന്നില്‍ തയാറാക്കിയ കൂറ്റന്‍ പന്തലില്‍ കൊങ്കണിയിലുള്ള പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കുശേഷമാണ് പൂജ്യശരീരം ബോംജീസസ് ബസിലിക്കയുടെ എതിര്‍വശത്തുള്ള സീ കത്തീഡ്രലിലേക്കു പ്രദക്ഷിണമായി സംവഹിച്ചത്. കുര്‍ബാനയ്ക്ക് മാംഗളൂര്‍ ബിഷപ് ഡോ. അലോഷ്യസ് പോള്‍ ഡിസൂസ മുഖ്യകാര്‍മികത്വം വഹിച്ചു. ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ, ഗോവ എമിരറ്റസ് ആര്‍ച്ച്ബിഷപ് ഡോ. റൗള്‍ നിക്കോളാസ് ഗോണ്‍സാല്‍വസ്, ഇറ്റാനഗര്‍ ബിഷപ് ഡോ. ജോണ്‍ തോമസ് കാട്രുകുടിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ചീഫ് സെക്രട്ടറി ശ്രീവാസ്തവ, എംഎല്‍എമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

പൊതുവണക്കത്തിനു സീ കത്തീഡ്രലിലേക്കു കൊണ്ടുപോകുന്നതിനായി വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീരം അടങ്ങിയ വെള്ളിപ്പേടകം ബോം ജീസസ് ബസിലിക്കയിലെ ഉയര്‍ത്തിക്കെട്ടിയ സ്മാരക മണ്ഡപത്തില്‍നിന്നു താഴെയിറക്കി വച്ചിരുന്നു. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോയുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി. രാത്രിയില്‍ പ്രത്യേക സുരക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നു.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുമായി ബന്ധപ്പെട്ട രണ്ടു പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പൊതുദര്‍ശനം.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code