Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടു

Picture

റോം: കേരളത്തിന്റെ പുണ്യം ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. ഇനി ആഗോള കത്തോലിക്കാസഭയുടെ ദേവാലയങ്ങളില്‍ അള്‍ത്താര വണക്കത്തിനു യോഗ്യര്‍. ത്രിവര്‍ണ പതാകയിലൂടെ ഭാരതവും മലയാളത്തിലൂടെ കേരളവും സാന്നിധ്യമറിയിച്ച ധന്യമുഹൂര്‍ത്തത്തില്‍ ഇരുവരെയും ഫ്രാന്‍സിസ്‌ മാര്‍പാപ്പ വിശുദ്ധരുടെ നിരയിലേക്കു പേരു ചൊല്ലിവിളിച്ചു. വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ മലയാളികളടക്കം ആയിരക്കണക്കിനു വിശ്വാസികള്‍ ചരിത്രനിമിഷത്തിനു സാക്ഷികളായി.

ഇറ്റലിക്കാരായ ജിയോവാനി അന്തോനിയോ ഫരീന, നിക്കോള ദ ലുംഗോബാര്‍ദി, അമാത്തോ റങ്കോണി, ലുദവിക്കോ ദേ കസോറിയോ എന്നിവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. സ്‌നേഹം വ്യവസ്‌ഥകളില്ലാതെ പങ്കുവച്ചവരാണ്‌ ഇവരെന്നു മാര്‍പാപ്പ അനുസ്‌മരിച്ചു. കുര്‍ബാനയ്‌ക്കൊടുവില്‍ കേരളത്തെയും ഇന്ത്യയിലെ കത്തോലിക്കാ സഭയെയും പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്‌തു.

ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും പ്രകീര്‍ത്തിക്കുന്ന മലയാള ഗാനാലാപനത്തോടെയായിരുന്നു തുടക്കം. ഇരുവരുടെയും തിരുശേഷിപ്പ്‌ വത്തിക്കാന്റെ അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ചാവറയച്ചന്റെ തിരുശേഷിപ്പ്‌ ഫാ. ജയിംസ്‌ മഠത്തിക്കണ്ടത്തിലും എവുപ്രാസ്യമ്മയുടേത്‌ സിസ്‌റ്റര്‍ സാങ്‌റ്റ കോലത്തുമാണു സമര്‍പ്പിച്ചത്‌.

ചാവറയച്ചന്റെ മധ്യസ്‌ഥതയില്‍ രോഗം ഭേദമായ കോട്ടയം പാലാ സ്വദേശിനി മരിയ റോസും എവുപ്രാസ്യമ്മയോടു പ്രാര്‍ഥിച്ചു രോഗസൗഖ്യം ലഭിച്ച തൃശൂര്‍ കൊടകര സ്വദേശി ജ്യൂവലും ചടങ്ങുകളില്‍ പങ്കെടുത്തു. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഇതോടെ അല്‍ഫോന്‍സാമ്മ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ മൂന്നുപേരായി.

നാമകരണ തിരുക്കര്‍മങ്ങളും കുര്‍ബാനയും ലത്തീന്‍ ഭാഷയിലായിരുന്നു. വത്തിക്കാന്‍ ഗായകസംഘവും ഇന്ത്യന്‍ ഗായകസംഘവും കര്‍മങ്ങള്‍ക്കു ദിവ്യഗീതങ്ങള്‍ ആലപിച്ചു. ഇന്ത്യന്‍ അഥവാ മലയാളീ ഗായകസംഘത്തില്‍ അമ്പത്‌ അംഗങ്ങളുണ്‌ടായിരുന്നു. ഫാ. സെബാസ്റ്റ്യന്‍ മുട്ടംതോട്ടില്‍ എംസിബിഎസ്‌, ഫാ. രാജേഷ്‌ കവലയ്‌ക്കല്‍ സിഎംഐ, ഫാ. നൈജു കളമ്പുകാട്ട്‌ സിഎംഐ, സിസ്റ്റര്‍ ആനി ഗ്രേയ്‌സ്‌ സിഎംസി, സിസ്റ്റര്‍ ജിസി മരിയ സിഎംസി, ജ്യോതിഷ്‌ വര്‍ക്കി കണ്ണംപ്ലാക്കല്‍ എന്നിവര്‍ നയിച്ചു. ഡെല്‍റ്റസ്‌, ഫാ. ജൂബി, സുനില്‍, ബ്രദര്‍ ജോയല്‍ തുടങ്ങിയവര്‍ ഓര്‍ക്കസ്‌ട്രയ്‌ക്കു നേതൃത്വം നല്‍കി. റോമിലുള്ള സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സമൂഹങ്ങളിലെ പ്രശസ്‌തഗായകരും വിവിധ സന്യാസിനീ-സന്യാസ സഭാംഗങ്ങളും വിവിധ രൂപതകളില്‍നിന്നുള്ള വൈദികരും വൈദികവിദ്യാര്‍ഥികളും ഗായകസംഘത്തിലുണ്‌ടായിരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code