വടവാതൂര്‍ - സഭൈക്യത്തിനായുള്ള കാലത്തിന്റെ ചുവരെഴുത്താണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം. ഉറവിടങ്ങളിലേയ്ക്കു മടങ്ങിച്ചെന്ന് പരസ്പരം പങ്കുവയ്ക്കലിന്റെതായ സംസ്കാരം സൃഷ്ടിച്ച് ഒരുമയില്‍ മുന്നേറാന്‍ വിവിധ ക്രൈസ്തവ സഭകള്‍ക്ക് കഴിയണം. വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധന രേഖകളായ സഭൈക്യം, തിരുസഭ, പൗരസ്ത്യ സഭകള്‍ എന്നിവയുടെ പ്രസാധനത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ രണ്ടുദിവസമായി നടന്നുവന്ന സഭൈക്യ ദൈവശാസ്ത്ര സിമ്പോസിയത്തിന്റെ സമാപനത്തില്‍ വിവിധ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുടെ സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മാര്‍ പെരുന്തോട്ടം. ക്രൈസ്തവ പരിമിതികള്‍ക്കുള്ളില്‍ നിലനില്ക്കാതെ സഹജീവികളിലേയ്ക്കും സമസ്ത സൃഷ്ടികളിലേയ്ക്കും വളരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ സഭാസമൂഹങ്ങള്‍ക്ക് സാധിക്കണമെന്ന് മാര്‍ത്തോമാ മെത്രാപ്പോലീത്താ റൈറ്റ്. റവ. ഡോ. ജോസഫ് മാര്‍ തോമ്മാ അനുസ്മരിപ്പിച്ചു. മാര്‍ അപ്രേം മെത്രാപ്പോലീത്താ, ബിഷപ് എബ്രഹാം മാര്‍ ജൂലിയസ്, തോമസ് മോര് തിമോത്തിയോസ് മെത്രാപ്പോലീത്താ, മാത്യൂസ് മാര്‍ സേവേറിയൂസ്, മാര്‍ കുര്യാക്കോസ് സേവേറിയോസ്, ബിഷപ് മാര്‍ ഔഗന്‍, റവ. ഡോ. സാബു കെ ചെറിയാന്, മോണ്‍. ജോസ് നവെസ് തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി. സെമിനാരി റെക്ടര്‍ റവ. ഡോ. അലക്സ് താരാമംഗലം സ്വാഗതവും വൈസ് റെക്ടര്‍ റവ. ഡോ. സ്കറിയ കന്യാകോണില്‍ നന്ദിയും പറഞ്ഞു.
റവ. ഡോ. കോശി വൈദ്യന്, ബിഷപ് എബ്രഹാം മാര്‍ ജൂലിയസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബി. സി. എം കോളേജ് വിദ്യാര്‍ത്ഥിനികളുടെ നൃത്തവും സെമിനാരി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും സിമ്പോസിയത്തിന് മിഴിവേകി. റവ. ഡോ. ജോണ്സണ് വടക്കുംഞ്ചേരി, റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, റവ. ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ സഭൈക്യ ദൈവശാസ്ത്ര സിമ്പോസിയത്തിന് നേതൃത്വം നല്കി.
Comments