Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാളയുടെ രണ്ടാമത്തെ മാണിക്യവും മനസ്സില്ലാ മനസ്സോടെ മണ്‍മറഞ്ഞു   - മോന്‍സി കൊടുമണ്‍

Picture

ചിരിയുടെ മാലപടക്കത്തിനു തിരികൊളുത്തി മനുഷ്യരെ പൊട്ടിച്ചിരിപ്പിക്കുന്ന വ്യക്തികളെ നാം ഒരിക്കലും മറക്കില്ലയെന്നുള്ളത്‌ സത്യം തന്നെ. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചാര്‍ളി ചാപ്ലിന്‍ എന്ന ലോകപ്രസിദ്ധനായ ഹാസ്യതാരത്തെ നമ്മുടെ മനസ്സില്‍നിന്നും പറിച്ചുകളയാന്‍ സാധിക്കുകയില്ല. നൈറ്റ്‌ഡ്യൂട്ടി, മോര്‍ട്ട്‌ഗേജ്‌, ബേബിസിറ്റിംങ്‌, പ്ലാസ്റ്റിക്‌ കാര്‍ഡില്‍ തീരാ കടങ്ങള്‍ മുതലായ പിരിമുറുക്കങ്ങളില്‍ കൊടുമ്പിരികൊണ്ടിരുന്ന അമേരിക്കന്‍ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഹാസ്യ രാജാവായിരുന്നു മണ്‍മറഞ്ഞുപോയ മാള അരവിന്ദന്‍.

തബലിസ്റ്റായും നാടകനടനായും തുടങ്ങി മലയാള സിനിമയിലേക്കു കടന്നുവന്ന മാള അരവിന്ദന്‍ ഒരു കാലത്ത്‌ മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. എറണാകുളം ജില്ലയില്‍ വടുവുകോട്ട്‌ എന്ന സ്ഥലത്ത്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥനായ അയ്യപ്പന്റെയും സ്‌ക്കൂള്‍ അദ്ധ്യാപികയായ പൊന്നമ്മയുടേയും മൂത്തമകനായിട്ടാണ്‌ അരവിന്ദന്‍ ജനിച്ചത്‌. സംഗീത അദ്ധ്യാപികയായ മാതാവിന്റെ ഒപ്പം മാളയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട്‌ മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്‌തനാവുകയായിരുന്നു. നാടകജീവിതത്തില്‍ അദ്ദേഹത്തിന്‌ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. 40 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ നാനൂറു സിനിമയല്ല പല ഭാഷകളില്‍ ഏതാണ്ട്‌ 650ല്‍ പരം സിനിമകളില്‍ അഭിനയിച്ചതായി തെളിവുണ്ട്‌.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സിനിമകള്‍ വിജയിക്കുവാന്‍ ഒരു കാലത്ത്‌ മാളയുടെ സാന്നിദ്ധ്യം ആവശ്യമായ ഘടകമായി. സൂപ്പര്‍താരങ്ങള്‍ പോലും മാള അരവിന്ദന്‍ വരുന്നതിനു വേണ്ടി സെറ്റില്‍ കാത്തുനിന്ന ചരിത്രം പോലും ഉണ്ടായിട്ടുണ്ട്‌. 1968 ല്‍ സിന്ദൂരം എന്ന ചിത്രത്തില്‍ കൂടി കടന്നുവന്ന മാളചേട്ടന്‍ കന്മദം, അക്കരെ നിന്നൊരു മാരന്‍, മൂന്നാം മുറ, ജന്മാന്തരം, മീശ മാധവന്‍, കണ്ടു കണ്ടറിഞ്ഞു, പട്ടണപ്രവേശം, സന്ദേശം, പട്ടാളം, ജോക്കര്‍, താപ്പാന, തടവറ, താറാവ്‌, ഡോളര്‍, ഗോഡ്‌സ്‌ ഫോര്‍ സെയില്‍ എന്നീ ചിത്രങ്ങളില്‍ക്കൂടി വളരെ ശ്രദ്ധേയനായി മാറി. തബലയുടെ താളം പോലെ മുഴങ്ങുന്ന ചിരിയുള്ള മാളയുടെ സംഭാഷണത്തിന്റെ നീട്ടലും കുറുക്കലും മലയാളികളുടെ മനസ്സിന്റെ ചെപ്പില്‍ എന്നും മായാതെ നില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല.

കുട്ടനാട്ടിലെ താറാവുകളെ നിഷ്‌കരുണം കത്തിച്ചുകരിച്ചു ചാമ്പലാക്കിയപ്പോള്‍ മാള അരവിന്ദന്‍ അഭിനയിച്ച താറാവ്‌ എന്ന ചിത്രമാണ്‌ കണ്‍മുന്‍പില്‍ വന്നത്‌. ആ ചിത്രത്തിലെ മന്ദബുദ്ധിയായിട്ടുള്ള അഭിനയം മാളയെ മാളയുടെ രണ്ടാമത്തെ മാണിക്യമാക്കി മാറ്റിയെടുത്തു. അദ്ദേഹത്തിന്റെ കഴിവുകള്‍ക്കനുസരിച്ച്‌ റോളുകള്‍ സംവിധായകര്‍ കൊടുത്തിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഏതെങ്കിലും ഒരു പ്രത്യേക റോള്‍ ചെയ്‌താല്‍ ആ വേഷം തെന്നെ ചെയ്യിപ്പിക്കാന്‍ വീണ്ടും സംവിധായകര്‍ നിര്‍ബന്ധിക്കുന്നു. ഈ കാരണത്താല്‍ സംഗീതത്തിലും സീരിയസ്‌ റോളിലും കഴിവുണ്ടായിരുന്ന മാള അരവിന്ദന്‍ ഹാസ്യത്തില്‍ മാത്രം ഒതുങ്ങേണ്ടി വന്നതില്‍ അല്ലെങ്കില്‍ ഒതുക്കിയതില്‍ പരിഭവം ഇല്ലാതില്ല.

അമേരിക്കന്‍ മലയാളിയായ ബഹുമാന്യ രാജു പ്രാലേല്‍ നിര്‍മ്മിച്ച ഡോളര്‍ എന്ന സിനിമയില്‍ മാള അരവിന്ദന്‍ ചെയ്‌തിട്ടുള്ള സീരിയസ്‌ ആയിട്ടുള്ള ഒരു സീന്‍ കാണുമ്പോള്‍ ചേട്ടന്റെ കഴിവുകളെ നാം വിലയിരുത്തേണ്ടിവരും.

അഭിനയത്തിനു പുറമേ സംഗീതസീനുകളിലും അദ്ദേഹം തന്റെ കഴിവുകള്‍ തെളിയിച്ചു എന്നതിന്റെ തെളിവാണ്‌ മോഹന്‍ലാലും മാളയും കൂടി അഭിനയിച്ച കണ്ടു കണ്ടറിഞ്ഞു എന്ന സിനിമയിലെ 'നീയറിഞ്ഞോ മേലേ മാനത്തെ ആയിരം ഷാപ്പുകള്‍'എന്ന ഗാനം.

ഇതിലുപരിയായി നല്ല നട്ടെല്ലുള്ള തന്റേടമുള്ള ഒരു അഭിനേതാവും കൂടിയായിരുന്നു മാള അരവിന്ദന്‍. അമ്മ എന്ന താരസംഘടനയുടെ അധികാര ദുര്‍വിനിയോഗത്തെ എതിര്‍ത്തതിന്‌ താരസംഘനയില്‍ നിന്നും വിലക്കു വീണപ്പോള്‍ അദ്ദേഹം പറഞ്ഞു. 'സിനിമയില്ലായെങ്കില്‍ നാടകം, നാടകം വിലക്കിയാല്‍ തബലയടിച്ചു ഞാന്‍ ജീവിക്കും. അതും വിലക്കിയാല്‍ എന്റെ ഭാര്യയുടെ സാരിചുറ്റി ഞാന്‍ തെരുവുനാടകം കളിച്ചായാലും ജീവിച്ചുപോകും. എന്നെ ആരും ഉമ്മാക്കി കാട്ടി ഭയപ്പെടുത്തണ്ട.' ഇതുകേട്ട്‌ അമ്മ എന്ന വലിയ സംഘടനപോലും തരിച്ചുനിന്ന സംഭവം നമുക്ക്‌ മറക്കാവുന്നതല്ല. മലയാള ചലച്ചിത്ര രംഗത്ത്‌ ധൈര്യമുള്ള നടന്മാരില്‍ തിലകന്‍ ചേട്ടനേയും മാളചേട്ടനേയും നമുക്ക്‌ ഇനിയും അഭിമാനപൂര്‍വ്വം സ്‌മരിക്കാം. മാളചേട്ടന്റെ മരണത്തിന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനല്‍ പ്രത്യേകപ്രാധാന്യം കൊടുത്തുവെങ്കിലും കോഴയും മാണിയും ദിനംതോറും മൊഴിമാറ്റി പറയുന്ന ബിജു രമേശിനേയും പൊക്കിപിടിച്ചു കാണിക്കാനേ മറ്റു ചാനലുകള്‍ക്ക്‌ സമയമുള്ളായിരുന്നു. എന്തായാലും മലയാള ചലച്ചിത്രലോകത്തെ മുടിചൂടാമന്നനായിരുന്ന ഹാസ്യതാരത്തിന്റെ ആത്മാവിന്‌ അമേരിക്കന്‍ മലയാളികളുടെ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

Picture2



Comments


Mala
by Jins mathew, Newyork on 2015-01-30 19:01:01 pm
Every Chanel with Mala ,mani and kozha but you remember Our comedy actor his work .thankyou moncy kodumon I appreciate you weld one


mala
by benny, newyork on 2015-01-29 21:12:13 pm
We remember alltime


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code