സരിത വിഹാര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം സരിതവിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവാ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കായുള്ള ഒന്‍പതാമത് ക്വിസ് മത്സരത്തില്‍ നോയിഡ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നിന്നുള്ള ആനി വര്‍ഗീസ്, ഓമന മാത്യു എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സരിത വിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നിന്നുള്ള നൈനാന് ലൂക്കോസ്, വില്‍സി വില്‍സണ്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നിന്നുള്ള സഖറിയ ചാക്കോ, ഏലിയാമ്മ ജെയിംസ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജീനാ അന്നാ അനില്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്കി. ഹോസ്ഖാസ്, തുഗ്ളക്കാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ്, മയൂര്‍വിഹാര്‍ ഫേസ് വണ്‍ എന്നീ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ മത്സരത്തില്‍ സംബന്ധിച്ചിരുന്നു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും, വിജയികള്‍ക്ക് വ്യക്തിഗത ട്രോഫികളും നല്കി.
തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും, എം.പി.യുമായ ഓസ്കാര്‍ ഫര്‍ണാണ്ടസ് മുഖ്യാതിഥിയായി പങ്കെടുത്തു സമ്മാനദാനം നിര്‍വഹിച്ചു. ഡല്‍ഹി ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സക്കറിയ റമ്പാന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. ഏബ്രഹാം എം. പറ്റിയാനി അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ജോണ്സണ് ഐപ്പ്, ഫാ. സജി ഏബ്രഹാം, ഫാ. ഏബ്രഹാം ജോണ്‍, അഡ്വ. റോബിന് രാജു, പി.ഡി. പുന്നൂസ്, തോമസ് കെ.എ. എന്നിവര്‍ പ്രസംഗിച്ചു.
ഇടവകദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട സംയുക്ത പ്രാര്‍ത്ഥനാ യോഗത്തില്‍ അനു മാത്യു ക്ളാസ് നയിച്ചു. തുടര്‍ന്ന് നടന്ന ഗായകസംഘ മത്സരത്തില്‍ കല്‍ക്കാജി സെന്റ് തോമസ് പ്രാര്‍ത്ഥനായോഗം ഒന്നാം സ്ഥാനവും, പ്രഹ്ളാദ്പൂര് സെന്റ് കുറിയാക്കോസ് പ്രാര്‍ത്ഥനായോഗം രണ്ടാം സ്ഥാനവും, ഗോവിദ്പുരി സെന്റ് ദിവന്നാസിയോസ് പ്രാര്‍ത്ഥനായോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Comments