Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും   - നിബു വെള്ളവന്താനം

Picture

ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ(പി.സി.എന്‍.എ.കെ.)33 മത് ആത്മീയ സമ്മേളനത്തിന്റെ പ്രമോഷണല്‍ യോഗങ്ങളുടെ കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ഒര്‍ലാന്റോ ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയില്‍ നടന്നു. മാര്‍ച്ച് ഒന്നിനു ഞായറാഴ്ച രാവിലെ സഭാരാധാനയോഗത്തോടനുബന്ധിച്ച് പ്രത്യേകം ചേര്‍ന്ന സമ്മേളനത്തില്‍ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ പ്രാര്‍ത്ഥന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. കോണ്‍ഫ്രന്‍സിന്റെ നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ നെബു സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ 33-മത് പി.സി.എന്‍.എ.കെ. കോണ്‍ഫ്രന്‍സിന്റെ ആദ്യ രജിസ്‌ട്രേഷന്‍ പി.സി.എന്‍.എ.കെ. മുന്‍  ട്രഷറാര്‍ രാജു പൊന്നോലില്‍, വിവിധ പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ മുന്‍ നാഷ്ണല്‍ പ്രതിനിധി ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജിനു നല്‍കികൊണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുത്തു. 2015 ജൂലൈ 2 മുതല്‍ 5 വരെ സൗത്ത് കരോലിനയില്‍ വെച്ച് നടത്തപ്പെടുന്ന മഹായോഗത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍  ഫ്‌ളോറിഡയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ബസില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കോര്‍ഡിനേറ്റര്‍ നെബു സ്റ്റീഫന്‍ അറിയിച്ചു. മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. 33 മത് കോണ്‍ഫ്രന്‍സ് സമ്മേളനത്തിന്റെ വിജയത്തിനായി പ്രമോഷ്ണല്‍ മീറ്റിംഗുകളും, പ്രാര്‍ത്ഥനാ സമ്മേളനങ്ങളും അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നു.
 
കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന വിദേശ മലയാളി വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യത്ത് വെച്ച് പ്രമോഷ്ണല്‍ യോഗം സംഘടിപ്പിക്കുന്നു. എന്നുള്ള പ്രത്യേകത 33-മത് കോണ്‍ഫ്രന്‍സിനു സ്വന്തം. മാര്‍ച്ച് 21ന് വൈകീട്ട് 7 മണിക്ക് ദുബായ് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ പാസ്റ്റര്‍ വിത്സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രമോഷ്ണല്‍ യോഗത്തില്‍ സുപ്രസിദ്ധ ഗായകന്‍ വിജയ് ബെനഡിക്റ്റ് ആത്മീയ ആരാധന ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. കണ്‍വീനര്‍ റവ.ബിനു ജോണ്‍, സെക്രട്ടറി ബ്രദര്‍ ടോം വര്‍ഗീസ്, ട്രഷറാര്‍ ബ്രദര്‍ റെജി ഏബ്രഹാം എന്നിവര്‍ പങ്കെടുത്ത് രജിസ്‌ട്രേഷന്‍ ക്രമീകരണങ്ങള്‍ നിര്‍വ്വഹിക്കും.
 
ഏപ്രില്‍ 3ന് കാനഡയിലെ ടെറെന്റോയിലും ഏപ്രില്‍ 4നു ന്യൂയോര്‍ക്കിലും മെയ് മാസത്തില്‍ ഹുസ്റ്റണിലും ഡാലസ്സിലുമായി പ്രമോഷ്ണല്‍ യോഗങ്ങള്‍ നടത്തുവാന്‍ സംഘാടകര്‍ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. സമ്മേളനത്തിനു ദേശീയ ഭാരവാഹികളായ റവ.ബിനു ജോണ്‍, ബ്രദര്‍ റ്റോം വര്‍ഗീസ്, ബ്രദര്‍ റെജി ഏബ്രഹാം, ബ്രദര്‍ ബിജോ തോമസ്, ബ്രദര്‍ നെബു സ്റ്റീഫന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പലതരത്തിലും പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
 
'ബില്ലിഗ്രഹാമിന്റെ നാട്ടിലൊരു കോണ്‍ഫ്രന്‍സ്' എന്ന നാമകരണം ചെയ്തിരിക്കുന്ന സമ്മേളനത്തിനോട് അനുബദ്ധിച്ച് ലോക സമാധാനത്തിനായും ആഗോള വ്യാപകമായി ക്രൈസ്തവ സഭകള്‍ നേരിടുന്ന പീഡനങ്ങളില്‍ ദൈവീക വിടുതലിനായും പ്രത്യേക ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സംഗമത്തിനു തുടക്കം കുറിച്ചു. എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും ഈസ്റ്റേണ്‍ സമയം വൈകീട്ട് 9 മുതല്‍ 1605 475 4880(പിന്‍ 838407) എന്ന നമ്പറില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ അണിചേരുന്നു.
 
സൗത്ത് കരോലിനയിലെ ഗ്രീന്‍ വില്‍ സിറ്റിയിലെ പ്രസിദ്ധമായ ഹോട്ടല്‍ ഹയാട്ട് റീജന്‍സിയിലാണ് ആത്മീയ സമ്മേളനം നടത്തുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസ-ഭക്ഷണ- യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച് കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷ്ണല്‍, ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നാഷ്ണല്‍ വി.ബി.എസ്, മീഡിയ കോണ്‍ഫ്രന്‍സ് എന്നിവ ഈ പ്രാവശ്യത്തെ കോണ്‍ഫ്രന്‍സിന്റെ പ്രത്യേകതയാണ്. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുവാനും സമ്മേളനത്തില്‍ പങ്കെടുക്കുവാനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
 
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും - www.pcnaonline.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code