Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂസഫലി കേച്ചേരിക്ക്‌ കണ്ണീര്‍ പ്രണാമം   - മോന്‍സി കൊടുമണ്‍

Picture

മലയാളത്തിന്റെ കവിയും ചലച്ചിത്രഗാനരചയിതാവും സംവിധായകനും അഭിഭാഷകനും കേരള സാഹിത്യ അക്കാദമിയുടെ മുന്‍ അദ്ധ്യക്ഷനുമായിരുന്ന യൂസഫലി കേച്ചേരി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. സുറുമയെഴുതിയ മിഴികളെ പ്രണയ തേന്‍തുളുമ്പും സൂര്യകാന്തിപൂക്കളെ എന്നെഴുതിയ ഗാനം സംഗീതസംവിധായകന്‍ ബാബുരാജിന്റെ കയ്യിലെത്തി ഹാര്‍മോണിയത്തില്‍ കൂടി ചിട്ടപ്പെടുത്തി സംഗീതം കൊടുത്തു പാടിയപ്പോള്‍ യൂസഫലി കേച്ചേരിയുടെ കണ്ണില്‍ നിന്നും ഒഴുകി വന്നത്‌ ഒരു സങ്കടപുഴയായിരുന്നു. തന്റെ ഭാര്യ ഖദീജയെക്കുറിച്ചായിരുന്നു ആ ഗാനത്തിലെ ചില വരികള്‍ എന്ന്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞിരുന്നു.

സിനിമയില്‍ സാഹചര്യത്തിനനുസരിച്ച്‌ കവിതയും ഗാനവും എഴുതുന്നതിനുപരിയായി കവികുലത്തിനു വേണ്ടി അല്ലെങ്കില്‍ മനുഷ്യകുലത്തിനുവേണ്ടിയും അദ്ദേഹം തൂലിക ചലിപ്പിച്ചിരുന്നതിന്റെ തെളിവുകളാണ്‌ അദ്ദേഹം എഴുതിയ മൂല്യമുള്ള ധാരാളം പുസ്‌തകങ്ങള്‍. ഇതില്‍ പ്രധാനം സൈനബ എന്ന ഖണ്ഡകാവ്യമാണ്‌. മാപ്പിള പാട്ടിന്റെ മടിയില്‍ ജനിച്ചുവീണ അദ്ദേഹം നുണഞ്ഞ മുലപ്പാലിനുപോലും മാപ്പിളപാട്ടിന്റെ രുചിയുണ്ടായിരുന്നു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. കാരണം അദ്ദേഹത്തിന്റെ ഉമ്മ പാടിക്കൊടുത്ത മാപ്പിളപ്പാട്ടുകളാണ്‌ യൂസഫലി കേച്ചേരിയുടെ ഉള്ളില്‍ പാട്ടിന്റെയും കവിതയുടേയും പൂന്തേന്‍ നിറച്ചത്‌. ഒരു ഗാനരചയിതാവിന്റെ കുപ്പായമിടാനുള്ള അടിത്തറയുണ്ടാക്കി കൊടുത്തതുപോലും തന്റെ ഉമ്മയുടെ മാപ്പിളപ്പാട്ടിന്റെ ശക്തിയായിരിക്കാം. അദ്ദേഹത്തിന്റെ ഉമ്മയുടെ ഉപ്പ നല്ല ഒരു മാപ്പിളപ്പാട്ട്‌ ഗാനരചയിതാവായിരുന്നു.
മൂത്തസഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോല്‍സാഹനവും പ്രേരണയും ആണ്‌ യൂസഫലിയെ സാഹിത്യരംഗത്ത്‌ ചുവടുറപ്പിക്കാന്‍ സഹായിച്ചത്‌.

മൂടുപടം എന്ന ചലച്ചിത്രത്തിലാണ്‌ അദ്ദേഹം ആദ്യഗാനം എഴുതിയത്‌. മഴ എന്ന ചിത്രത്തിലെ സംസ്‌കൃതഗാന രചനയ്‌ക്ക്‌ 2000ല്‍ ദേശീയ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌, ചങ്ങമ്പുഴ അവാര്‍ഡ്‌, വള്ളത്തോള്‍ പുരസ്‌ക്കാരം, ആശാന്‍ പ്രൈസ്‌, നാലപ്പന്‍ അവാര്‍ഡ്‌ എന്നീ പ്രധാനപ്പെട്ട അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. സിനിമയില്‍ ഗാനങ്ങളെഴുതി കൈ തഴമ്പിച്ചപ്പോള്‍ സംവിധായകന്റെ കുപ്പായമിടാനും അവസരം തേടിയെത്തി. മരം, വനദേവത, നീലത്താമര മൂന്നു സിനിമകള്‍ സംവിധാനം ചെയ്‌തതിനുപരിയായി മധു സംവിധാനം ചെയ്‌ത സിന്ദൂര ചെപ്പ്‌ എന്ന സിനിമയ്‌ക്ക്‌ തിരക്കഥയുമദ്ദേഹമെഴുതിയിട്ടുണ്ട്‌. ചങ്ങമ്പുഴ, ആശാന്‍, വള്ളത്തോള്‍ എന്നീ കവികളുമായുള്ള നേരിട്ടുള്ള അടുപ്പം മാത്രമല്ല സംസ്‌കൃതത്തിലുള്ള അഗാനധമായ പാണ്ഡിത്യം അദ്ദേഹത്തിന്റെ ഗാനരചനയ്‌ക്ക്‌ മുതല്‍ക്കൂട്ടായി കേച്ചേരിപുഴ പോലെ ഒഴുകിയ കൃഷ്‌ണസ്‌നേഹമാണ്‌ യൂസഫലി കേച്ചേരിയുടെ മുഖമുദ്ര. മതത്തിനും വിശ്വാസങ്ങള്‍ക്കുമപ്പുറം പരന്നൊഴുകിയ വെളിച്ചമായിരുന്നു യൂസഫലിക്കു കൃഷ്‌ണന്‍. അതുള്‍ക്കൊള്ളാനുള്ള പക്വത കേരള സമൂഹം കാട്ടിയത്‌ ആ സ്‌നേഹത്തിന്റെ നിഷ്‌കളങ്കത കൊണ്ടു മാത്രമാണ്‌. സംസ്‌കൃതത്തിന്റെ തൈര്‌ കലം കടഞ്ഞ്‌ വെണ്ണ തോല്‍ക്കുന്ന പ്രണയഗാനങ്ങള്‍ രചിച്ച കേച്ചേരി മൈലാഞ്ചി മൊഞ്ചുള്ള ഈണങ്ങളിലൂടെ വാടാത്ത സൂര്യകാന്തികള്‍ വിരിയിപ്പിച്ചു. സംസ്‌കൃതപഠനം കേച്ചേരിയിലെ കവിയുടെ സര്‍ഗ്ഗബോധത്തിന്‌ പുതിയ മിന്നലാട്ടങ്ങള്‍ പകര്‍ന്നു. ഒരു മുസ്ലീമായ അദ്ദേഹം സം്‌സ്‌കൃതഗാനം എഴുതുന്നത്‌ അപരാധമായി തോന്നിയിരുന്നില്ല.

ഇന്ന്‌ മനുഷ്യന്‍ മനുഷ്യനെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടുന്ന കാലമാണല്ലോ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്ന ഒരു വലിയ മനസ്സുള്ള മഹാനായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട യൂസഫലി കേച്ചേരി.
ഒന്‍പത്‌ മലയാള ചലച്ചിത്രത്തിനു വേണ്ടി സംസ്‌കൃതത്തില്‍ നീണ്ട ഗാനങ്ങള്‍ എഴുതിയ ഇന്‍ഡ്യയിലെ ഒരേ ഒരു ഗാനരചയിതാവായിരുന്നു അദ്ദേഹം. ഏകദേശം 600ല്‍ പരം ഗാനങ്ങളെഴുതി കേരള ജനതയെ പുളകം കൊള്ളിച്ച പ്രണയ കവി കൂടിയായിരുന്നു അദ്ദേഹം.

ഗസല്‍, സംസ്‌കൃതഗാനങ്ങള്‍, അറബിഗാനമായ റസൂലെ റസൂലെ നിന്‍വരവായ്‌ അങ്ങനെ മലയാള ചലച്ചിത്ര രംഗത്ത്‌ ഒരു വേറിട്ട ഗാനരചയുടെ ഉടമയായിരുന്നു യൂസഫലി.

സംസ്‌കൃതം പഠിക്കാത്തവര്‍ക്ക്‌ മലയാളത്തില്‍ വ്യാകരണതെറ്റു കൂടാതെ മലയാളം എഴുതുവാന്‍ സാധിക്കയില്ലെന്നു പലപ്പോഴും അദ്ദേഹം തറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌. മലയാള ഭാഷയെ നശിപ്പിക്കാത്ത ഒരേയൊരു സംഗീത സംവിധായകന്‍ ദേവരാജന്‍ മാത്രമേയുള്ളൂ എന്നു പറയുന്നതിനും തെറ്റിചുളിക്കേണ്ടതില്ല.
സംസ്‌കൃത ഭാഷയില്‍ യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങള്‍ പ്രസിദ്ധമാണ്‌.

യമുനാ കല്യാണിരാഗത്തില്‍ ജാനകീ ജാനേ എന്നു തുടങ്ങുന്ന ധ്വനി എന്ന ചിത്രത്തിലെ ഗാനവും, ചാരുകേശി രാഗത്തില്‍ കൃഷ്‌ണകൃപാ സാഗരം എന്നു തുടങ്ങുന്ന സര്‍ഗ്ഗത്തിലെ ഗാനവും അതുപോലെ തന്നെ ചാരുകേശി രാഗത്തില്‍ രവീന്ദ്രന്‍ സംഗീതം കൊടുത്ത മഴ എന്ന ചിത്രത്തില്‍ യേശുദാസ്‌ പാടിയ ഗേയം ഹരിനാമധേയം എന്ന ഗാനവും അദ്ദേഹത്തെ ഒരു സംസ്‌കൃത ഗാനരചയിതാവ്‌ എന്ന നിലയില്‍ ഇന്‍ഡ്യയില്‍ തന്നെ പ്രശസ്‌തനാക്കി. എങ്കിലും ഇന്‍ഡ്യാ ഗവണ്‍മെന്റ്‌ യൂസഫലി കേച്ചേരിക്ക്‌ അര്‍ഹമായ അവാര്‍ഡുകള്‍ കൊടുക്കാത്തതില്‍ പരിഭവമുണ്ട്‌. ഇക്കരയാണെന്റെ താമസം, അക്കരയാണെന്റെ മാനസം. ഇന്നും പുതുമ മാറാതെ തന്റെ പ്രിയമതയുടെ വിസക്കായി കാത്തിരിക്കേണ്ടി വരുന്ന അമേരിക്കന്‍ മലയാളികള്‍ ഒരു പക്ഷെ പാടുന്നുണ്ടായിരിക്കാം. അക്കര ഇക്കരെ നിന്നാല്‍ എങ്ങനെ ആശ തീരും നിങ്ങടെ ആശതീരും ഈ ഗാനങ്ങള്‍ക്കും ഇപ്പോഴും പുതുമ തന്നെയുണ്ട്‌.

അനേകം പ്രണയഗാനങ്ങള്‍ രചിച്ച യൂസഫലി കേച്ചേരിയുടെ ഒളിമങ്ങാത്ത ആ ഗാനങ്ങളാണ്‌ താഴെ കുറിക്കുന്നത്‌.

1.അനുരാഗഗാനം പോലെ അഴകിന്റെയല പോലെ
2. അനുരാഗലോലഗാത്രി വരവായി നീല രാത്രി
3.അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളെ
4. വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
5.മാനേ മധുര കരിമ്പേ
6. പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍
7. പേരറിയാത്തനൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.

എഴുതിയാല്‍ പേജില്‍ ഒതുങ്ങാത്തവിധം ഗാനങ്ങളുള്ളതിനാല്‍ ചുരുക്കുന്നു.

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്നധരകാന്തിയോ

എന്ന ഗാനം അതിന്റെ സംഗീത മേന്മ കൊണ്ടു ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നുവെങ്കിലും അതിലെ വരികള്‍ മലയാളി മനസ്സില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചുകൊണ്ട്‌ എന്റെ പിതാവുപോലും പാടിനടക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്‌. കേച്ചേരി പുഴയെകുറിച്ചും അദ്ദേഹം കണ്ടിട്ടില്ലാത്ത അറ്റ്‌ലാന്റിക്‌ സമുദ്രത്തെകുറിച്ചുപോലും അദ്ദേഹം ഗാനമെഴുതിയിട്ടുണ്ട്‌. കവികളുടെ ഭാവനകള്‍ ചിറകുമുളച്ചുയര്‍ന്നു പറക്കുമ്പോള്‍ കവികള്‍ക്ക്‌്‌ എല്ലാം നേരിട്ടുകാണണമെന്നില്ലല്ലോ. ഇന്ന്‌ ഗാനരചയിതാക്കള്‍ ചുരുങ്ങി വന്നിരിക്കുന്നതിന്‌ കാരണം അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്കു കിട്ടുന്നില്ല എന്നുള്ള വസ്‌തുതയാണ്‌.

പണ്ട്‌ ഒരു ഗാനമെഴുതുന്നതിന്‌ 2000 രൂപയായിരുന്നെങ്കില്‍ യേശുദാസിന്‌ പാടുന്നതിന്‌ 3000 രൂപയായിരുന്നു വലിയ വ്യത്യാസമില്ലായിരുന്നു. എന്നാല്‍ ഇന്ന്‌ ഗാനരചയിതാവിന്‌ അയ്യായിരമോ അല്ലെങ്കില്‍ പതിനായിരമോ കൊടുക്കുമ്പോള്‍ ഒരു പാട്ടുപാടുന്നതിന്‌ യേശുദാസിന്‌ ലക്ഷങ്ങളാണ്‌ ലഭിക്കുന്നത്‌. ഈ കാരണത്താലാണ്‌ ഞങ്ങള്‍ ഗാനരചനനിര്‍്‌തതുന്നത്‌ എന്ന്‌ ശ്രീകുമാരന്‍ തമ്പിസാറും, ഷിബു ചക്രവര്‍ത്തിയും ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി. എന്തായാലും കവിത്വം തുളുമ്പുന്ന അനേകം ഗാനങ്ങള്‍ കാഴ്‌ചവെച്ചിട്ടാണ്‌ നമ്മുടെ പ്രിയപ്പെട്ട ഗാനരചയിതാവ്‌ കാലയവനികക്കുള്ളില്‍ മറഞ്ഞുപോയത്‌. മാനത്തും കല്ലായി കടവത്തും പതിനാലാം നിലാവുദിപ്പിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഗാനരചയിതാവിന്‌ അമേരിക്കന്‍ മലയാളികളുടെ കണ്ണീര്‍പ്രണാമം അദ്ദേഹത്തിന്റെ ഭൗതിക ശരീരം മണ്‍മറഞ്ഞുപോയെങ്കിലും അമേരിക്കന്‍ മലയാളിഹൃദയത്തില്‍ ആ മഹാപ്രതിഭയ്‌ക്ക്‌ ഒരിക്കലും മരണമില്ല.

കണ്ണീരോടെ
മോന്‍സി കൊടുമണ്‍

 

Picture2



Comments


Condolence
by JONNY CHAKU PURAKAL, COLOGNE /GERMANY on 2015-03-28 08:51:00 am
" Adharanjalikal" Jonny Chakupurakal & Sangeetha Arts Club Cologne.

Replly
by Moncy, Newyork on 2015-04-20 19:23:18 pm
Thank you


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code