Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിമോചനമില്ലാത്ത സമൂഹങ്ങള്‍ (ലേഖനം)   - ജോണ്‍ മാത്യു

Picture

സാമൂഹികബന്ധങ്ങളെപ്പറ്റിയുള്ള ഞങ്ങളുടെ പ്രതിമാസ ചര്‍ച്ചയില്‍ അന്ന്‌ പ്രഭാഷകനായി വന്നത്‌ മെല്‍വിന്‍ ജോണ്‍സ്‌. കേവലം തൊഴില്‍കൊണ്ടല്ലാതെ സമ്പത്ത്‌ സ്വരൂപിക്കുന്നതില്‍ ചില ജനവിഭാഗങ്ങള്‍ക്ക്‌ പങ്കില്ലാതെ പോകുന്നത്‌ ശ്രദ്ധിക്കപ്പെടുത്തുന്നതായിരുന്നു അദ്ദേഹം തെരഞ്ഞെടുത്ത പ്രത്യേക വിഷയം.

`ആഫോ-അമേരിക്കന്‍ വംശജരുടെ ജീവിതരീതികളുമായി ബന്ധപ്പെട്ട നിരവധി സന്ദര്‍ഭങ്ങളുണ്ട്‌. നിയമം മൂലം ഒരു ശൈലിയും മാറ്റാന്‍ കഴിയുകയില്ല. ഒരു സമൂഹം മൊത്തമായി നന്നാവുകയില്ലെന്ന്‌ നിശ്ചയിച്ചാലോ?' അദ്ദേഹം ചോദിച്ചു.

ഒരു പ്രതീക്ഷയും വെച്ചു പുലര്‍ത്താത്ത, നിക്ഷേപങ്ങള്‍ക്ക്‌ അവസരം കിട്ടാത്തസമൂഹങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ടാണ്‌ മെല്‍വിന്‍ ചര്‍ച്ചാവിഷയം എടുത്തിട്ടതുതന്നെ. ആഫ്രോ അമേരിക്കന്‍ പ്രത്യേകതകളിലേക്ക്‌ മറ്റുള്ളവരുംകൂടി ഒന്ന്‌ തിരിഞ്ഞുനോക്കാനുള്ള അവസരം.

``ദേശം ഒന്നടങ്കം അനുഭവിക്കേണ്ടുന്നതായ നന്മകളില്‍നിന്ന്‌ ഒരു കൂട്ടര്‍ പുറത്താകുന്നതിനുള്ള ഉത്തരവാദിത്തം അവരില്‍ത്തന്നെ ചുമത്താം, അത്‌ എളുപ്പവഴി. `ബ്ലൂചിപ്പ്‌' കമ്പനികളില്‍ സുരക്ഷിതരായി ഇവര്‍ ഉദ്യോഗം വഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ ഒരു സമൂഹമെന്ന നിലയില്‍ ലാഭവിഹിതങ്ങളില്‍ ഇവര്‍ക്ക്‌ പങ്കെടുക്കാനാകുന്നില്ല. വ്യവസായ വാണിജ്യരംഗങ്ങളിലെ പുതിയ സംരംഭങ്ങള്‍ ഇവര്‍ അറിയുന്നതേയില്ല. ഒരു മുഖ്യധാരയിലും ഇവര്‍ ഇല്ല, പുറന്തോടുകളില്‍ മാത്രം ജീവിക്കുന്നവര്‍!''

``അത്‌ എങ്ങനെ?'' മെല്‍വിന്‍ സ്വയം ചോദിച്ചു. മറുപടിയും അയാള്‍ത്തന്നെ പറഞ്ഞു. ``അത്‌ നിങ്ങള്‍ കണ്ടെത്തണം. സമൂഹം കണ്ടെത്തണം. എല്ലാവരും ചിന്തിക്കുക, ഒറ്റക്ക്‌, കൂട്ടമായി, ഒരുമിച്ച്‌. ചില വ്യക്തികളുടെ മാത്രം വിജയം സമൂഹത്തിന്റെ മൊത്തമായ നേട്ടമല്ല.''

പതിവുപോലെ ചര്‍ച്ചകള്‍ വഴിമുട്ടി നിന്നു. അല്ലെങ്കില്‍ത്തന്നെ വലിയ വിഷയങ്ങളില്‍ ഒരു ചെറിയ ഗ്രൂപ്പ്‌ എന്തു ചെയ്യാന്‍? തുടര്‍ന്നുള്ള അനൗപചാരിക സംഭാഷണം എങ്ങനെയോ ഭക്ഷണകാര്യങ്ങളിലേക്ക്‌ വഴുതിവീണു. പുതുമയുള്ള വിഭവങ്ങളിലേക്കും കടന്നു. പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവരുടെ രീതികളിലേക്കും.

`എന്നാല്‍ ക്രാക്ക്‌ലിന്‍ ആയാലോ...?' പാതി തമാശരൂപേണയാണ്‌ മെല്‍വിന്‍ അത്‌ പറഞ്ഞത്‌.

`ക്രാക്ക്‌ലിന്‍, ക്രാക്ക്‌ലിന്‍...?' എന്റെ ചോദ്യം

`മുന്തിയ റസ്റ്റോറന്റുകളില്‍ച്ചെന്ന്‌ ചോദിക്കരുത്‌, ഒരു തീന്‍ശാലയിലും കിട്ടുകയില്ല, വഴിയോരങ്ങളില്‍മാത്രം. അതും അതാതു സമയങ്ങളില്‍ ഭാഗ്യമുണ്ടെങ്കില്‍.' തുറന്നു ചിരിച്ചുകൊണ്ടാണ്‌ അയാള്‍ പറഞ്ഞത്‌.

`അപ്പോള്‍ ഒരു ക്രാക്ക്‌ലിന്‍ തീന്‍ശാല, അതാണോ മിസ്റ്റര്‍ ജോണ്‍സ്‌ പറഞ്ഞുവരുന്നത്‌...?' ഞാന്‍ ചോദ്യം തുടര്‍ന്നു: `മറ്റെവിടെയും കിട്ടാത്തത്‌?'

അല്ല, നമ്മള്‍ ഇപ്പോള്‍ പറയുന്നത്‌ അപൂര്‍വ്വങ്ങളായ ഭക്ഷണരീതികളുടെ സാംസ്‌ക്കാരിക പശ്ചാത്തലം മാത്രമാണ്‌. തീര്‍ച്ചയായും നമ്മുടെ വിപണി ചര്‍ച്ചയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ നിസാരകാര്യങ്ങളില്‍നിന്ന്‌ വലിയ ആശയങ്ങള്‍ വന്നുകൂടെന്നുമില്ലല്ലോ.

ഉന്നത വിദ്യാഭ്യാസം നേടിയ ഒരു ആഫ്രോ-അമേരിക്കന്‍ യുവാവിന്റെ സവിശേഷതകള്‍ മുഴുവന്‍ അയാള്‍ക്കുണ്ടായിരുന്നു. പറ്റെ വെട്ടിയ മുടി, കരുതിക്കൂട്ടി സമകാലീനമോടികള്‍ക്കനുസൃതമായ വസ്‌ത്രധാരണം, ഉറച്ച ശബ്‌ദം എന്നിങ്ങനെ. പക്ഷേ, ചേരികളില്‍ വളര്‍ന്നതിന്റെ ഉച്ചാരണങ്ങളും പ്രയോഗങ്ങളും മാറ്റിനിര്‍ത്താന്‍ കഴിയുമായിരുന്നില്ല. `ഹേ, മാന്‍...മാന്‍...' വാക്കുകളും ചിലപ്പോള്‍ പ്രയോഗങ്ങളും കുറുക്കി വിഴുങ്ങുന്ന പതിവും ഏറെ ആസ്വദിക്കാനാണ്‌ തോന്നുക, ഭാഷയുടെയും ശൈലിയുടെയും പ്രത്യേകതകളായി, അഴകും ചന്തവുമായി!

`അതേ, ഞങ്ങള്‍ മാറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു. ഇന്നും...' മെല്‍വിന്‍.

എന്റെ ചിന്തകള്‍ കാടുകയറി:

ഇന്നും, എന്തുകൊണ്ടാണ്‌ വലിയൊരു ജനവിഭാഗം ഇങ്ങനെ പുറത്താക്കപ്പെടുന്നത്‌? അത്‌ ചരിത്രപരമോ, അതോ മേലേക്കിടയിലെന്ന്‌ ഭാവിക്കുന്ന, ഭൂമിയും സൗകര്യങ്ങളും സ്വയം വശത്താക്കിയവരുടെ അഹന്തയോ? എന്റെ മനസ്സ്‌ കാടുകയറുകയായിരുന്നു.

മെല്‍വിന്‍ തുടര്‍ന്നു:

`ഓര്‍മ്മയായപ്പോള്‍ മുതല്‍ തിരിച്ചറിഞ്ഞതാണ്‌ ഞങ്ങള്‍ വ്യത്യസ്‌തരാണെന്ന്‌. അത്‌ അങ്ങനെയൊന്നാണെന്ന്‌ അന്ന്‌ വിശ്വസിച്ചു. ചില പോരാട്ടങ്ങളില്‍ വിജയിച്ചു. പക്ഷേ... പൊതു സ്ഥലങ്ങളിലെ വിവേചനം അവസാനിച്ചു എന്ന തോന്നലുണ്ടായി. ഭക്ഷണവിഭവങ്ങളിലും മനസ്സികാവസ്ഥയിലും...?'

അയാള്‍ തുടര്‍ന്നു:

`വലിയ കടകളില്‍ പോകുന്നത്‌ ഞങ്ങള്‍ക്ക്‌ വിധിച്ചിട്ടില്ലായിരുന്നു. ഞങ്ങളുടെ ചേരികളില്‍ വാങ്ങാന്‍ കിട്ടുന്നത്‌ മറ്റാര്‍ക്കും വേണ്ടാത്തത്‌. അത്‌ പാകം ചെയ്യാന്‍ ഞങ്ങളുടെ അമ്മമാര്‍ക്ക്‌ പാരമ്പര്യമായ അറിവുണ്ടായിരുന്നു. ഞങ്ങള്‍ ആ വകകള്‍ക്ക്‌ ഞങ്ങളുടേതായ രൂപങ്ങളും പേരുകളും സൃഷ്‌ടിച്ചു. അതായിരുന്നു ഞങ്ങള്‍ക്ക്‌ രുചികരം. ഒരു സാമൂഹിക മോചനം...? ആ ചോദ്യത്തോടെ അയാള്‍ പറഞ്ഞ്‌ അവസാനിപ്പിച്ചു.

ഞാന്‍ ചിന്തിക്കുകയായിരുന്നു:

എല്ലാ നാടും ഒരുപോലെ. കഠിനാദ്ധ്വാനം എന്ന വാക്ക്‌ വെറുതെ ഭംഗിയായി ഉപദേശിക്കാനും! മിച്ചം വരുന്നത്‌, ഉച്ഛിഷ്‌ടങ്ങള്‍മാത്രം അനുഭവിക്കാന്‍, സ്വയം ഒരു തെരഞ്ഞെടുപ്പിന്‌ കാര്യമായ അവസരമില്ലാത്ത ഒരു ജനവിഭാഗം എന്നുമുണ്ടായിരിക്കുമോ? സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍പേറാന്‍പാകത്തില്‍ തിന്മകള്‍ക്ക്‌ കാരണക്കാരായി നില്‌ക്കുന്ന ഒരു കൂട്ടര്‍! അവര്‍ക്ക്‌ ഒരു യഥാര്‍ത്ഥമോചനം സാദ്ധ്യമാകുമോ? അതോ അങ്ങനെ മോചമില്ലാത്ത അവസ്ഥയാണോ പ്രകൃതിനിയമം? ഇനിയും പുതിയ ആശയങ്ങളുമായി ആരെങ്കിലും എത്തിയാല്‍ `മുതല്‍ ആളുന്നവന്‍' അല്ലേ അതും നിയന്ത്രിക്കുക?

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code