ഗാര്‍ലന്റ്: കേരളാ അസോസിയേഷന് ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഫോറം ഏപ്രില്‍ 25-ന് ശനിയാഴ്ച രാവിലെ മുതല്‍ നടക്കും.
ഗാര്‍ലന്റ് ബ്രോഡ്വെയിലുള്ള കേരള അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുക. സീനിയര്‍ സിറ്റിസണ്‍ ഫോറത്തോടനുബന്ധിച്ച് നടക്കുന്ന മെഡിക്കല്‍ സെമിനാറില്‍ `ആയുര്‍വേദവും ആയുരാരോഗ്യവും' എന്ന വിഷയത്തെക്കുറിച്ച് തെങ്ങുംപുരയ്ക്കല് പുന്നൂസ് വൈദ്യന് പ്രബന്ധം അവതരിപ്പിക്കും.
ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സീനിയേഴ്സിനെ പരസ്പരം കാണുന്നതിനും, ബന്ധം പുതുക്കുന്നതിനും വേദിയൊരുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. രാവിലെ മുതല്‍ വൈകിട്ടുവരെ നടക്കുന്ന പരിപാടിയില്‍ വിനോദം, കായിക മത്സരങ്ങള്‍ എന്നിവയും, ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമായ പരിപാടിയില്‍ എല്ലാവരും സംബന്ധിക്കണമെന്ന് അസോസിയേഷന് പ്രസിഡന്റ് ബാബു സി. മാത്യുവും, സെക്രട്ടറി റോയ് കൊടുവത്തും അറിയിച്ചു.
Comments