Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഞാനൊരു നോവല്‍ വായിക്കുമ്പോള്‍   - ഡി.ബാബു പോള്‍ ഐ.എ.എസ്‌

Picture

ഞാന്‍ വായിച്ചു തുടങ്ങിയ കാലത്ത്‌ കാര്യമായ ബാലസാഹിത്യം മലയാളത്തില്‍ ഉണ്ടായിരുന്നില്ല. മാത്യൂ എം.കുഴിവേലി ആരംഭിച്ച ബാലന്‍ പബ്ലിക്കേഷന്റെ കുറച്ചു പുസ്‌തകങ്ങള്‍ അന്നുണ്ടായിരുന്നു. കൂടാതെ, െ്രെകസ്‌തവ സാഹിത്യസഭയുടെ സാരോപദേശകഥകള്‍ പോലെയുള്ള ചില പുസ്‌തകങ്ങളുമുണ്ടായിരുന്നു. 'ബാലമിത്രം' മാത്രമാണ്‌ കുട്ടികളുടെ ആനുകാലികമായി അന്ന്‌ ലഭ്യമായിരുന്നത്‌. പാഠ പുസ്‌തകങ്ങള്‍ക്ക്‌ പുറമെയുള്ള എന്റെ വായനകള്‍ ഈ രീതിയിലാണ്‌ തുടങ്ങിയത്‌. എന്നാല്‍ ഒരു മിഡ്ഡില്‍ സ്‌കൂളിലൊക്കെ ആയപ്പോഴേക്കും അദ്ധ്യാപകരുടെ പ്രേരണകൊണ്ടും കയ്യില്‍ കിട്ടുന്ന മലയാള പുസ്‌തകങ്ങളെല്ലാം വായിക്കുന്ന ഒരു സമ്പ്രദായത്തിലേക്കു വന്നു. അതില്‍ പല പുസ്‌തകങ്ങളും മനസ്സിലായില്ല. ഉദാഹരണത്തിന്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'ശബ്ദങ്ങള്‍' ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പുസ്‌തകമാണ്‌.എന്നാല്‍ ശബ്ദങ്ങള്‍ കൊണ്ട്‌ ബഷീര്‍ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ അന്ന്‌ മനസ്സിലായിരുന്നില്ല. എന്തോ ഒരു ഗുലുമാലാണെന്ന്‌ മാത്രമാണ്‌ തിരിഞ്ഞത്‌. പ്രായമായി ഐ.എ.എസ്‌ ലഭിച്ചതിനുശേഷം വീണ്ടും അന്വേഷിച്ച്‌ കണ്ടു പിടിച്ച്‌ വായിച്ചപ്പോഴാണ്‌ 'ശബ്ദങ്ങള്‍' പൂര്‍ണ്ണമായി മനസ്സിലാവുന്നത്‌. അങ്ങനെ കയ്യില്‍ കിട്ടുന്നതെല്ലാം വായിക്കുക എന്നൊരു സമ്പ്രദായത്തിലാണ്‌ പള്ളിക്കൂടം കഴിയുന്നതുവരെ ഞാനുണ്ടായിരുന്നത്‌.

എസ്‌. എസ.്‌ എല്‍. സി പരീക്ഷ കഴിഞ്ഞ്‌ കോളേജിലേക്ക്‌ പോവുന്നതിനു മുമ്പേ ഞങ്ങളുടെ സ്‌കൂള്‍ ലൈബ്രറിയിലുണ്ടായിരുന്ന ഡിക്ഷനറികളും മഹാകാവ്യങ്ങളുമല്ലാത്ത എല്ലാ മലയാള പുസ്‌തകങ്ങളും വരയിട്ടു തീര്‍ത്തിട്ടാണ്‌ ഞാന്‍ പോയത്‌. അതില്‍ ഭാസ്‌കരന്‍ നായര്‍ സാറിന്റെ ശാസ്‌ത്ര സാഹിത്യമുണ്ടായിരുന്നു. പി.കെ പരമേശ്വരന്‍ നായരെപ്പോലുള്ള ആളുകള്‍ എഴുതിയ കൃതികള്‍ ഉണ്ടായിരുന്നു. ഇതെല്ലാം അന്നത്തെ വായനക്ക്‌ ഒരു താല്‍പര്യമുണ്ടാക്കി എന്നതാണ്‌ വസ്‌തുത. കോളേജില്‍ ചെന്നു കഴിഞ്ഞിട്ടാണ്‌ ഇംഗ്ലീഷ്‌ പുസ്‌തകങ്ങളില്‍ ഒരു കൗതുകം വന്നത്‌. അതിനുശേഷം എഞ്ചിനീയറിംഗ്‌ കോളേജില്‍ നാലു വര്‍ഷം പഠിച്ച ഇടവേളയില്‍ അങ്ങനെയുള്ള വായനകള്‍ കുറവായിരുന്നു. പിന്നീട്‌ 22ാം വയസ്സിലാണ്‌ ഞാന്‍ ഐ.എ.എസ്‌ എഴുതുന്നത്‌. ആ പഠനവും പരിശീലനവുമെല്ലാം കഴിഞ്ഞ്‌ വായന തുടങ്ങിയപ്പോള്‍ എന്റെ വായനയുടെ മേഖല ചുരുങ്ങി. നോവലുകള്‍ പോലെ ലളിതമായ വായനകളില്‍ നിന്നും മാറി എനിക്കു ദാര്‍ശനികമായ കാര്യങ്ങളിലും മതചരിത്രം, മതപഠനം തുടങ്ങിയ കാര്യങ്ങളിലുമെല്ലാം കൗതുകം തോന്നിത്തുടങ്ങി. താല്‍പര്യമേഖല എന്ന നിലക്ക്‌ ഇപ്പോഴും അത്തരം കൃതികളില്‍ തന്നെയാണ്‌ ഞാന്‍ കുടുതല്‍ സമയം ചെലവഴിക്കുന്നത്‌. അതിനാല്‍ ഞാനൊരു നോവല്‍ വായിക്കുന്നത്‌ വിശ്വാസമുള്ള ആളുകള്‍ ആ നോവല്‍ നല്ലതാണെന്നും അത്‌ വായിക്കുന്നത്‌ സാഹിത്യത്തെക്കുറിച്ച്‌ മനസ്സിലാക്കുന്നതിന്‌ ഏറെ പ്രയോജനപ്പെടുമെന്നും മനസ്സില്‍ പ്രത്യേക അനുഭൂതി അത്‌ സൃഷ്ടിക്കുമെന്നും പറയുമ്പോള്‍ മാത്രമാണ്‌.

വായന മുന്നോട്ടു പോവുന്ന ഒരു യാത്രയാണ്‌. അതിനാല്‍ പല ഘട്ടങ്ങളിലും നമ്മള്‍ വായിക്കുന്ന കൃതികള്‍ പില്‍ക്കാലത്ത്‌ നമുക്ക്‌ വീണ്ടും വായിക്കണമെന്ന്‌ തോന്നി എന്നു വരില്ല. മുമ്പു വായിച്ചത്‌ വായിക്കണമെങ്കില്‍ നമ്മള്‍ അന്വേഷിക്കുന്ന നൊസ്റ്റാള്‍ജിയയുടെ ഒരംശം ആ കൃതിയിലുള്ളതുകൊണ്ടാവും. വായനയെന്നാല്‍ അനുസ്യൂതമായി പരിണാമവിധേയമാകുന്ന ഒരു പ്രക്രിയയാണ്‌. അങ്ങനെയുള്ള വായന മാത്രമാണ്‌ മനുഷ്യന്റെ ബൗദ്ധിക തലത്തിലുള്ള വളര്‍ച്ചക്കു സഹായിക്കുന്നത്‌. ഗൗരവമേറിയ വായനക്കിടയിലും മനസ്സ്‌ തണുപ്പിക്കാന്‍ ഞാന്‍ ചില ലളിതമായ വായനകളില്‍ ഏര്‍പ്പെടാറുണ്ട്‌. അതില്‍ നിന്നും ഏതെങ്കിലും രൂപത്തിലുള്ള ബൗദ്ധികമായ സംതൃപ്‌തിയൊന്നും കിട്ടിയിട്ടല്ല, എല്ലാം മറന്ന്‌ കൊച്ചുകുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കാന്‍ ആ കൃതികള്‍ വായിച്ചാലാവും. അതൊരു റിലാക്‌സേഷന്റെ ഭാഗമാണ്‌.

ആവര്‍ത്തിച്ചുള്ള വായനകളിലും പുതിയ അറിവാണ്‌ മിക്ക അധ്യാത്മിക കൃതികളും നമുക്ക്‌ നല്‍കുന്നത്‌. വായന ആത്മാവിന്‌ വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്നതില്‍ യാതൊരു സംശയവുമില്ല. കണ്ണിന്‌ തെളിച്ചവും ബുദ്ധിക്ക്‌ വെളിച്ചവും ഉള്ള കാലത്തോളം എല്ലാവര്‍ക്കും പ്രയോജനകരമായി കൊണ്ടു നടക്കാന്‍ കഴിയുന്നതും കഴിയേണ്ടതുമായ ഒരു പ്രക്രിയയാണ്‌ വായനാശീലം.


Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code