Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബ്ബര്‍: ഒരടി മുന്നോട്ട്‌; പക്ഷേ   - പി.സി. സിറിയക്‌ ഐ.എ.എസ്‌

Picture

റബര്‍ പ്രതിസന്ധിക്കു പരിഹാരം കാണാനായി കേരള സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ബുധനാഴ്‌ച ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. അതില്‍ പങ്കെടുത്ത ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള കര്‍ഷക പ്രതിനിധികള്‍ അവിടെ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ചുവടെ:

1. കേരള സര്‍ക്കാര്‍ റബര്‍ വിലസ്ഥിരതയ്‌ക്കായി നീക്കിവച്ചിരിക്കുന്ന 300 കോടി രൂപ ഉപയോഗിച്ച്‌ ഉടന്‍ റബര്‍ സംഭരണം തുടങ്ങുക. റബര്‍ സംഭരിക്കുന്നതോടെ വിപണിവില മെച്ചപ്പെടും. കേന്ദ്രവാണിജ്യവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിളയാണു റബര്‍. അതിന്റെ വിലസ്ഥിരതയ്‌ക്കായി നടപടി എടുക്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി, അവരുടെ കൈവശം ഇപ്പോള്‍ത്തന്നെ ലഭ്യമായ 1000 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്‌ട്‌ ഉപയോഗിച്ച്‌ റബര്‍ സംഭരണം നടത്താന്‍ അവരെ നിര്‍ബന്ധിക്കുക. അങ്ങനെ വിപണി വില ഇന്നത്തെ 130 രൂപയില്‍നിന്നു 150 രൂപയിലെത്താന്‍ ഇടവരുത്തുക.

2. അനിയന്ത്രിതമായ ഇറക്കുമതിയാണു റബര്‍ വിലയിടിവിനു കാരണം എന്ന സത്യം മനസിലാക്കി, ഇപ്പോഴും തുടരുന്ന ഇറക്കുമതിയുടെ ഒഴുക്ക്‌ തടഞ്ഞുനിര്‍ത്താന്‍, അന്താരാഷ്‌ട്ര ഉടമ്പടിയില്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ള സംരക്ഷണച്ചുങ്കം ഏര്‍പ്പെടുത്താനും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുക.

(നമ്മുടെ രാജ്യത്തെ ചെറുകിട കര്‍ഷകരുടെ ജീവസന്ധാരണം അപകടത്തിലാക്കുന്ന അളവില്‍ അനാവശ്യമായി റബര്‍ ഇറക്കുമതി ചെയ്‌ത്‌ വിപണി തകര്‍ക്കുന്ന സാഹചര്യമുണ്‌ടായാല്‍ ഇവിടത്തെ ചെറുകിട കര്‍ഷകരെ രക്ഷിക്കാനായി അധിക ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തി, ഇറക്കുമതിയുടെ ഒഴുക്ക്‌ തടയാന്‍ സര്‍ക്കാരിന്‌ അധികാരമുണ്‌ട്‌. ഇതിനുവേണ്‌ടി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ അപ്രസക്തമാക്കാനാണ്‌ കഴിഞ്ഞ രണ്‌ടു കൊല്ലത്തെ റബര്‍ ഉത്‌പാദനം വളരെക്കുറവായിരുന്നു എന്നു പറഞ്ഞു മുന്‍ കൊല്ലങ്ങളിലെ ഉത്‌പാദന സ്ഥിതിവിവരക്കണക്കുകള്‍ ഇപ്പോള്‍ തിരുത്താന്‍ റബര്‍ ബോര്‍ഡ്‌ വിദഗ്‌ധര്‍ ശ്രമിക്കുന്നത്‌. ഉത്‌പാദനം കുറവാണെങ്കില്‍പ്പിന്നെ അധിക റബര്‍ ഇറക്കുമതി ചെയ്യാതെ എന്തുചെയ്യും? കഴിഞ്ഞ രണ്‌ടു കൊല്ലക്കാലത്ത്‌ ഏഴര ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്‌തത്‌, സ്ഥിതിവിവരക്കണക്ക്‌ തിരുത്തി ന്യായീകരിക്കാനുള്ള ശ്രമത്തിനെതിരേ കേരള സര്‍ക്കാര്‍ ശബ്ദമുയര്‍ത്തേണ്‌ടിയിരിക്കുന്നു.)

3. റോഡ്‌ റബറൈസേഷന്‍ (റബര്‍പാല്‍ ചേര്‍ത്ത ടാര്‍ ഉപയോഗിക്കുന്നത്‌), റബര്‍ത്തടി സംസ്ഥാനം വിട്ടു പുറത്തേക്കു കൊണ്‌ടുചെന്നു വില്‍ക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നത്‌ എന്നിങ്ങനെ മറ്റു വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണം.

പക്ഷേ, റബര്‍ സംഭരണത്തിനു പകരം, കര്‍ഷകര്‍ക്കു താത്‌കാലിക ആശ്വാസം നല്‍കി 300 കോടി രൂപ മുടക്കാനുള്ള പദ്ധതിയാണു മുഖ്യമന്ത്രി മുന്നോട്ടുവച്ചത്‌. രണ്‌ടു ഹെക്‌ടര്‍ വരെ റബര്‍ കൃഷിയുള്ള, ആര്‍പിഎസ്‌ അംഗങ്ങളായ കര്‍ഷകര്‍ക്കു റബര്‍ ബോര്‍ഡിന്റെ ഡീലര്‍ ലൈസന്‍സ്‌ ഉള്ള സ്വകാര്യ വ്യാപാരികള്‍ക്കോ സൊസൈറ്റികള്‍ക്കോ, കമ്പനികള്‍ക്കോ റബര്‍ വില്‍ക്കാം. പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന റബര്‍ ബോര്‍ഡിന്റെ വിലയ്‌ക്ക്‌ ആര്‍എസ്‌എസ്‌ 4, 5 റബര്‍ ഷീറ്റുകള്‍ വില്‍ക്കാം. അതിന്റെ ബില്‍ റബര്‍ ബോര്‍ഡ്‌ ഫീല്‍ഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞ്‌ അക്ഷയ കേന്ദ്രത്തിലോ കംപ്യൂട്ടറുള്ള മറ്റെവിടെയെങ്കിലുമോ ചെന്നു സ്‌കാന്‍ ചെയ്‌തു സര്‍ക്കാരിലേക്ക്‌ അയയ്‌ക്കണം. രണ്‌ടാഴ്‌ചയ്‌ക്കുള്ളില്‍ റബര്‍ ബോര്‍ഡിന്റെ സൂചിത വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം, എത്രയാണോ അത്‌ കര്‍ഷകന്റെ ബാങ്ക്‌ അക്കൗണ്‌ടിലേക്കു സര്‍ക്കാര്‍ അയച്ചുകൊടുക്കും.

ഈ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ചുവപ്പുനാടയായിത്തീരുമെന്നു കര്‍ഷക പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു. വിപണിയില്‍ ഇടപെട്ട്‌ വില ഉയര്‍ത്തുന്നതിനുപകരം സര്‍ക്കാര്‍ കര്‍ഷകര്‍ക്കു താത്‌കാലിക ആശ്വാസമായി കുറച്ചു പണം നല്‍കി മാറിനില്‍ക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു കര്‍ഷക പ്രതിനിധികള്‍ കരുതി.

പക്ഷേ, സര്‍ക്കാര്‍ അതിന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നു വ്യക്തമായപ്പോള്‍, റബര്‍ സംഭരണത്തിനായി വീണ്‌ടും വാദിച്ചു കൊണ്‌ടിരുന്നാല്‍, 300 കോടി രൂപയുടെ ആശ്വാസസഹായം കര്‍ഷകര്‍ക്കു നഷ്ടപ്പെട്ടു പോയേക്കുമെന്നു തോന്നി. ആ നഷ്‌ടത്തിനു കാരണം, കര്‍ഷക പ്രതിനിധികളുടെ എതിര്‍പ്പാണെന്നു പഴി കേള്‍ക്കേണ്‌ടിവരുമെന്നു ഭയപ്പെടുകയും ചെയ്‌തു.

അങ്ങനെ, ഒരു മാസത്തേക്കു സര്‍ക്കാരിന്റെ ആശ്വാസപദ്ധതി നടപ്പാക്കുക, ഒരുമാസം പ്രവര്‍ത്തനം അവലോകനം ചെയ്‌തശേഷം ചര്‍ച്ച ചെയ്‌തു പിന്നീടുള്ള നടപടികള്‍ എടുക്കാം എന്ന തീരുമാനം എടുക്കാന്‍ എല്ലാവരും സഹകരിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ റബര്‍ സംഭരിക്കാനും സംരക്ഷണച്ചുങ്കം ചുമത്തി ഇറക്കുമതിയുടെ ഒഴുക്ക്‌ നിയന്ത്രിക്കാനും വേണ്‌ട സമ്മര്‍ദം ചെലുത്താന്‍ കേരള സര്‍ക്കാരും ഇവിടത്തെ എംപിമാരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്‌ടിയിരിക്കുന്നു.

പി.സി. സിറിയക്‌ ഐ.എ.എസ്‌
ഇന്‍ഫാം പ്രസിഡന്റ്‌, റബര്‍ കര്‍ഷക സംരക്ഷണസമിതി ചെയര്‍മാന്‍)

Picture2



Comments


Mr
by Jose Southil, Germany on 2015-07-04 04:03:58 am
Dear Friends, India need"Bundeskartallamt"(like Germany ) to control prices and same time to, safe guard our farmers with fair prices for their products. http://www.bundeskartellamt.de/EN/Home/home_node.html


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code