Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹാലോവിന്‍ ആഘോഷങ്ങള്‍ക്ക് അയര്‍ലന്‍ഡ് ഒരുങ്ങി

Picture

ഡബ്‌ളിന്‍: ഹാലോവിന്‍ ആഘോഷങ്ങള്‍ക്കായി അയര്‍ലന്‍ഡ് ഒരുങ്ങി. ഒക്‌ടോബറിലെ അവസാന രാത്രിയാണ് ഹാലോവിന്‍. ഗെയിലി കാലത്ത് പുരാതന ഐറിഷ് ഉല്‍സവമായ സാംഹെയിനില്‍നിന്നുമാണ് ഹാലോവിന്‍ ആഘോഷങ്ങള്‍ ഉടലെടുത്തത്.

'ആള്‍ ഹാലോവ്‌സ് ഡേ' എന്ന പേരില്‍ നവംബര്‍ ഒന്നിനാണ് സകല വിശുദ്ധരുടേയും തിരുനാള്‍. ഇതിനു തലേദിവസമായ ഒക്‌ടോബര്‍ 31നു ആരംഭിക്കുന്ന ആഘോഷമായതിനാലാണ് ഇതിനു ഹാലോവിന്‍ എന്ന പേരു ലഭിച്ചത്. ആള്‍ ഹാലോവ്‌സ് ഈവ് എന്നതിന്റെ ചുരുക്കപ്പേരാണു ഹാലോവിന്‍.

പാതാളത്തിലുള്ളവര്‍ ഭൂമിയിലേക്കു വരുന്നതിനെ അനുസ്മരിക്കുന്നത് ആഘോഷത്തിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായി കുട്ടികളും മുതിര്‍ന്നവരും പ്രേതപിശാചുക്കളുടേയും മന്ത്രവാദികളുടേയും മറ്റും വേഷമണിയും. അന്നേ രാത്രി പടക്കം പൊട്ടിക്കുകയും ഉപയോഗശൂന്യമായവ തീയിടുകയും ചെയ്യും. കോസ്റ്റ്യൂം പാര്‍ട്ടി, ട്രിക്ക് ഓര്‍ ട്രീറ്റ്, മത്തങ്ങയില്‍ മുഖത്തിന്റെ വിക്യത രൂപങ്ങളുണ്ടാക്കി ഇതിനുള്ളില്‍ തിരി കത്തിച്ചു വയ്ക്കുക തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാണ്.

വീടുകളില്‍ ആഘോഷങ്ങള്‍ക്കിടെ പരമ്പരാഗത ഹാലോവിന്‍ കേക്കായ ബാംബ്രാക്ക് മുറിക്കും. കേക്കില്‍ ഓരോ തുണിക്കഷണവും കോയിനും മോതിരവും ഉണ്ടാകും. കേക്ക് കഴിക്കുന്നതിനിടെ തുണി ലഭിക്കുന്നയാള്‍ക്കു വരും വര്‍ഷങ്ങളില്‍ സാമ്പത്തിക അഭിവൃദ്ധി അനിശ്ചിതത്തിലാവുമെന്നാണ് വിശ്വാസം. കോയിന്‍ ലഭിക്കുന്നയാള്‍ സമസ്ത മേഖലയിലും വിജയിയാവുമെന്നും മോതിരം ലഭിക്കുന്നയാള്‍ക്കു പ്രണയം ആസന്നമായെന്നുമാണ് ഐറിഷ് വിശ്വാസം.

ഹാലോവിന്റെ ഭാഗമായി രാജ്യത്ത് ഒക്‌ടോബറിലെ അവസാന തിങ്കളാഴ്ച പൊതു അവധി ദിവസമാണ്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഒരാഴ്ച അവധിയാണ്. ഹാലോവിന്‍ ഉത്ഭവസ്ഥലം അയര്‍ലന്‍ഡാണെങ്കിലും ലോകത്തു മറ്റിടങ്ങളിലും ആഘോഷിക്കുന്നുണ്ട്. ചൈനയില്‍ ഗോസ്റ്റ് ഫെസ്റ്റിവല്‍ എന്ന പേരില്‍ ഇതിനു സമാനമായ ആഘോഷമുണ്ട്.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code