Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാറ്റങ്ങള്‍ ഉള്‍ക്കൊളളാനാവാത്ത മാധ്യമങ്ങള്‍ പരാജയപ്പെടും; സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌

Picture

ചിക്കാഗോ: മാധ്യമരംഗത്തെ വലിയ മാറ്റത്തിനു സാക്ഷ്യംവഹിക്കുന്ന തലമുറയാണ്‌ നമ്മുടേതെന്നു സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌. സ്‌റ്റോണ്‍ ടു ഫോണ്‍ എന്നതാണ്‌ സ്ഥിതി. അതായത്‌ കല്ലച്ചില്‍ നിന്ന്‌ ഫോണ്‍ എന്ന അത്യാധുനിക സാങ്കേതികവിദ്യയിലേക്കുള്ള പരിണാമം. ഇന്ത്യ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ കണ്‍വന്‍ഷനില്‍ പുതിയ തലമുറയും നവമാധ്യമങ്ങളും എന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്‌ കോഓര്‍ഡിനേറ്ററായ സന്തോഷ്‌ ജോ ര്‍ജ്‌.

മാറ്റങ്ങള്‍ക്കനുസരിച്ച്‌ മാറാന്‍ കഴിയാത്ത മാധ്യമങ്ങള്‍ പരാജയപ്പെടും. ഒരിക്കല്‍ പത്രത്തില്‍ അച്ചടിച്ചു വന്നാലേ ജനങ്ങള്‍ വിശ്വസിക്കൂ എന്നതായിരുന്നു സ്ഥിതി. പരേതനായ കെ.ആര്‍. ചുമ്മാര്‍ നിയമസഭാ റിപ്പോര്‍ട്ടിംഗ്‌ നടത്തുമ്പോള്‍ കക്ഷിഭേദമെന്യേ എം.എല്‍.എമാരും മന്ത്രിമാരും അദ്ദേഹത്തിന്റെ ശ്രദ്ധ നേടാന്‍ എത്തുന്നതു കണ്ടിട്ടുണ്ട്‌. ആ കാലത്തിനു ഒരു പരിധിവരെ മാറ്റം വന്നു. ആ സ്ഥാനമൊക്കെ ടിവി പിടിച്ചുപറ്റി.
ഗൂഗിള്‍ ഗ്ലാസ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ദൂരത്തുള്ള കാര്യങ്ങള്‍ തത്സമയം സമീപത്തുതന്നെ നടക്കുന്ന അനുഭവമാണുണ്ടാകുക.

മാറ്റത്തെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രിന്റ്‌ മാധ്യമങ്ങള്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ അവ വളരുന്നുണ്ടെങ്കിലും കേരളത്തില്‍ വളര്‍ച്ചാനിരക്ക്‌ കുറഞ്ഞു. എന്തായാലും വിജയിക്കണമെങ്കില്‍ അച്ചടിപ്പത്രങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന കടുംപിടുത്തത്തില്‍നിന്നു മോചിതരാകണം.
ഡിജിറ്റലിലാണ്‌ ഭാവി. പക്ഷെ അതിനു വിശ്വാസ്യത കുറവ്‌. അതിനാലാണ്‌ പരമ്പരാഗത മാധ്യമങ്ങള്‍ക്കു പ്രസക്തി. ഒരേസമയം വിവിധ തരം മാധ്യമങ്ങള്‍ ഉപയോഗിച്ചാലേ വിജയിക്കാനാവൂ. പരമ്പരാഗത മാധ്യമങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി നവമാധ്യമങ്ങളില്‍ നിന്നാണ്‌.
മനോരമയുടെ ഓണ്‍ലൈന്‍ വഴി മൊത്ത വരുമാനത്തിന്റെ അഞ്ചു ശതമാനം പോലും ലഭിക്കുന്നില്ല. അതു മാറിക്കൂടായ്‌കയില്ല.
മനോരമ വീക്ക്‌ലി സൗജന്യമായി ഏതാനും മാസത്തേക്ക്‌ ഇന്റര്‍നെറ്റിലിടുകയുണ്ടായി. അഞ്ചുലക്ഷം പേരാണ്‌ അതു ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വായിച്ചത്‌. ഒരുവര്‍ഷത്തേക്ക്‌ 150 രൂപ എന്ന നിസാര സംഖ്യ വച്ചപ്പോള്‍ വരിക്കാര്‍ ഇല്ലാതായി. ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ്‌ വരിസംഖ്യ അടച്ചത്‌.

ഏതൊരാള്‍ക്കും പത്രപ്രവര്‍ത്തനം നടത്താമെങ്കിലും ശരിക്കുമുള്ള പത്രക്കാര്‍ നല്‍കുന്ന ഗുണമേന്മ അവര്‍ക്കു നല്‍കാനാവില്ല. അതാണ്‌ പ്രധാന വ്യത്യാസം. അതിനാല്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. എന്നു മാത്രമല്ല ഇപ്പോള്‍ ഒരുപാട്‌ പേര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു പിന്തിരിയുന്നുമുണ്ട്‌.
അനാവശ്യമായ വിവാദം ഉണ്ടാക്കുന്നതു കുറ്റകരമാക്കണമെന്നു സദസിലുണ്ടായിരുന്നു തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. തന്റെ മക്കള്‍ക്കെതിരേ വരെ സോഷ്യല്‍മീഡിയയില്‍ പരാമര്‍ശം വന്നു. ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. അതിനു ഫലമുണ്ടായി.

അഴിമതിക്കാര്‍ക്കും മറ്റുമെതിരേ വലിയ ജനവികാരമുണര്‍ത്താന്‍ നവമാധ്യമങ്ങള്‍ക്കാവുമെന്നു രാജു ഏബ്രഹാം എം.എല്‍.എ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവവും കേജര്‌വാളിന്റെ വരവുമൊക്കെ ഉദാഹരണം.
ഓണ്‍ലൈനില്‍ ആദ്യ പത്രം പുറത്തിറക്കുന്നത്‌ ദീപികയായിരുന്നുവെന്നു ദീപിക ലീഡര്‍ റൈറ്റര്‍ സേര്‍ജി ആന്റണി പറഞ്ഞു. അതു ലാഭകരമായി മുന്നേറുന്നു. തുടക്കത്തിലുണ്ടായിരുന്ന ഹോം പേജ്‌ ആണ്‌ ഇപ്പോഴും. അതു മാറാന്‍ നോക്കിയപ്പോള്‍ വലിയ എതിര്‍പ്പുണ്ടായി.

ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലുന്ന ചിത്രം ടിവിയില്‍ വന്നിട്ടില്ലെന്ന്‌ ചോദ്യത്തിനു ഉത്തരമായി പി.ജി. സുരേഷ്‌ കുമാര്‍ (ഏഷ്യാനെറ്റ്‌) പറഞ്ഞു. നിര്‍ഭയയുടെ ചിത്രമെന്ന പേരില്‍ മറ്റൊരു യുവതിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി. രണ്ടു കമിതാക്കള്‍ മരിച്ചപ്പോള്‍ പോലീസ്‌ തന്ന ചിത്രത്തിലെ യുവതി മാറിപ്പോയി. ഇത്തരം പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്നു.

മാത്യു വര്‍ഗീസ്‌ മോഡറേറ്ററായിരുന്നു. പാനലിസ്‌റ്റുകളായ ജയ്‌മോന്‍ നന്തിക്കാട്ട്‌, മറിയാമ്മ പിളള, ജോയിച്ചന്‍ പുതുക്കുളം, സണ്ണി പൗലോസ്‌, ജയിംസ്‌ വര്‍ഗീസ്‌ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code