Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍ഡോ­അമേരിക്കന്‍ പ്രസ്ക്ലബിനു പുതിയ നേതൃത്വം; സത്യപ്രതിജ്ഞ നടന്നത് മാധ്യമ പ്രമുഖര്‍ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍   - രാജു ചിറമണ്ണില്‍, കോരസണ്‍ വര്‍ഗീസ്

Picture

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ന്യൂയോര്‍ക്കിലെ ടൈസണ്‍സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഭാരവാഹികള്‍ ചുമതലയേറ്റത്. നോര്‍ത്ത് അമേരിക്കയിലെ മാധ്യമ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ഏറെ മികവുറ്റതാക്കി. മണ്‍മറഞ്ഞ എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ഓര്‍മകള്‍ക്കു മുന്നില്‍ ഒരുനിമിഷം മൗനമാചരിച്ച ശേഷമാണ് ചടങ്ങുകള്‍ക്കു തുടക്കമായത് . അതിനു മുമ്പു അമേരിക്കന്‍ ദേശീയ ഗാനം ക്രിസ്റ്റീന ബാബു ആലപിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനം എല്ലാവരും ഒരുമിച്ച് ആലപിച്ചത് അമേരിക്കക്കാര്‍ക്ക് വേറിട്ട അനുഭവമായി.

ചടങ്ങില്‍ സ്വാഗതം ആശംസിച്ച ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ് പ്രസ് ക്ലബിന്റെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് സ്ഥാനമേല്‍ക്കുന്ന പുതിയ ഭാരവാഹികളെ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌­സണ്‍ വിനീത നായര്‍ സദസിന് പരിചയപ്പെടുത്തി. സൗത്ത് ഏഷ്യന്‍ ടൈംസിന്റെ മാനേജിംഗ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ പര്‍വീണ്‍ ചോപ്രാ (പ്രസിഡന്റ്), കോളമിസ്റ്റും ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്ററുമായ കോരസണ്‍ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), കോളമിസ്റ്റും ഗ്രന്ഥകാരനുമായ ഡോ. തോമസ് മാത്യൂ ജോയിസ് (എക്‌­സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), പ്രമുഖ ഫോട്ടോഗ്രാഫറായ അനില്‍മാത്യു (ട്രഷറര്‍), സിറിയക് സ്കറിയ (വൈസ് പ്രസിഡന്റ്), ജില്ലി സാമുവേല്‍ (വൈസ്പ്രസിഡന്റ്), മിനി നായര്‍ (സെക്രട്ടറി), ജെയിംസ് കുരീക്കാട്ടില്‍ (സെക്രട്ടറി), ഡോ. സുനിത ലോയ്ഡ് (സെക്രട്ടറി), ജിനു ആന്‍ മാത്യു (ജോയിന്റ് ട്രഷറര്‍), ജെയ്‌­സണ്‍ മാത്യു (പിആര്‍ഒ) എന്നിവര്‍ക്കും പുതിയതായി ദേശീയ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്‌­മോന്‍ പി. സക്കറിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് രേഖകള്‍ ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസിനു കൈമാറി.

ഐഎപിസിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിന്റെ ഭാരവാഹികളെ അഭിനന്ദിക്കുന്നതായും മുഖ്യപ്രഭാഷണം നടത്തിയ അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ രംഗത്തെ പ്രമുഖനും ടിവി ഏഷ്യയുടെ ചീഫ് എക്‌­സിക്യൂട്ടീവുമായ എച്ച്.ആര്‍. ഷാ പറഞ്ഞു. കഠിനാധ്വാനം കൊണ്ടാണ് താന്‍ ഈ നിലയില്‍ എത്തിയത്. എല്ലാ വിജയങ്ങള്‍ക്കു പിന്നിലും ഇത്തരത്തിലുളള കഠിനാധ്വാനമുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ശബ്ദമാകാന്‍ ഐഎപസിക്കു സാധിച്ചത് ഇതിലെ അംഗങ്ങളുടെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യമാധ്യമവും അച്ചടിമാധ്യമവും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്. സൗത്ത് ഏഷ്യന്‍ ടെലിവിഷന്‍ രംഗം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മുന്നോട്ടു പോകുകയാണ്. ഇന്റര്‍നെറ്റ് മീഡിയ അച്ചടിമാധ്യമങ്ങളെ മറികടന്നെങ്കിലും പരസ്യദാതാക്കള്‍ക്ക് ഇന്നും പ്രീയം അച്ചടിമാധ്യമങ്ങളോടാണെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസിക്കു പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം അമേരിക്കയിലെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ശബ്ദം ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ താനും ഒപ്പമുണ്ടാകുമെന്നും അറിയിച്ചത് നീണ്ട കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

ഇന്ത്യന്‍ പനോരമയുടെ ചീഫ് എഡിറ്റര്‍ പ്രഫ. ഇന്ദ്രജിത്ത് സലൂജ പുതിയ അംഗങ്ങളെ അനുമോദിച്ച് പ്രസംഗിച്ചു. മാധ്യമങ്ങളുടെ ഇന്നത്തെ കാലത്തെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ധര്‍മം പാലിച്ചുകൊണ്ടു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അവ സമൂഹത്തിന്റെ മനസാക്ഷിയായി നിന്നുകൊണ്ടുവേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ മാധ്യമ സമൂഹത്തിന് വിലപ്പെട്ടതാണെന്നു ഫൊര്‍സൈത്ത് മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ കമലേഷ് മേത്ത വിലയിരുത്തി. ഐഎപിസി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആശംസിച്ച അദ്ദേഹം പുതിയ അംഗങ്ങളെ അനുമോദിച്ചു.

മാധ്യമങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ വളരെ വലിയ സ്വാധീനമാണ് ചലുത്തുന്നതെന്നു അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ ഫിസീഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് ഇലക്ട് ഡോ. അജയ് ലോധ പറഞ്ഞു. ഹൈഡ്രജന്‍ ബോംബിനെക്കാള്‍ ശക്തിയേറിയതാണ് മാധ്യമങ്ങള്‍. നമ്മുടെ ഈ സമൂഹത്തിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നമ്മുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസി കൂടുതല്‍ ഇടങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഐഎപിസിയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തെക്കുറിച്ചും താന്‍ ഈ സംഘടനയിലേക്ക് കടന്നുവന്നതിനെക്കുറിച്ചും അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്റ് പറവീണ്‍ ചോപ്ര വിശദീകരിച്ചു. ഐഎപിസിയുടെ സാധ്യതകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി. മാധ്യമങ്ങള്‍ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി അര്‍പ്പിക്കുകയും ചെയ്തു. അഡ്‌­ഫോഴ്‌­സിന്റെ വൈസ് പ്രസിഡന്റ് ഷൊമിക്ക് ചൗധരി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെക്കുറിച്ച് ക്ലാസെടുത്തു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം, തിരുവനന്തപുരം പ്രസ്ക്ലബുകളില്‍ ഐഎപിസി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എക്‌­സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. തോമസ് മാത്യു ജോയിസ് വിശദീകരിച്ചു. ഐഎപിസി ഉടന്‍ ആരംഭിക്കാന്‍ പോകുന്ന ഓണ്‍ലൈന്‍ ജേര്‍ണലിസം കോഴ്‌­സിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് പുതിയ വാതിലാണ് തുറന്നിടുന്നത്. കൂടാതെ മറ്റു പ്രഫഷണല്‍ കോഴ്‌­സുകള്‍ക്ക് സാധിക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ ഐഎപിസിയുടെ കോഴ്‌­സിലൂടെ സാധിക്കും. ഐഎപിസിയുടെ ഐഡിന്റിറ്റി കാര്‍ഡിന്റെ ഗുണങ്ങളെക്കുറിച്ചും അതില്‍ക്കൂടി ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഐഎപിസിയുടെ വെബ്‌­സൈറ്റില്‍ക്കൂടി ക്ലബ് അംഗങ്ങളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുപാട് സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ക്ലബ് അംഗങ്ങള്‍ക്കുള്ള ഐഡിന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു.

ഐഎപിസിയുടെ ഈ വര്‍ഷത്തെ സത്കര്‍മ്മ അവാര്‍ഡിന് തെരുവോരം മുരുകനെ തെരഞ്ഞെടുത്തതായി ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി പോള്‍ പനയ്ക്കല്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന്, തെരുവോരം മുരുകനെക്കുറിച്ച് അരുണ്‍ ഹരി സംസാരിച്ചു. ജീവിതത്തില്‍ സര്‍വതും നഷ്ടപ്പെട്ട് സമൂഹത്തില്‍ നിന്നു നിഷ്കാസിതനായ ഈ ചെറുപ്പക്കാരന്‍ ജീവിതത്തിലേക്ക് തിരികെ വന്ന് ആയിരങ്ങള്‍ക്ക് അഭയ കേന്ദ്രമാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സത്കര്‍മ്മ പുരസ്ക്കാരം ലഭിച്ചത് ദയാഭായിക്കാണ്.

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഐഎപിസിയുടെ പിന്നില്‍ അണിനിരക്കുന്നത് ഈ സംഘടനയുടെ പ്രവര്‍ത്തന മികവുകൊണ്ടാണെ് കൈരളി പത്രത്തിന്റെ പത്രാധിപര്‍ ജോസ് തയ്യില്‍ പറഞ്ഞു. അതിനായി പ്രവര്‍ത്തിക്കുന്ന ഓരോ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് കാലത്തിന്റെ ആവശ്യമാണെന്നും അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐഎപിസി സ്ഥാപിതമായതിനു ശേഷം ഒരു ഐഡിന്റിറ്റി ഉണ്ടായതായും ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍കെ പറഞ്ഞു.

സമൂഹത്തിന്റെ നന്മതിന്മകളെ തുറന്നുകാട്ടുന്നത് മാധ്യമങ്ങളാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ പേട്രണ്‍ റവ. വില്‍സന്‍ ജോസ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് തടസമുണ്ടാകുമ്പോള്‍ അത് ഒരു ജനതയുടെ സ്വാതന്ത്യത്തിന്റെ നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയ അദ്ദേഹം അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐഎപിസി യഥാര്‍ഥത്തില്‍ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നു ചെംബര്‍ ഓഫ് കൊമേഴ്‌­സ് ട്രഷറര്‍ കോശി ഉമ്മന്‍ പറഞ്ഞു.

സമൂഹത്തിനുവേണ്ടി മാധ്യമങ്ങള്‍ക്ക് വിപുലമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു വൈസ്‌­മെന്‍സ് ക്ലബ് നോര്‍ത്ത് അറ്റ്‌­ലാന്റിക്‌­സ് റിജീയണ്‍ പിആര്‍ഒ ഡോ. അലക്‌­സ് മാത്യു പറഞ്ഞു. മാധ്യമങ്ങളുടെ ഇന്നത്തെ കാലത്തെ പ്രസ്ക്തിയും ഐഎപിസിയുടെ പ്രസക്തിയും അദ്ദേഹം വിശദമാക്കി.

മാധ്യമരംഗവും മാധ്യമപ്രവര്‍ത്തകരും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ഐഎപിസിക്കു വളരെയേറെ പ്രസക്തിയുണ്ടെന്ന് ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം ബാബു യേശുദാസ് പറഞ്ഞു.പുതിയ ഭാരവാഹികള്‍ക്ക് ഐഎപിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കട്ടെയെന്ന് നാഷ്ണല്‍ കമ്മിറ്റി അംഗം തെരേസ ടോം ആശംസിച്ചു. മലയാളി ചെംബര്‍ ഓഫ് കൊമേഴ്‌­സ് സെക്രട്ടറി ജോസ് തെക്കേടം ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ട്രഷറര്‍ അനില്‍മാത്യു നന്ദി പറഞ്ഞു. ഒപ്പം ചടങ്ങ് പ്രൗഢഗംഭീകമാക്കിയ എല്ലാ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ജില്ലി സാമൂവേലും അരുണ്‍ ഗോപാലകൃഷ്ണനും എംസിമാരായിരുന്നു.


വാര്‍ത്ത: രാജു ചിറമണ്ണില്‍, കോരസണ്‍ വര്‍ഗീസ്.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code