Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുരിശുവരപ്പെരുന്നാള്‍ (ഡോ. ജോര്‍ജ് മരങ്ങോലി)

Picture

വലിയ നൊയമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന പ്രധാനപ്പെട്ട ഒരു ക്രിസ്തീയാനുഷ്ഠാനമാണ് കുരിശുവരപ്പെരുന്നാള്‍, അഥവാ വിഭൂതി തിരുനാള്‍. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ദിവസം "ആഷ് വെനസ്‌ഡേ' അല്ലെങ്കില്‍ "ക്ഷാരബുധനാഴ്ച' എന്നാണ് അറിയപ്പെടുന്നത്. അന്നേദിവസം വിശ്വാസികളെല്ലാവരും ദേവാലയത്തില്‍ പോയി അവരുടെ നെറ്റിയില്‍ "ചാരം'കൊണ്ട് കിരുശു വരയ്ക്കുന്ന ദിവസമാണ് ക്ഷാരബുധനാഴ്ച. ആറാം നൂറ്റാണ്ടിലുണ്ടായിരുന്ന റോമന്‍ കത്തോലിക്കരുടെ ഇടയിലാണ് ഈ ആചാരത്തിന്റെ തുടക്കമെങ്കിലും, നെറ്റിയില്‍ കുരിശുവരയ്ക്കുന്ന രീതി തുടങ്ങിയത് ഗ്രിഗോറി മാര്‍പാപ്പയുടെ (എ.ഡി 590 -604) കാലത്തായിരുന്നുവെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എളിമയുടേയും, സങ്കടത്തിന്റേയും, പശ്ചാത്താപത്തിന്റേയും, മരണത്തിന്റേയും അടയാളമായിട്ടാണ് ചാരം ഉപയോഗിക്കുന്നതെന്നാണ് പഴയ നിയമത്തില്‍ പറയപ്പെടുന്നത്. ആ ഒരു കാരണംകൊണ്ടുതന്നെ ക്രിസ്ത്യാനികള്‍ ഈ ആചാരം സ്വീകരിച്ചിട്ടുള്ളത് പഴയ നിയമത്തില്‍ നിന്നാണ്. മൃത്യുവിനേയും പശ്ചാത്താപത്തേയും അനുസ്മരിപ്പിക്കുന്ന ഒരു അനുഷ്ഠാനമെന്ന നിലയില്‍ നെറ്റിയില്‍ ചാരംപുരട്ടുന്ന രീതി പത്താം നൂറ്റാണ്ടില്‍ ആംഗ്ലോ -സാക്‌സണ്‍ ദേവാലയങ്ങളില്‍ നിലനിന്നിരുന്നുവത്രേ. പിന്നീട് 1091-ല്‍ നടന്ന ബെനവെന്റോ സൂനഹദോസ് ഈ ആചാരം സാര്‍വത്രികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ആദ്യമാദ്യം പശ്ചാത്താപത്തിന്റെ പ്രതീകമായി ചാരം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീടായപ്പോള്‍ പരസ്യമായി പാപമോചനം നല്‍കുവാനുള്ള ആധികാരിക അനുഷ്ഠാന ഘടകമായി അതു മാറി. അതിനുശേഷമാണ് അനുതാപജനിതമായ ഒരു നൊയമ്പുകാലത്തിന്റെ തുടക്കംകുറിക്കുവാനുള്ള ദിവസമായി ക്ഷാരബുധനാഴ്ച രൂപംപ്രാപിച്ചത്.

അമേരിക്കയിലെ ക്രിസ്ത്യാനികള്‍ ക്ഷാരബുധനാഴ്ച ആചരിക്കുന്നത് നാല്‍പ്പതു ദിവസത്തെ നൊയമ്പ് ദിവസത്തിന്റെ ആദ്യ ദിവസമായിട്ടാണ്. മറ്റൊരു വിഭാഗം ക്രിസ്ത്യാനികള്‍ക്ക് അന്നേദിവസം പ്രത്യേക ആചാരങ്ങളും അവരുടെ ദേവാലയങ്ങളിലുണ്ട്. കത്തോലിക്കാ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പുരോഹിതന്‍ ചാരംകൊണ്ട് നെറ്റിയില്‍ കുരിശു വരയ്ക്കുന്ന പതിവും ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. റോമന്‍ കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭക്കാര്‍, ലൂഥറന്‍ വിഭാഗക്കാര്‍, എപ്പിസ്‌കോപ്പല്‍മാര്‍ തുടങ്ങിയ വിശ്വാസികള്‍ പണ്ടു മുതല്‍ക്കെ ക്ഷാരബുധനാഴ്ച ആചരിച്ചിരുന്നതായി കാണപ്പെടുന്നു. 1990-കളിലാണ് മെത്തഡിസ്റ്റുകാരും പ്രസ്ബിറ്റേറിയന്‍കാരും ഈ ആചാരം നടത്താന്‍ തുടങ്ങിയത്. പ്രാര്‍ത്ഥനയും ഉപവാസവും വഴി യേശുക്രിസ്തുവിന്റെ പുനരുദ്ധാന ദിവസത്തിന് തയാറെടുക്കുന്നതിനും, മാമ്മോദീസയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ ഏറ്റുപറയുന്നതിനുമുള്ള ഒരു അനുഷ്ഠാനം എന്നതിലുപരി ആദ്ധ്യാത്മികമായ വലിയൊരു ഉണര്‍വ് കൂടിയാണ് ക്ഷാരബുധനാഴ്ച പ്രദാനം ചെയ്യുന്നത്.

പതിനേഴാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ലത്തീന്‍ സഭയുടെ സ്വാധീനം മൂലം കേരളത്തിലെ സീറോ മലബാര്‍ ദേവാലയങ്ങളിലും ക്ഷാരബുധനാഴ്ച ആചരിച്ചിരുന്നതായി കാണാം. എന്നാല്‍, എല്ലാ പൗരസ്ത്യ ക്രൈസ്തവ വിഭാഗക്കാരും അവരവരുടെ പാരമ്പര്യമനുസരിച്ചുള്ള ആചാരക്രമങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തതനുസരിച്ച് സീറോ മലബാര്‍ സഭ "ക്ഷാര തിങ്കളാഴ്ച' ആചരിക്കാന്‍ തുടങ്ങി. കേരള ക്രിസ്ത്യാനികള്‍ അമ്പത് നൊയമ്പ് എന്നാണ് വലിയ നോയമ്പിനെ വിളിക്കുന്നത്. വിഭൂതി തിരുനാളിനു മുമ്പുള്ള ഞായറാഴ്ച "പേത്തറത്ത'യോടുകൂടി വലിയ നൊയമ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. പേത്തറത്ത മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങള്‍ അമ്പത് ആയതിനാലാണ് കേരള കത്തോലിക്കര്‍ക്ക് അമ്പത് ദിവസത്തെ നൊയമ്പുണ്ടായത്.

എന്നാല്‍, ലത്തീന്‍ സഭകളുടെ രീതിയനുസരിച്ച് നൊയമ്പിന്റെ വ്രതകാലം നാല്‍പ്പത് ദിവസങ്ങളാണ് (ഞായറാഴ്ച കണക്കാക്കാറില്ല). ക്ഷാരബുധനാഴ്ച മുതലുള്ള ആഴ്ചയില്‍ നാലുദിവസവും, പിന്നീടുള്ള ആറ് ആഴ്ചകളില്‍ ആറു ദിവസം വീതം മുപ്പത്താറ് ദിവസങ്ങള്‍ കൂട്ടി മൊത്തം നാല്‍പ്പതു ദിവസത്തെ നൊയമ്പാണ് ഇവര്‍ക്കുള്ളത്.

വ്രതശുദ്ധിയോടുകൂടിയ ഒരു നൊയമ്പുകാലത്തിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം, പരിശ്രമിക്കാം.

ഡോ. ജോര്‍ജ് മരങ്ങോലി
(drmarangoly@gmail.com)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code