Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വരയുടെ ലോകത്ത് വിസ്മയംതീര്‍ത്ത് റോസ് മരിയ വരയ്ക്കുകയാണ്

Picture


 രാജാക്കാട്: ചിത്രകലയുടെ ലോകത്ത് വിസ്മയം തീര്‍ക്കുകയാണ് റോസ്മരിയ. ജന്മസിദ്ധമായി കിട്ടിയ തന്റെ കഴിവുകൊണ്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ മൂവായിരത്തിലധികം ചിത്രങ്ങളാണ് ഈ പതിനൊന്നു വയസുകാരി വരച്ചുതീര്‍ത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതടക്കം നിരവധി പ്രമുഖരുടെ ചിത്രം വരച്ച് ഇവര്‍ക്ക് നേരിട്ട് എത്തിച്ചുനല്‍കിയിട്ടുമുണ്ട്. പൊന്മുടി അമ്പഴത്തിനാല്‍ സെബാസ്റ്റ്യന്റെയും ഷേര്‍ലിയുടെയും ഇളയ മകളാണ് രാജാക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ റോസ്മരിയ. മൂന്നാംക്ലാസ് മുതലാണ് റോസ്മരിയ വരയുടെ ലോകത്ത് സജീവമാകുന്നത്. പ്രകൃതിയും പൂക്കളും പൂമ്പാറ്റയുമെല്ലാം കൂട്ടുകാരായ റോസ് മരിയയ്ക്ക് വരയുടെ ലോകത്തും ഇവയ്ക്ക് ജീവന്‍ നല്‍കുവാന്‍ കഴിയുന്നുണ്ട്.

പതിനൊന്നാം വയസില്‍ സമൂഹത്തിലെ അരാജകത്വങ്ങള്‍ക്കെതിരെയും റോസ്മരിയ തന്റെ ചിത്രങ്ങളിലൂടെ പ്രതികരിക്കുകകൂടി ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

ഇതിനുദാഹരണമാണ് കുഞ്ഞു ഷെഫീക്കിന്റെ അമ്മയെന്ന സങ്കല്‍പത്തെ പ്രമേയമാക്കി വരച്ച ചിത്രം. ഇത്തരത്തില്‍ ആനുകാലികമായി ഉണ്ടാകുന്ന ഓരോ സംഭങ്ങളിലും ഈ പതിനൊന്നുകാരി തന്റെ പ്രതിഷേധവും പ്രതികരണങ്ങളും വര്‍ണങ്ങളിലൂടെ രേഖപ്പെടുത്തുകയാണ്. ചെറുപ്പംമുതല്‍ പേപ്പറും പെന്‍സിലും കൂട്ടുകാരായ റോസ്മരിയ ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും ഫേബ്രിക് പെയിന്റിംഗ്, ഓയില്‍ പെയിന്റിംഗ്, വാട്ടര്‍കളര്‍, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയില്‍ തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. പ്രകൃതിയുടെയും മറ്റും ചിത്രങ്ങള്‍ വരയ്ക്കുന്നതിനൊപ്പം പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങളും വരയ്ക്കുന്നത് റോസ് മരിയയ്ക്ക് ഏറെ ഇഷ്ടമാണ്. ഇത്തരത്തില്‍ ഇവ വരച്ച് തന്റെ പെട്ടിയില്‍ സൂക്ഷിക്കുക മാത്രമല്ല ഇവരെ നേരില്‍കണ്ട് തന്റെ സ്‌നേഹസമ്മാനമായി ചിത്രങ്ങള്‍ നല്‍കുകയും ചെയ്യും.

മുന്‍ മുഖ്യമന്ത്രി മുമ്പ് പാറത്തോട്ടില്‍ എത്തിയപ്പോള്‍ താന്‍ വരച്ച ചിത്രം അദ്ദേഹത്തിന് നല്‍കുകയുംചെയ്തു. കഴിഞ്ഞദിവസം സ്വന്തം സ്‌കൂളില്‍ ഉദ്ഘാടന പരിപാടിക്കെത്തിയ ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണിയുടെ ചിത്രവും വരച്ച് അദ്ദേഹത്തിന് വേദിയില്‍ വച്ചുനല്‍കി. സ്വന്തം ചിത്രം മനോഹരമായി വരച്ചുനല്‍കിയ റോസ്മരിയക്ക് പോക്കറ്റില്‍നിന്നും ആയിരം രൂപ സമ്മാനമായി എംഎല്‍എ നല്‍കുകയും ചെയ്തു.

ഇത്തരത്തില്‍ വരയില്‍ വിസ്മയം തീര്‍ക്കുന്നതിനൊപ്പം ഡാന്‍സിലും മികച്ച പ്രകടനം കാഴ്ചവച്ച് മന്നേറുകയാണ് ഈ കൊച്ചുമിടുക്കി. ഭരതനാട്യവും മോഹിനിയാട്ടവും നാടോടി നൃത്തത്തിലുമടക്കം കലോത്സവ വേദികളില്‍ നിരവധി സമ്മാനങ്ങള്‍ ഇതിനോടകംതന്നെ വാരിക്കൂട്ടിയിട്ടുമുണ്ട്.

(ദീപിക)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code