കണക്കുകൂട്ടുന്നു നാമെത്രയോ കാര്യങ്ങളില്‍
കുറിക്കുകൊള്ളുന്നതു കേവലം വിരളവും!
മനുഷ്യമനസ്സല്ലേ, വെറുതെയിരിയ്ക്കുമോ
മറക്കാതോരോ മനക്കോട്ടകെട്ടുന്നു നിത്യം!
മനസ്സിന് തലത്തില്‍ നാമെഴുതും കണക്കുകള്‍
മറക്കാതൊന്നൊന്നായി കൂട്ടിക്കൊണ്ടിരിക്കുന്നു!
ഫലിക്കാം ചിലതെല്ലാം ഫലിക്കാതിരുന്നിടാം
ഫലിക്കുന്നതുമഹാഭാഗ്യത്താലദ്ധ്വാനത്താല്
നെഞ്ചില്‍ നാം താലോലിക്കും മോഹന പ്രതീക്ഷകള്‍
നിറവേറിടാം നിറ,വേറിടാതിരുന്നിടാം!
ആശകള്‍ പെരുകുമ്പോള്‍ പെരുകും പ്രതീക്ഷയും
ആശകള്‍ നിയന്ത്രിച്ചാല്‍ നൈരാശ്യമൊഴിവാക്കാം!
ദീക്ഷപോല് പ്രതീക്ഷകള്‍ വളരാന്‍ തുടങ്ങിയാല്‍
തീക്ഷമാം പ്രയത്നവും ചെയ്യണമതോടൊപ്പം!
അല്ലെങ്കില്‍ നനയ്ക്കാത്ത ചെടിപോലതു വാടം
അടര്ന്നുവീഴാമതില് വിരിയും പൂമൊട്ടുകള്‍!
വിണ്ണോളം പ്രതീക്ഷിച്ചാല്‍ കുന്നോളം ലഭിച്ചിടാം
വിശ്വസിക്കുന്നു സര്‍വ്വലോകരും കാലങ്ങളായ്!
അര്ഹിക്കുന്നതുമാത്രമാശിച്ചാല് കണക്കിട്ടാല്‍
അതിനാല്‍ നിരാശപ്പെടേണ്ടതായ് വരില്ലല്ലോ!
Comments