കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ 56 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 159/1 എന്ന ശക്തമായ നിലയിലാണ്. 64 റണ്‍സോടെ മുരളി വിജയിയും 50 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. 38 റണ്‍സ് നേടിയ കെ.എല്‍.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒന്‍പത് വിക്കറ്റ് ശേഷിക്കേ ഇന്ത്യയ്ക്ക് 215 റണ്‍സ് ലീഡ് നിലവിലുണ്ട്.
നേരത്തെ 152/1 എന്ന ശക്തമായ നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കി. 262 റണ്‍സിന് സന്ദര്‍ശകരുടെ ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 318 റണ്‍സിന് പുറത്തായിരുന്നു.
അര്‍ധ സെഞ്ചുറികളോടെ ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 75 റണ്‍സിനും ഓപ്പണര്‍ ടോം ലാതം 58 റണ്‍സിന് പുറത്തായ ശേഷം കിവീസ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല. മധ്യനിരയില്‍ ലൂക്ക് റോഞ്ചി (38), മിച്ചല്‍ സാറ്റ്നര്‍ (32), ബി.ജെ.വാട്ലിംഗ് (21) എന്നിവര്‍ക്ക് തുടക്കം ലഭിച്ചെങ്കിലും ദീര്‍ഘനേരം ക്രീസില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല.
അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും നാല് വിക്കറ്റ് നേടിയ ആര്.അശ്വിനുമാണ് കിവീസിനെ തകര്‍ത്തത്. ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ വിക്കറ്റ് രണ്ടാം ദിനം തന്നെ ഉമേഷ് യാദവ് നേടിയിരുന്നു.
(ദീപിക)
Comments